തണ്ടര്‍ബോള്‍ട്ട് കൊന്നുതള്ളിയത് കീഴടങ്ങാനെത്തിയവരെ: ബന്ധുക്കള്‍
അത്താണി(തൃശൂര്‍): അട്ടപ്പാടിയില്‍ കേരള പൊലിസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗം കൊന്ന് തള്ളിയത് നിസ്സഹായരായ മനുഷ്യജീവിതങ്ങളെയാണെന്നും മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി മനുഷ്യാവകാശ ലംഘനം മറയ്ക്കാന്‍ പൊലിസും സര്‍ക്കാരും ശ്രമിക്കുകയാണെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്ത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പൊലിസ് വെളിപ്പെടുത്തിയ കാര്‍ത്തിയുടെ മാതാവ് മീന (75),സഹോദരി വാസന്തി,സഹോദരന്‍ മുരുകേശന്‍, മണിവാസക(അപ്പു)ന്റെ സഹോദരി ലക്ഷ്മി, മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന, മകള്‍ സഫറ, ഗ്രോ വാസു, ടി.കെ വാസു, പി.ജെ മോന്‍സി, മുണ്ടൂര്‍ രാവുണ്ണി എന്നിവരാണ് ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറി പരിസരത്തെത്തിയത്.
മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറി പരിസരം ഇന്നലെ കാലത്ത് മുതല്‍ കനത്ത പൊലിസ് സുരക്ഷാവലയത്തിലായിരുന്നെങ്കിലും പ്രതിഷേധം പലപ്പോഴും അണപൊട്ടി. കീഴടങ്ങാന്‍ അട്ടപ്പാടിയിലെത്തിയപ്പോഴാണ് തണ്ടര്‍ബോള്‍ട്ട് ഇവരെ കൊന്നു തള്ളിയത്. ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. മൃതദേഹങ്ങള്‍ ബന്ധുക്കളെ കാണിക്കണമെന്ന ചട്ടം വരെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. അതു കൊണ്ടു തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അംഗീകരിക്കില്ല.നിയമ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് റീപോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഇതിന് വേണ്ടി പാലക്കാട് ജില്ലാ കലക്ടര്‍ക്കും ഒറ്റപ്പാലം ആര്‍.ഡി.ഒക്കും നിവേദനം നല്‍കിയതായും ബന്ധുക്കളും നേതാക്കളും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."