കേന്ദ്രമന്ത്രിയെ കൂസാത്ത യതീഷ് ചന്ദ്ര ഇന്നത്തെ ദിവസം വൈറല്‍; പിണറായി 'തെരുവുഗുണ്ട'യെന്നു വിളിച്ച അന്നൊരുനാള്‍ സംഘ്പരിവാര്‍ ഏറ്റെടുത്തു
ശബരിമല ക്രമസമാധാന പ്രശ്‌നത്തില്‍ നിലയ്ക്കലിന്റെ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനു മുന്നില്‍ കൂസാതെ കാര്യം പറഞ്ഞതോടെയാണ് വീഡിയോ വൈറലായത്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് എന്തുകൊണ്ടാണ് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തതെന്നായിരുന്നു പൊന്‍ രാധാകൃഷ്ണന്റെ ചോദ്യം.
പമ്പയില്‍ പാര്‍ക്കിങിന് സൗകര്യമില്ലെന്നും കെ.എസ്.ആര്‍.ടി.സി ബസ് മാത്രമേ കടത്തിവിടൂയെന്നും യതീഷ് ചന്ദ്ര മറുപടി നല്‍കി. എന്നാല്‍ ഇതിനു സമ്മതിക്കാതെ വന്നതോടെ, ഗതാഗത പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെങ്കില്‍ വാഹനങ്ങള്‍ വിടാമെന്ന് എസ്.പി മറുപടി നല്‍കി.
വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ്
ഇതോടെ പിന്തിരിഞ്ഞെങ്കിലും കൂടെയുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ദേഷ്യപ്പെട്ടു. 'നിങ്ങളെന്താ കേന്ദ്ര മന്ത്രിയോട് ചൂടാകുകയാണോ? ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം' എന്നായി രാധാകൃഷ്ണന്‍. ഇതോടെ എസ്.പി രാധാകൃഷ്ണന്റെ നേരെ മുമ്പില്‍ വന്നുനിന്നു. 'എന്താ നോക്കിപേടിപ്പിക്കുകയാണോ' എന്ന് രാധാകൃഷ്ണന്‍ ചോദിക്കുകയും ചെയ്തു. ഇതോടെ വീണ്ടും പൊന്‍ രാധാകൃഷ്ണനിലേക്കു തിരഞ്ഞ എസ്.പി നിങ്ങള്‍ ഉത്തരവിട്ടാല്‍ ചെയ്യാമെന്നു പറഞ്ഞു. പക്ഷെ, ഉത്തരവിടാന്‍ തനിക്ക് അധികാരമില്ലെന്ന് അദ്ദേഹം സമ്മതിച്ചു. അധികാരമുള്ളവര്‍ ഉത്തരവിട്ടതുകൊണ്ടാന്‍ ഞാന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് എസ്.പിയും മറുപടി പറഞ്ഞതോടെ മന്ത്രി പിന്മാറി.
ഇന്ന് സംഘ്പരിവാറിന് നല്ല കൊട്ട്‌കൊടുത്ത യതീഷ് ചന്ദ്രയെ ഒരിക്കല്‍ സംഘ്പരിവാരും കൊണ്ടാടിയിരുന്നു. സുദര്‍ശനം എന്ന സംഘ് ഫെയ്‌സ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച പോസ്റ്റ് ഇങ്ങനെ:
മൂന്നുവര്‍ഷം (2015 മാര്‍ച്ച് 16ന്) മുന്‍പ് അങ്കമാലിയില്‍ ഇടതുപക്ഷത്തിന്റെ വഴിതടയല്‍ സമരം അടിച്ചമര്‍ത്തിയതായിരുന്നു സംഭവം. അന്ന് സി.പി.എം നേതാക്കളെ വരെ തെരുവിലിട്ട് കൈകാര്യം ചെയ്ത് കൈയ്യടിയും വിമര്‍ശനവും ഒരുപോലെ ഈ പൊലിസുകാരന്‍ ഏറ്റുവാങ്ങി. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് തെരുവുഗുണ്ടയെന്നാണ് യതീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്. ഭ്രാന്തന്‍ നായയെപ്പോലെയാണെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനും പറഞ്ഞു.
പിന്നീട് പുതുവൈപ്പിനില്‍ സമരക്കാരെ അടിച്ചോടിക്കുന്നതാണ് കണ്ടത്. 2015 ല്‍ എതിര്‍ത്ത സഖാക്കള്‍ക്ക് ഇതേ യതീഷ് ചന്ദ്രയെ ന്യായീകരിക്കേണ്ട ഉത്തരവാദിത്തമായി. കൊച്ചുകുഞ്ഞുങ്ങളേയും സ്ത്രീകളെയും അടിച്ചോടിച്ച് നേരിട്ട് ഇറങ്ങിയായിരുന്നു സമരക്കാരെ ഒതുക്കിയത്.
മാതാപിതാക്കള്‍ക്കൊപ്പം സമരത്തിനെത്തിയ തന്നെയും സഹോദരന്‍ ആല്‍ഫിനെയും പൊലിസ് തല്ലിയെന്ന് തെളിവെടുപ്പിനിടെ കമ്മിഷനു മുന്നില്‍ ഒരു പിഞ്ചു കുഞ്ഞ് പറഞ്ഞു. തല്ലിയോ... ങേ... ഞാനോ എന്ന് ചിരിച്ചു കൊണ്ട് യതീഷ് ചന്ദ്ര ചോദിച്ചു. ആ ആ തല്ലി.. എന്ന് അലന്‍ വീണ്ടും തല കുലുക്കി ഉറപ്പിച്ചു. നിന്റെ പേരെന്താ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ അലന്‍ എന്ന് മറുപടി പറഞ്ഞ് കുട്ടി ഉറച്ചു നിന്നു. പൊലിസ് നടപടിക്ക് നേരിട്ടിറങ്ങി നേതൃത്വം കൊടുത്ത യതീഷ് ചന്ദ്രയ്ക്ക് നിശബ്ദനാകാനേ കഴിഞ്ഞുള്ളൂ.
[caption id="attachment_655564" align="aligncenter" width="630"] അലന്‍ കമ്മിഷനു മുന്‍പാകെ സംഭവം വിസ്തരിക്കുന്നു- ചിത്രം കടപ്പാട്: മാതൃഭൂമി[/caption]
അധികമാര്‍ക്കും ഈ യുവ ഐ.പി.എസുകാരന്റെ ചരിത്രത്തെ കുറിച്ച് അറിവുണ്ടാകില്ല. 2011 ലെ കേരള കേഡര്‍ ഐ.പി.എസ് ബാച്ചുകാരന്‍. ഇലട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദധാരി. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ വന്‍ശമ്പളത്തിന് ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് കരസ്ഥമാക്കാന്‍ യതീഷ്ചന്ദ്ര ഒരു ശ്രമം നടത്തുന്നത്.
കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് സ്വദേശം. ഹൈദരാബാദ് വല്ലഭായി പട്ടേല്‍ പൊലിസ് അക്കാദമിയില്‍ ഐ.പി.എസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."