ചാരപ്പണി: യു.കെ വിദ്യാര്‍ഥിക്ക് യു.എ.ഇയില്‍ ജീവപര്യന്തം തടവുശിക്ഷ, തങ്ങളുടെ സഖ്യരാജ്യത്തു നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്ന് ബ്രിട്ടണ്‍
അബുദാബി: അതീവ സുരക്ഷാ വിവരങ്ങള്‍ വിദേശികള്‍ക്ക് കൈമാറിയെന്ന കുറ്റത്തിന് യു.കെ വിദ്യാര്‍ഥിക്ക് യു.എ.ഇയില്‍ ജീവപര്യന്തം തടവുശിക്ഷ. അബുദാബി ഫെഡറല്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ ആണ് മാത്യൂ ഹെഡ്ഗസ് എന്ന വിദ്യാര്‍ഥിക്കെതിരെ ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.
''അഞ്ചു മിനിറ്റിനുള്ളില്‍ വാദം കേള്‍ക്കല്‍ അവസാനിച്ചു. അവന്റെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല. ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്''- വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ പറഞ്ഞു.
31 കാരനായ മാത്യു ദുര്‍ഹാം യൂനിവേഴ്‌സിറ്റി പി.എച്ച്.ഡി വിദ്യാര്‍ഥിയാണ്. രണ്ടാഴ്ചത്തെ ഗവേഷണ സന്ദര്‍ശനത്തിനു വന്ന മാത്യുവിനെ മെയ് അഞ്ചിനാണ് ദുബായ് എയര്‍പോര്‍ട്ടില്‍ പിടികൂടിയത്.
2011 അറബ് വിപ്ലവത്തിനു ശേഷം യു.എ.ഇയുടെ വിദേശ, ആഭ്യന്തര സുരക്ഷാ നയങ്ങളെപ്പറ്റി ഗവേഷണം നടത്തിയെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ഒക്ടോബറിലാണ് മാത്യുവിനെതിരെ ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്.
''ഞാന്‍ ഞെട്ടിയിരിക്കുകയാണ്. എനിക്കെന്ത് ചെയ്യണമെന്നറിയില്ല. മാത്യു നിഷ്‌കളങ്കനാണ്''- ഭാര്യ ഡാനീല തെജാഡ പറഞ്ഞു. അവര്‍ കോടതിമുറിയില്‍ എത്തിയിരുന്നു.
സംഭവം വളരെ ഞെട്ടിക്കുന്നതാണെന്ന പ്രതികരണമാണ് ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജെറേമി ഹണ്ട് പ്രതികരിച്ചത്. തങ്ങളുടെ സഖ്യകക്ഷിയില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തും വിശ്വസ്ത പങ്കാളിയുമായ യു.എ.ഇയില്‍ നിന്ന് ഇന്നത്തെ വിധി പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍- എമിറാത്തിയുടെ ജീവപര്യന്തം 25 വര്‍ഷത്തെ തടവാണ്. അതിനുശേഷം നാടുകടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."