കേന്ദ്രീകൃത ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതി; സര്‍ക്കാര്‍ ഗൃഹപാഠം ചെയ്തില്ലെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് കേന്ദ്രീകൃത ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് പ്രതിപക്ഷം നിയമസഭയില്‍. മുന്‍സിപ്പാലിറ്റികളില്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യത്തിന് സ്റ്റാഫ് പോലും ലഭ്യമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കേരള മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലിന്റെ ചര്‍ച്ചയിലാണ് പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മാലിന്യനിര്‍മാര്‍ജനത്തിനായി വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് പദ്ധതി നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഇതു പരിഹരിച്ചുവേണം പദ്ധതി മുന്നോട്ടുകൊണ്ടുപോകാനെന്നും പ്രതിപക്ഷ എം.എല്‍.എമാരായ പി. ഉബൈദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, എം.സി ഖമറുദ്ദീന്‍
വി.ഡി സതീശന്‍ എന്നിവര്‍ വ്യക്തമാക്കി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ കൈകടത്തി ഭൂമി കവര്‍ന്നടുക്കുന്ന പദ്ധതി വികേന്ദ്രീകരണത്തിന് എതിരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രീകൃത ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കാനുള്ള നിയമ ഭേദഗതി അധികാരം കവരുന്നതല്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ മറുപടി പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളെ സഹായിക്കാനാണിത്. ഏഴു ജില്ലകളില്‍ നടപ്പാക്കുന്ന 'വേസ്റ്റ് ടു എനര്‍ജി' പ്ലാന്റുകള്‍ക്ക് ഭൂമി ഏറ്റെടുക്കാനാണ് നിയമ ഭേദഗതി. മറ്റ് ആവശ്യങ്ങള്‍ക്ക് ഈ നിയമ ഭേദഗതി പ്രകാരം ഭൂമി ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. തദ്ദേശഭരണ വകുപ്പില്‍ ഏകീകൃത സര്‍വിസ് നടപ്പാക്കുന്നത് അധികാര വികേന്ദ്രീകരണത്തിന് ശക്തി പകരുന്നത് ജനങ്ങള്‍ക്ക് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള 'വേസ്റ്റ് ടു എനര്‍ജി' പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."