കുഴല്‍ക്കിണറുകളില്‍ ഒടുങ്ങുന്ന കുഞ്ഞുജന്മങ്ങള്‍
തിരുച്ചിറപള്ളിയിലെ കുഴല്‍ക്കിണറില്‍വീണ രണ്ടു വയസ്സുകാരന്‍ സുജിത് വില്‍സണ്‍ അവസാനം മരണത്തിന് കീഴടങ്ങിയ വാര്‍ത്ത നെഞ്ചുരുക്കത്തോടെ മാത്രമായിരിക്കും ഏതൊരു മനുഷ്യസ്‌നേഹിയും കേട്ടിട്ടുണ്ടാവുക. അവന്‍ തിരിച്ചുവരുമെന്ന് അവന്റെ അമ്മയെപ്പോലെ മറ്റെല്ലാവരും പ്രതീക്ഷിച്ചു. അത്രമേല്‍ രക്ഷാദൗത്യ സന്നാഹങ്ങളായിരുന്നു സുജിതിനെ കുഴല്‍ക്കിണറില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരുക്കിയിരുന്നത്.
കുട്ടിയെ രക്ഷിക്കാന്‍ നടത്തിയ സമാന്തര തുരങ്കനിര്‍മാണം ഉദ്ദേശിച്ച ഫലംകണ്ടില്ലെന്ന് മാത്രമല്ല അതുവരെ 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുഞ്ഞ് 88 അടി താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു. 65 അടി താഴ്ചയില്‍നിന്ന് ഒരടിപോലും തുരങ്കം നിര്‍മിക്കാന്‍ രക്ഷാദൗത്യ സംഘത്തിന് കഴിഞ്ഞതുമില്ല. ഇങ്ങനെ 82 മണിക്കൂറാണ് രക്ഷാദൗത്യത്തിനായി ചെലവഴിച്ചത്. അതിനുമാത്രം കഠിനമായിരുന്നു സമാന്തര തുരങ്കം കുഴിക്കാന്‍ തിരഞ്ഞെടുത്ത പാറമട. ഇത്തരം രക്ഷാദൗത്യങ്ങള്‍ എന്ത്മാത്രം അശാസ്ത്രീയവും അപരിഷ്‌കൃതവുമാണെന്ന് ഇതില്‍നിന്നുംതന്നെ മനസ്സിലാകുന്നുണ്ട്. കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നത് ഭൂഗര്‍ഭജലത്തിന്റെ സാന്നിധ്യം പരിശോധിച്ച് ഉറപ്പ് വരുത്തിയാണ്. നൂറ് സെന്റിമീറ്റര്‍ വ്യാസവും നാനൂറ് അടിവരെ താഴ്ചയും ഉണ്ടാകുന്ന കുഴല്‍കിണറുകള്‍ അപകടകാരികളാണ്. എന്നാല്‍ കിണറുകള്‍ക്ക് ചുറ്റും അതേപോലുള്ള സ്ഥലമുണ്ടായിക്കൊള്ളണമെന്നില്ല. ചുറ്റും കനത്തപാറക്കൂട്ടങ്ങള്‍ തന്നെയായിരിക്കാം. അതൊന്നും പരിശോധിക്കാതെ കുഴല്‍കിണറുകള്‍ക്കരികില്‍ നിര്‍മിക്കുന്ന തുരങ്കങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നത് ഇതിനാലാണ്. അശാസ്ത്രീയമായ തുരങ്കനിര്‍മാണമാണ് 25 അടിയില്‍ തങ്ങിനിന്നിരുന്ന കുഞ്ഞിനെ 88 അടി താഴ്ചയിലേക്ക് എത്തിച്ചത്. പിന്നീട് അവനെ രക്ഷിക്കുക എന്നത് ദുഷ്‌കരമായിത്തീരുകയും ചെയ്തു. വളരെ അപൂര്‍വമായി മാത്രമേ തുരങ്കം വഴിയുള്ള അപകടങ്ങളില്‍നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ.
ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഇതേപോലെ കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ മൂന്ന് മണിക്കൂറിനുള്ളില്‍ അവര്‍ രക്ഷപ്പെടുത്തി. സമീപത്ത് തുരങ്കം നിര്‍മിച്ചുകൊണ്ടായിരുന്നില്ല ആ രക്ഷാപ്രവര്‍ത്തനം. ആധുനിക ടെക്‌നോളജി ഉപയോഗിച്ചായിരുന്നു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ടെക്‌നോളജിയുടെ വികാസത്തില്‍ ചൈന തന്നെയാണ് മുന്നില്‍നില്‍ക്കുന്നത്. നമുക്ക് ഇത്തരം സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ ചൈനയില്‍നിന്നും അത്തരം ഉപകരണങ്ങള്‍ വാങ്ങിയെങ്കിലും കുഴല്‍ക്കിണറുകളില്‍ വീഴുന്ന കുഞ്ഞുങ്ങളെ രക്ഷിക്കുവാനുള്ള സംവിധാനം ഒരുക്കേണ്ടതാണ്. ചന്ദ്രനില്‍ ഒരുപക്ഷെ മനുഷ്യന് പോകാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ കുഴല്‍കിണറുകളില്‍ വീഴുന്ന കുട്ടികളെ പുറത്തെടുക്കാനുള്ള സാങ്കേതികവിദ്യ നമുക്കില്ലെന്ന് സമ്മതിച്ചത് തിരുച്ചിറപ്പള്ളിയില്‍ രക്ഷാദൗത്യത്തിന് നേതൃത്വം വഹിച്ച ഉന്നതോദ്യോഗസ്ഥന്‍ തന്നെയായിരുന്നു.
മൃതശരീരത്തിന്റെ പലഭാഗങ്ങളായിട്ടാണ് സുജിതിനെ പുറത്തെടുത്തത്. അശാസ്ത്രീയ കുഴല്‍ക്കിണര്‍ നിര്‍മാണങ്ങളും ഉപയോഗശൂന്യമായാല്‍ അവ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും തമിഴ്‌നാട്ടില്‍ വ്യാപകമാണ്. കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന തമിഴ്‌നാട്ടില്‍ കുഴല്‍കിണര്‍ മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വേണ്ടത്ര പരിശോധനകളോ സര്‍വേ നടത്തിയോ അല്ല വയലുകളിലും തോട്ടങ്ങളിലും കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത്. ഭൂഗര്‍ഭജലവകുപ്പിന്റെ അനുമതിവാങ്ങി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂഗര്‍ഭജലവകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥലത്ത് വന്ന് സ്ഥലം പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഇവിടങ്ങളില്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നത്.
കളിക്കാന്‍പോകുന്ന നിര്‍ധനരായ കുട്ടികളാണ് പലപ്പോഴും ഇത്തരം കിണറുകളില്‍ വീഴുന്നതും. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ പതിമൂന്നിലധികം കുഞ്ഞുങ്ങളാണ് തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറുകളില്‍വീണു മരണമടഞ്ഞത്. കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നതിനും ഉപയോഗശൂന്യമായ കിണറുകള്‍ മൂടേണ്ടുന്നതിനെ സംബന്ധിച്ചും സുപ്രിംകോടതി 2010ല്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതാണ്. പക്ഷെ അതാരും പാലിക്കാറില്ല.
തിരുച്ചിറപ്പള്ളിയിലെ കുഴല്‍ കിണര്‍ ദുരന്തത്തെതുടര്‍ന്ന് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജിയും സമര്‍പ്പിക്കപ്പെടുകയുണ്ടായി. തിരുച്ചിറപ്പള്ളിയിലേതുപോലുള്ള സംഭവങ്ങള്‍ മേലിലെങ്കിലും ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ മുഖ്യആവശ്യം. സുജിതിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ഹരജിയിലെ ആവശ്യമാണ്. ആവശ്യമായ സമയം ലഭിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ മാന്ദ്യം കുഞ്ഞിന്റെ ജീവന്‍ അപഹരിക്കാന്‍ കാരണമായെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ട് രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഒരാള്‍ മരിക്കണമോ നിങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ എന്ന് വരെ കോടതി ചോദിക്കുകയുണ്ടായി.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും സത്വരനടപടികളാണ് ഉണ്ടാകേണ്ടിയിരിക്കുന്നത്. തിരുച്ചിറപ്പള്ളി ദുരന്തത്തിന്റെ പശ്ചാതലത്തില്‍ ഉപയോഗശൂന്യമായ കുഴല്‍ കിണറുകള്‍ മൂടിക്കളയുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്. ഓരോ പരിഹാര നടപടികള്‍ക്കും ദുരന്തങ്ങള്‍ ഉണ്ടാകണമെന്ന് ശഠിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനും ഭരണകൂടത്തിനും ഒരിക്കലും യോജിച്ചതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."