ഗൗരി ലങ്കേഷിന്റെ പ്രസാധകന് നരസിംഹമൂര്‍ത്തി രാജ്യദ്രോഹ കേസില്‍ അറസ്റ്റില്‍
ബംഗളൂരു: സംഘ്പരിവാര്‍ അക്രമികള്‍ വെടിവച്ചുകൊന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ പ്രസാധകനും സാമൂഹികപ്രവര്‍ത്തകനുമായ ദോദ്ധിപല്യ നരസിംഹമൂര്‍ത്തിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 25 വര്‍ഷം മുന്‍പുള്ള കേസുകളിലാണ് റെയ്ച്ചൂര്‍ പൊലിസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെത്തുടര്‍ന്ന് സ്ഥാപിച്ച ഗൗരി മീഡിയ ട്രസ്റ്റിന്റെ സെക്രട്ടറിയായ നരസിംഹമൂര്‍ത്തി, എ.എ.പി സ്ഥാപകനേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായ യോഗേന്ദ്രയാദവിന്റെ സ്വരാജ് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമാണ്.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കടുത്ത കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. ആയുധനിയമം, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍ നിയമം, ഐ.പി.സി നിയമം എന്നിവ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി റെയ്ച്ചൂര്‍ ജില്ലാ പൊലിസ് മേധാവി സി.ബി വേദമൂര്‍ത്തി പറഞ്ഞു. വെള്ളിയാഴ്ച അറസ്റ്റ്ചെയ്ത നിരസിംഹമൂര്ത്തിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തു.
നരസിംഹമൂര്‍ത്തി മുന്‍ നക്സലൈറ്റ് ആണെന്നും 1994 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ 25 വര്‍ഷമായി ഇദ്ദേഹത്തിനു വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്നും പൊലിസ് അവകാശപ്പെട്ടു. എന്നാല്‍, റെയ്ച്ചൂരിലെയും സമീപ സ്ഥലങ്ങളിലെയും സാമൂഹിക, പൗരാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇദ്ദേഹം ഇക്കാലത്ത് വിവിധ പൊതുപരിപാടികളിലും വാര്‍ത്താസമ്മേളനങ്ങളിലും പങ്കെടുക്കാറുണ്ടെന്നും പൊലിസ് ഭാഷ്യം തെറ്റാണെന്നും നരസിംഹമൂര്‍ത്തിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. അദ്ദേഹത്തിന് നിയമസഹായം നല്‍കുമെന്ന് യോഗേന്ദ്രയാദവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."