പാകിസ്താനുള്ള സഹായം അമേരിക്ക റദ്ദാക്കി
വാഷിങ്ടണ്‍: പാകിസ്താനുള്ള 1.66 ബില്യന്‍ ഡോളറിന്റെ സുരക്ഷാസഹായം അമേരിക്ക റദ്ദാക്കി. തീവ്രവാദത്തിനെതിരേയുള്ള നടപടിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും തമ്മില്‍ നടന്ന വാക്‌പോരിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി.
പാകിസ്താനുള്ള 1.66 ബില്യന്‍ ഡോളറിന്റെ സുരക്ഷാസഹായം റദ്ദാക്കിയെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ റേബ് മാനങ് പറഞ്ഞു. നടപടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ജനുവരി മുതല്‍ ആരംഭിച്ച സഹായമാണ് റദ്ദാക്കിയിരിക്കുന്നതെന്നും തീവ്രവാദവുമായി ബന്ധപ്പെട്ടു പാകിസ്താന്റെ നടപടികളിലെ ആശങ്കയാണ് ഇതു സൂചിപ്പിക്കുന്നതെന്നും അഫ്ഗാന്‍, പാകിസ്താന്‍, മധ്യ ഏഷ്യ എന്നിവിടങ്ങളിലെ യു.എസ് പ്രതിരോധ മന്ത്രാലയം മുന്‍ സെക്രട്ടറി ഡേവിഡ് സിഡ്‌നി പറഞ്ഞു.
തീവ്രാവദത്തോടു സഹകരിക്കുന്നുവെന്ന യു.എസിന്റെ ഉത്കണ്ഠ സംബന്ധിച്ചു ഗൗരവപരമായ ഒരു നടപടിയും പാകിസ്താന്‍ സ്വീകരിച്ചിട്ടില്ല. അയല്‍ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളെ അവര്‍ സഹായിക്കുകയാണ്. തീവ്രവാദവുമായി ബന്ധപ്പെട്ടു പാക് ജനത അനുഭവിച്ച പ്രയാസങ്ങളെ നിരാകരിക്കുന്നില്ല. മറ്റുള്ളവര്‍ക്കും പ്രയാസമുണ്ടാകുന്നതു തടയാനാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍വച്ച് ഉസാമ ബിന്‍ലാദനെ വധിക്കുമ്പോള്‍ യു.എസ് ഭരണകൂടത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം.
ഉസാമ ബിന്‍ലാദന്റെ സാന്നിധ്യം പാകിസ്താന്‍ സര്‍ക്കാരിന് അറിയാമായിരുന്നെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാകിസ്താന്‍ സഹകരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ വളരെ മുന്‍പു പിടികൂടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഉസാമയെ പിടികൂടാനായി പാകിസ്താന്‍ സ്വീകരിച്ച നടപടികള്‍ നിരത്തി ഇമ്രാന്‍ഖാന്‍ ട്രംപിനു മറുപടി നല്‍കി. കഴിഞ്ഞ കാലങ്ങളെക്കുറിച്ചറിയാന്‍ ട്രംപ് ചരിത്രം പഠിക്കുന്നതു നന്നായിരിക്കുമെന്നും പാക്-അമേരിക്ക ബന്ധം നിലനിര്‍ത്താന്‍ പാകിസ്താന്‍ ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്‌തെന്നും ഇമ്രാന്‍ഖാന്‍ തുറന്നടിച്ചിരുന്നു. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ പാകിസ്താനു പങ്കില്ല. എന്നിട്ടും അമേരിക്കയുടെ കൂടെനില്‍ക്കാന്‍ തയാറായി. 12,300 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചെന്നു പറഞ്ഞ അദ്ദേഹം, അതില്‍ 2,000 കോടി സഹായം മാത്രമാണ് യു.എസ് നല്‍കിയതെന്നും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അഫ്ഗാനിസ്താനിലെ പുതിയ നയം പ്രഖ്യാപിച്ചതോടെ പാകിസ്താനുമായുള്ള യു.എസ് ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."