അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യചിഹ്ന പ്രകാശനം കൊച്ചിയില്‍
കൊച്ചി: 2017 ല്‍ നടക്കുന്ന അണ്ടര്‍- 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്ന പ്രകാശനം നവംബര്‍ 14നു കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി എന്നിവരുടെ നേതൃത്വത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ചാംപ്യന്‍ഷിപ്പിന്റെ രാജ്യന്തര തലത്തിലുള്ള ലോഞ്ചിങും ഭാഗ്യചിഹ്ന പ്രകാശനവും നവംബര്‍ 14നു നടത്താന്‍ തീരുമാനിച്ചത്. ചാംപ്യന്‍ഷിപ്പിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഡല്‍ഹി, മുംബൈ, ഗോവ, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവയാണ് മറ്റു വേദികള്‍. കൊച്ചിയില്‍ എട്ടു മത്സരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പു തലത്തിലെ ആറു മത്സരങ്ങളും ഒരു പ്രീ ക്വാര്‍ട്ടറും, ഒരു ക്വാര്‍ട്ടര്‍ മത്സരവും കൊച്ചിക്കു ലഭിച്ചേക്കും.
അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കേരളത്തിന് ലഭിച്ച മികച്ച അവസരമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്നു അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞു. ലോകത്തിനു മുന്നില്‍ കേരളത്തെ അവതരിപ്പിക്കാനുള്ള അവസരമാണിത്. 2017 ഒക്ടോബറിലാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നതെങ്കിലും ഈ വര്‍ഷം ഒക്ടോബറില്‍ കൊച്ചി വേദിയാകുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ചാംപ്യന്‍ഷിപ്പ് കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനു കൂടുതല്‍ പ്രയോജനകരമാകുമെന്നാണ് ഫിഫയുടെ വിലയിരുത്തലെന്ന് ഹാവിയര്‍ സെപ്പി പറഞ്ഞു. ഫിഫയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍മാണം പൂര്‍ത്തികരിച്ചാല്‍ കൊച്ചി വേദിയമാകും. നിലവില്‍ ഇന്ത്യയില്‍ ആറു വേദികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെയെല്ലാം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."