അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍
പാലക്കാട് : നഗരത്തിലെത്തുന്ന സൗകര്യത്തിനായാണ് ബസ് സ്റ്റാന്‍ഡുകളെന്നാണ് പാലക്കാട് നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളൊന്നും തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവയല്ല. സൗകര്യങ്ങളേക്കാള്‍ അസൗകര്യങ്ങളാണിവിടെ കൂടുതല്‍.
മാലിന്യക്കൂമ്പാരമായും ആവശ്യത്തിന് ശൗചാലയ സൗകര്യമില്ലാതെയുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ടൗണ്‍ സ്റ്റാന്‍ഡ്, മുനിസിപ്പല്‍ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ സ്ഥിതിയും മറിച്ചല്ല.
ആവശ്യത്തിന് മൂത്രപ്പുരയോ ഇരിപ്പിടങ്ങളോ ടൗണ്‍ സ്റ്റാന്‍ഡിലില്ല. രാത്രിയായാല്‍ ടൗണ്‍ സ്റ്റാന്‍ഡ് പരിസരം തീര്‍ത്തും ഇരുട്ടിലാണ്.
കാലങ്ങളായി ഇതുതന്നെയാണ് സ്ഥിതിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നു ഒരു നടപടിയുമുണ്ടായിട്ടില്ല.
ടൗണ്‍ സര്‍വീസിനു പുറമേ, ഒറ്റപ്പാലം, പട്ടാമ്പി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം ദിവസേന 150 ലധികം ബസുകള്‍ വന്നു പോകുന്നുണ്ടെങ്കിലും രാത്രിസമയങ്ങളില്‍ ഇവിടെ നിന്ന് ബസ് സര്‍വീസില്ലാത്തതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നുണ്ട്.
എന്നാല്‍ നഗരത്തിലെ കാലപ്പഴക്കമുള്ള മുനിസിപ്പല്‍ സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കാണെങ്കില്‍ മൂക്കുപ്പൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്.
ബസ് സ്റ്റാന്‍ഡിലും പരിസരത്തും മലമൂത്രവിസര്‍ജനം നടത്തുന്നതിനാല്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ബസ്സില്‍ കയറി ഇരിക്കുന്നവര്‍ക്കുമെല്ലാം ഏറെ പ്രയാസമനുഭവിക്കേണ്ടിവരുന്നു.
മുനിസിപ്പല്‍ സ്റ്റാന്‍ഡിനകത്തെ മൂത്രപ്പുരയില്‍ നിന്നുള്ള മലിനജലം പുറത്തോട്ടൊഴുകുന്നതും പരിസരത്തെ ദുര്‍ഗന്ധത്തിന് കാരണമാകുന്നു.
കെട്ടിടത്തിന്റെ സ്ഥിതിയും ശോച്യാവസ്ഥയിലാണ്. ബസ് സ്റ്റാന്‍ഡ് പരിസരം വൃത്തിഹീനമായിക്കിടക്കുന്നതിന് യാത്രക്കാരും സമീപത്തുള്ള കച്ചവടക്കാരും തന്നെയാണ് ഉത്തരവാദികള്‍.
ഇവ വൃത്തിയായി സൂക്ഷിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ല. അഴുക്കുചാല്‍ വൃത്തിയാക്കുന്നതടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പലപ്പോഴും കാലതാമസം നേരിടാറുണ്ട്.
40 ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യം മാത്രമാണുള്ളതെങ്കിലും ദിവസേന 170 ലധികം ബസ്സുകളാണ് ഇവിടെ കയറിയിറങ്ങുന്നത്.
നേരമിരുട്ടിയാല്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."