ആനച്ചന്തവുമായി അന്നും
നവാസ് പൂനൂര്‍#
എഴുപതുകളുടെ തുടക്കം. കേരളത്തിലെ അലിഗര്‍ എന്നറിയപ്പെടുന്ന ഫാറൂഖ് കോളജ്. ഇന്നത്തെ പല യൂനിവേഴ്‌സിറ്റികളേക്കാള്‍ പ്രൗഢമായിരുന്നു അന്നു തന്നെ കാംപസ്. വൈസ്ചാന്‍സലറുടെ ഗാംഭീര്യമുണ്ടായിരുന്നു അന്നു പ്രിന്‍സിപ്പല്‍ പ്രൊ.കെ.എ ജലീല്‍ സാഹിബിന്.
വിദ്യാര്‍ഥിസംഘടനകളുടെ പുഷ്‌കലകാലം. സൈക്കിള്‍ ചെയിനും കുറുവടിയുമായി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടും. പ്രിന്‍സിപ്പലിനെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളുയരും. എന്നാല്‍, ഈ കാലുഷ്യങ്ങള്‍ക്കിടയിലും പ്രിന്‍സിപ്പലിന്റെ കാറ് പോര്‍ട്ടിക്കോയില്‍ വന്നുനിന്നാല്‍ അന്തരീക്ഷം പെട്ടെന്നു മാറും. അത്രയേറെ മാന്ത്രികശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്.
അക്കാലത്തും ചില പ്രൊഫസര്‍മാരും അപൂര്‍വം ചില വിദ്യാര്‍ഥികളും കാറില്‍ കോളജില്‍ വന്നിരുന്നു. അവരൊന്നും പക്ഷേ, കാര്‍ പോര്‍ട്ടിക്കോയില്‍ കയറ്റില്ല. അകലെ മാറ്റിവച്ചാണ് ഇറങ്ങിവരിക. പ്രിന്‍സിപ്പലിന്റെ കാറ് വരുന്നതിന് ഇത്തിരി മുമ്പോ വന്ന ശേഷമോ ഒരേയൊരു അംബാസഡര്‍ കാര്‍ പോര്‍ച്ചില്‍ വന്നുനില്‍ക്കും. കുട്ടികള്‍ ചുറ്റും കൂടും.
ബി.എ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ് ആ കാറില്‍ വന്നിറങ്ങുന്നത്. അന്നയാള്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനായിരുന്നു. അന്നു ചെയര്‍മാന് വൈസ്ചാന്‍സലറുടെ പത്രാസാണ്. യൂനിവേഴ്‌സിറ്റി യൂനിയന്റെ കാറാണത്. കാറില്‍ വന്നിറങ്ങി ക്ലാസിലേക്കു തലയെടുപ്പോടെ പോകുന്ന ആ കുട്ടിയെ വലിയ കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു പ്രീഡിഗ്രിക്ക് പഠിക്കുന്ന ജൂനിയര്‍ പിള്ളേര്‍.
ആ വിദ്യാര്‍ഥിയുടെ പേര് എം.ഐ ഷാനവാസ് എന്നായിരുന്നു. അടുപ്പമുള്ളവര്‍ ഷാജി എന്നു വിളിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ അഷറഫിന്റെ അനുജനെന്ന നിലയിലാണ് പരിചയപ്പെടുന്നത്. കോളജ് വിട്ട ശേഷവും ആ സൗഹൃദം തുടരാനായി. ചന്ദ്രിക സഹപത്രാധിപരായതില്‍ ഷാജി വളരെ സന്തോഷം പ്രകടിപ്പിച്ചതോര്‍ക്കുന്നു.
ഫാറൂഖ് കോളജില്‍ നിന്ന് എം.എയും എറണാകുളം ലോ കോളജില്‍ നിന്നു നിയമവും പഠിച്ച ഷാജി എന്റോള്‍ ചെയ്തു പുറത്തിറങ്ങിയ ഉടനെ തന്നെ രാഷ്ട്രീയത്തില്‍ ഏറെ തിളങ്ങിക്കഴിഞ്ഞിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹിയായി, കെ.പി.സി.സി എക്‌സിക്യൂട്ടിവിലെത്തി. ആരെയും ആകര്‍ഷിക്കുന്നതായിരുന്നു ഷാജിയുടെ വാക്ചാതുരി. പൊതുയോഗത്തിലായാലും പാര്‍ലമെന്റിലായാലും ചാനല്‍ചര്‍ച്ചയിലായാലും വാചകക്കസര്‍ത്തു കാണിച്ചില്ല, പകരം കാര്യകാരണസഹിതം വാദമുഖം നിരത്തി സ്ഥാപിച്ചെടുക്കും.
കോഴിക്കോട്ട് വരുമ്പോള്‍ പതിവായി ബന്ധപ്പെട്ടിരുന്നു. പലതവണ ചന്ദ്രികയില്‍ വന്നിട്ടുണ്ട്. ചന്ദ്രികയിലെ സഹപ്രവര്‍ത്തകരായിരുന്ന റഹീം മേച്ചേരി, ടി.സി മുഹമ്മദ്, കെ.കെ മൊയ്തു, ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവരുമായും അദ്ദേഹത്തിന് അടുത്ത സുഹൃദ്ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഷാജിയുടെ സന്ദര്‍ശനം ഞങ്ങള്‍ക്കോ അദ്ദേഹത്തിനോ അസഹ്യതയോ അസഹിഷ്ണുതയോ ഉണ്ടാക്കിയില്ല.
ഇക്കാക്കയുടെയും എന്റെയും വിവാഹത്തിനു മാത്രമല്ല ഞങ്ങളുടെ മക്കളുടെ വിവാഹത്തിനും സജീവ സാന്നിധ്യമായി അദ്ദേഹം.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി ഒരുപാടു കാലം. പിന്നെ വൈസ്പ്രസിഡന്റായി. പാര്‍ട്ടി നേതൃത്വത്തില്‍ അംഗീകാരമൊക്കെക്കിട്ടിയിരുന്നെങ്കിലും പാര്‍ലമെന്ററി രംഗത്ത് ആദ്യകാലത്ത് അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. ജയിക്കുന്ന സീറ്റ് കിട്ടിയില്ല. ഇതിനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഷാജി ഉറക്കെ ചിരിക്കുകയാണു ചെയ്തത്.
മൂന്നു തവണ നിയമസഭയിലേയ്ക്കും രണ്ടു തവണ പാര്‍ലമെന്റിലേയ്ക്കും മത്സരിച്ചതു ജയിക്കുന്ന സീറ്റിലായിരുന്നില്ല. ആറാം തവണ സീറ്റ് കിട്ടിയത് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍. ജയിച്ചത് ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തോടെയായിരുന്നു-153439 വോട്ടിന്റെ ഭൂരിപക്ഷം.
ഷാജി തെരഞ്ഞെടുക്കപ്പെട്ടു. കന്നി സഭയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. നല്ല പാര്‍ലമെന്റേറിയന്‍ എന്ന പേരിലാണ് 2014 ലും വയനാട്ടില്‍ ജയിക്കാനായത്.
സുപ്രഭാതം തുടങ്ങാന്‍ പോകുന്ന വിവരം പറഞ്ഞപ്പോഴും വലിയ സന്തോഷം പ്രകടിപ്പിച്ചു. സമസ്തയുമായും നേതൃത്വത്തിലുള്ള ഉസ്താദുമാരുമായുള്ള സ്‌നേഹബന്ധത്തെക്കുറിച്ചും ഷാജി പറഞ്ഞിരുന്നു. പ്രകാശനച്ചടങ്ങിലും ആദ്യവസാനം പങ്കെടുത്തു. ഇടക്കാലത്ത് അസുഖത്തില്‍നിന്നു മോചിതനായപ്പോള്‍ എറണാകുളത്തുവച്ചു കണ്ടിരുന്നു. വീണ്ടും സജീവമായി രംഗത്ത് വരുമെന്നു പറഞ്ഞു. അതിനും ഷാജിക്ക് കഴിഞ്ഞു.
ഏത് ആള്‍ക്കൂട്ടത്തിലും ആനച്ചന്തമായിരുന്നു അദ്ദേഹത്തിന്. തിരുത്തല്‍വാദിയായി കാര്‍ത്തികേയനും ചെന്നിത്തലക്കുമൊപ്പവും ഷാനവാസിന്റെ തലയെടുപ്പു നമ്മള്‍ കണ്ടതാണ്. നാലര പതിറ്റാണ്ടിനുശേഷവും സ്‌നേഹവും സൗഹൃദവും തെല്ലും മാറ്റു കുറയാതെ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ച ആ നല്ല സുഹൃത്തിന്റെ പ്രസന്നമുഖം എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."