ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം
റിയോ ഡി ജനീറോ: ഒളിംപിക്‌സിന്റെ ഉദ്ഘാടന ദിനത്തില്‍ ഇന്ത്യക്ക് സമ്മിശ്രം. ഹോക്കിയില്‍ ഇന്ത്യ വിജയത്തുടക്കമിട്ടപ്പോള്‍ തുഴച്ചില്‍ പുരുഷ വിഭാഗം സ്‌കള്‍സില്‍ ഇന്ത്യന്‍ താരം ദത്തു ബബന്‍ ബൊകനാല്‍ ക്വാര്‍ട്ടറില്‍ കടന്നു. അമ്പെയ്ത്ത് ടീമിനത്തില്‍ ദീപിക,ബോംബെയ്‌ല ദേവി, ലക്ഷ്മി റാണി മാജി അവസാന 16ല്‍ ഇടം കണ്ടപ്പോള്‍ വ്യക്തിഗത വിഭാഗത്തില്‍ മൂവരും അവസാന 64ല്‍ ഇടം കണ്ടിട്ടുണ്ട്.
അതേസമയം ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ലിയാന്‍ഡര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. ഷൂട്ടിങില്‍ അയോനിക പോളും അപൂര്‍വി ചന്ദേലയും ടേബിള്‍ ടെന്നീസില്‍ മൗമ ദാസും മനീക ബത്രയും ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടതും ഇന്ത്യക്ക് തിരിച്ചടിയായി.
ഹോക്കിയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സിഡ്‌നി ഒളിംപിക്‌സിന് ശേഷം ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ജയം കൂടിയാണിത്. രൂപീന്ദര്‍ പാല്‍ സിങ് ഇന്ത്യക്കായി ഇരട്ട ഗോള്‍ നേടി. ശേഷിച്ച ഗോള്‍ വി.ആര്‍ രഘുനാഥ് സ്വന്തമാക്കി. മത്സരത്തിലെ ആദ്യ മൂന്നു ഗോളുകളും പിറന്നത് പെനാല്‍റ്റി കോര്‍ണറിലാണ്.
രമണ്‍ദീപ് ദീപ് ഫൗളിനെ തുടര്‍ന്ന് പുറത്തായതോടെ പത്തു പേരുമായിട്ടാണ് ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത്.
ടെന്നീസില്‍ പെയ്‌സ്-ബൊപ്പണ്ണ സഖ്യം പോളിഷ് ജോഡിയായ മാറ്റ്‌കോവ്‌സ്‌കി-കുബോറ്റ് സഖ്യത്തോട് തോറ്റാണ് ഇരുവരും പുറത്തായത്. സ്‌കോര്‍ 6-4, 7-6 (8-6). രണ്ടാം സെറ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഇരുവരും പൊരുതിയെങ്കിലും ഫലം കണ്ടില്ല.
വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ മൗമ ദാസ് റുമാനിയയുടെ ഡാനിയേല 4-0 എന്ന സ്‌കോറിനാണ് മൗമയെ വീഴ്ത്തിയത്. മറ്റൊരു താരം മനീക ബത്ര പോളണ്ടിന്റെ കതാരിന ഗ്രൈബോസ്‌ക ഫ്രാന്‍കിനോട് പരാജയപ്പെട്ടു. സ്‌കോര്‍ 4-2
തുഴച്ചിലില്‍ ദത്തു ബബന്‍ ബൊകനാല്‍ ആദ്യ ഹീറ്റ്‌സില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ദത്തു ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 2000 മീറ്റര്‍ എന്ന ലക്ഷ്യം 7.21.67 സെക്കന്‍ഡിലാണ് ദത്തു ഫിനിഷ് ചെയ്തത്. ക്യൂബയുടെ എയ്ഞ്ചല്‍ ഫോര്‍നിയര്‍ റോഡ്രിഗസ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ മെക്‌സിക്കോയുടെ യുവാന്‍ കാര്‍ലോസ് കാബ്‌റെറ രണ്ടാം സ്ഥാനം സ്വന്തമാക്കി.
10 മീറ്റര്‍ വനിതാ വിഭാഗം എയര്‍ റൈഫിളില്‍ ഏറെ പ്രതീക്ഷയുമായിറങ്ങിയ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. അയോനിക പോളും അപൂര്‍വി ചന്ദേലയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 57 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അപൂര്‍വി 34ാം സ്ഥാനത്തും അയോനിക 47ാം സ്ഥാനത്താണ് എത്തിയത്. ചൈനയുടെ ഡൂ ലി ഒളിംപിക് റെക്കോര്‍ഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി.
വനിതാ വിഭാഗം അമ്പെയ്ത്തിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. വ്യക്തിഗത വനിത റാങ്കിങ് റൗണ്ടില്‍ ദീപിക കുമാരിക്ക് 20ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. 720ല്‍ 640 പോയിന്റാണ് താരത്തിനുള്ളത്. ബോംബെയ്‌ല ദേവി 24ാംമതും ലക്ഷ്മി റാണി മാജിക്ക് 43ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. മൂവരും അവസാന 64ലേക്ക് മുന്നേറിയിട്ടുണ്ട്.
അതേസമയം ടീമിനത്തില്‍ 1892 പോയിന്റുമായി ഇന്ത്യ ഏഴാം സ്ഥാനത്താണ്. അവസാന 16ലേക്ക് മുന്നേറാന്‍ ടീമിനായിട്ടുണ്ട്. കൊളംബിയയാണ് ഇന്ത്യക്ക് അടുത്ത റൗണ്ടില്‍ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."