പാറ ഖനനം, കുരങ്ങന്മാരുടെ ശല്യം, ഒടുവില്‍ ഫയറിങ് സ്റ്റേഷനിലെ വെടിയുണ്ടകളും; വിളവൂര്‍ക്കല്‍ പ്രദേശത്ത് ആശങ്കയുടെ ദിനങ്ങള്‍
കാട്ടാക്കട: മൂക്കുന്നിമലയുടെ അടിവാരത്തെ വിളവൂര്‍ക്കല്‍, മലയം ഭാഗത്തെ നിവാസികള്‍ മരണഭീതിയിലാണ്, ഏതു നിമിഷവും വെടിയുണ്ടകള്‍ പാഞ്ഞ് വന്ന മരിക്കാമെന്ന നില. മലമൊത്തം കയ്യടക്കിയ പാറഖനനക്കാരെ കൊണ്ടും അവിടെ നിന്നും കൂട്ടത്തോടെയിറങ്ങുന്ന കുരങ്ങന്മാരെ കൊണ്ടും പൊറുതുമുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ രണ്ടു ദിവസം മുന്‍പാണ് വിളവൂര്‍ക്കലില്‍ വീടിന്റെ ജനല്‍ ചില്ല് മൂക്കുന്നിമലയിലെ സൈന്യത്തിന്റെ ഫയറിങ് സ്റ്റേഷനില്‍ നിന്നുള്ള വെടിയുണ്ടയേറ്റ് തകര്‍ന്നത്. വിളവൂര്‍ക്കല്‍ ഈഴക്കോട് പൊറ്റയില്‍ ഉഷസ്സില്‍ എസ്.ബി.ഐ ജീവനക്കാരന്‍ അജിത്തിന്റെ വീട്ടിലാണ് വെടിയുണ്ട കണ്ടത്. കഴിഞ്ഞ 15ന് വീട്ടുകാര്‍ ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. വീട്ടിലെത്തിയപ്പോള്‍ മുകളിലെ നിലയിലെ ജനല്‍ചില്ല് പൊട്ടിയതായി കണ്ടിരുന്നു. എന്നാലിത് വീട്ടുകാര്‍ കാര്യമാക്കിയില്ല. പിന്നീട് ജനല്‍ചില്ല് പൊട്ടിയ മുറിയില്‍ വെടിയുണ്ട കണ്ടത്. വെടിയുണ്ട കണ്ടെത്തിയ കാര്യം അജിത്ത് തിങ്കളാഴ്ച രാത്രി മലയിന്‍കീഴ് പൊലിസിനെ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് ഫയറിങ് സ്റ്റേഷനില്‍ നിന്നുള്ള വെടിയുണ്ടയാണെന്ന് സ്ഥിരീകരണം വന്നത്. ബാലിസ്റ്റിക് വിദഗ്ധരുടെയും ഫോറന്‍സിക് സയന്റിഫിക് ലബോറട്ടറി വിദഗ്ധരുടെയും പരിശോധനയ്ക്കു ശേഷമാണ് വെടിയുണ്ട ഫയറിങ്‌സ്റ്റേഷനില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചത്.
മൂക്കുന്നിമലയില്‍ സൈന്യത്തിന്റെ ഫയറിങ് ഗ്രൗണ്ടില്‍ നിന്ന് അജിത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് അഞ്ചര കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരെയുള്ള വീടിന്റെ ജനല്‍ ചില്ല് തകര്‍ക്കാന്‍ ഫയറിങ് സ്റ്റേഷനില്‍ നിന്നുള്ള വെടിയുണ്ടയ്ക്ക് സാധിക്കില്ലെന്നായിരുന്നു മിലിട്ടറി ഉദ്യോഗസ്ഥരുടെ വാദം. മൂന്ന് കിലോമീറ്റര്‍ മാത്രമാണ് ഇവിടുന്നുള്ള വെടിയുണ്ടകളുടെ മൂവിങ് കപ്പാസിറ്റി. എന്നാല്‍ ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയില്‍ വെടിയുണ്ട തറച്ച വീടും ഫയറിങ് സ്റ്റേഷനുമായി ആകാശമാര്‍ഗം രണ്ടര കിലോമീറ്റര്‍ മാത്രമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മിലിട്ടറി ഉദ്യോഗസ്ഥരെത്തി വെടിയുണ്ട പരിശോധിച്ച് അത് സൈന്യത്തിന്റേതെന്ന് ബോധ്യപ്പെടുകയായിരുന്നു. സൈനികര്‍ ഫയറിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന എസ്.എല്‍.ആര്‍ വിഭാഗത്തിലുള്ള തോക്കില്‍ നിന്നുള്ളതാണ് അജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ വെടിയുണ്ട. ഇത് സിവിലിയന്‍സ് ഉപയോഗിക്കാറില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം വെടിയുണ്ട കണ്ടയുടന്‍ മിലിട്ടറിയുടേതെന്ന് പൊലിസ് പ്രാഥമിക നിഗമനത്തില്‍ എത്തിയിരുന്നു.
വെടിയുണ്ടകള്‍ പാഞ്ഞു വരുന്നതും അത് വീടുകളില്‍ തറയ്ക്കുന്നതും ഇവിടെ പതിവാണെന്ന് നിവാസികള്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 12 ഓളം വീടുകളില്‍ ഇത്തരത്തില്‍ വെടിയുണ്ടകള്‍ തറയ്ക്കുന്നത് പതിവാണ്.
സൈന്യത്തിന്റെ കാര്യമായതിനാല്‍ ആരും പരാതിയ്ക്ക് പോകാറില്ല. പൊലിസിനെ അറിയിച്ചാലും വേണ്ടത്ര പരിഗണന നല്‍കാറില്ല എന്ന് വെടിയുണ്ടയുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഓമന പറയുന്നു. മൂക്കുന്നിമല എന്ന ഏക്കറുകണക്കിന് ഉള്ള ഭാഗം ഒരു കാലത്ത് കുരങ്ങന്മാര്‍ അടക്കമുള്ളവരുടെ സങ്കേതമായിരുന്നു. കിലോമീറ്ററുകളോളം പാറകളാല്‍ ചുറ്റപ്പെട്ട മൂക്കുന്നിമലയില്‍ തെളിനീരുറവകളും ധാരാളമായിരുന്നു. നഗരത്തിന് അടുത്തു കിടക്കുന്ന ഭാഗങ്ങളില്‍ ജലസ്രോതസ്സ് സമ്പന്നമാക്കി നിറുത്തുന്നത് ഈ മലനിരകളാണ്. അവിടെയാണ് പാറഖനനം എത്തുന്നത്. ഏക്കറുകണക്കിന് ഭൂമിയില്‍ ക്രഷര്‍ യൂനിറ്റുകളും ക്വാറികളും വന്നതോടെ അവര്‍ക്ക് അടി കിട്ടി തുടങ്ങി.
ഏപ്പോഴും പാറപൊട്ടിക്കലും പൊടി പടലവും പാറപ്പൊടി വാങ്ങാന്‍ എത്തുന്ന ടിപ്പര്‍ ലോറികളുടെ കടന്നുവരവും ഈ ഭാഗത്തെ ഒരു യുദ്ധകളമാക്കി മാറ്റി. കായ്കനികള്‍ ഇല്ലാതെയായി. തെളിനീരുറവകള്‍ നശിച്ചു. അതോടെ കുരങ്ങുകള്‍ക്ക് ഒരു നിവൃത്തിയും ഇല്ലാത്ത അവസ്ഥയായി. അങ്ങിനെയാണ് കുരങ്ങുകള്‍ നാട്ടിലേക്ക് എത്തി തുടങ്ങുന്നത്. പകലെന്നോ, രാത്രിയെന്നോ ഭേദമില്ലാതെയാണ് കുരങ്ങന്‍മാര്‍ ഈ ഭാഗങ്ങള്‍ വളയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."