പനിക്കെതിരേ ജനകീയ പ്രതിരോധം അനിവാര്യം: മന്ത്രി എ.സി മൊയ്തീന്‍
പാലക്കാട്: പകര്‍ച്ചപ്പനിക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ജൂണ്‍ 27, 28, 29 തീയതികളില്‍ ബോധവത്കരണ പ്രചാരണ പരിപാടി നടത്തും. ജില്ലാ കലക്റ്ററേറ്റില്‍ പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് വ്യവസായ-സ്‌പോര്‍ട്‌സ്-യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഇക്കാര്യം അറിയിച്ചത്.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുക. നിയോജകമണ്ഡലം തലത്തിലുള്ള പരിപാടികള്‍ക്ക് എം.എല്‍.എ മാരും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുമായിരിക്കും നേതൃത്വം നല്‍കുക.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ, എന്‍.സി.സി, എന്‍.എസ്.എസ്, നെഹ്‌റു യുവകേന്ദ്ര പ്രവര്‍ത്തകരുടെ സഹായം തേടും. എല്ലാ നിയോജകമണ്ഡലങ്ങളിലും പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സബ് കലക്റ്റര്‍, ഡെപ്യുട്ടി കലക്റ്റര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആശുപത്രികളിലെ ഡോക്റ്റര്‍മാരുടെ സേവനം വൈകുന്നേരം വരെയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എല്ലാ കമ്മ്യുനിറ്റി ഹെല്‍ത്ത് സെന്ററുകളിലും രണ്ട് വീതം ഡോക്റ്റര്‍മാരുടേയും പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരുടേയും സേവനം ഉറപ്പുവരുത്തും. ഓരോരുത്തരും സ്വന്തം വീടും പരിസരവും ജോലിചെയ്യുന്ന ഇടവും വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ പനി നിയന്ത്രിക്കാനാകുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."