പ്രൗഢം, പരമ്പരാഗതം
പരിമിതികള്‍ക്കു നടുവിലും ബ്രസീലുകാര്‍ പാരമ്പര്യം ഒട്ടും ചോരാതെ ഒളിംപിക്‌സിന്റെ ഉദ്ഘാടനം പ്രൗഢോജ്വലമാക്കി. ലണ്ടന്‍ ഒളിംപികിസിന്റെ അത്ര ചെലവില്ലാതെയാണ് ഉദ്ഘാടന പരിപാടി ഒരുക്കിയതെങ്കിലും ബ്രസീലിന്റെ തനതായ ശൈലിയില്‍ വൈവധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കാന്‍ അവര്‍ക്കായി എന്നത് വലിയ നേട്ടമണ്.
ഉദ്ഘാടന പരിപാടികള്‍ വിജയകരമാക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് നാട്ടുകാര്‍ തന്നെ. ഗാലറിയിലും പുറത്തും അവരുടെ പിന്തുണ വളരെ വലുതായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ വിരുന്നെത്തിയ കായിക മാമാങ്കത്തെ വരവേല്‍ക്കാന്‍ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി അവര്‍ നടത്തിയ ഉദ്ഘാടന പരിപാടികള്‍ എന്തുകൊണ്ടും പ്രശംസനീയമായിരുന്നു. ഒളിംപിക്‌സിന്റെ എല്ലാ ഗാംഭീര്യത്തോടെയും പരിപാടികള്‍ നടത്താനായത് ബ്രസീലിന്റെ വിജയമായി തന്നെ കാണണം.
മാര്‍ച്ച്പാസ്റ്റിനായി ഓരോ രാജ്യവും സ്റ്റേഡിയത്തിനകത്തേക്ക് വരുമ്പോള്‍ കാണികളുടെയും ബ്രസീലുകാരുടെയും പിന്തുണ വളരെ വലുതായിരുന്നു. മാര്‍ച്ച് പാസ്റ്റില്‍ ബ്രസീല്‍ ടീം തന്നെയായിരുന്നു എല്ലാ അര്‍ഥത്തിലും മികച്ചു നിന്നത്. ആതിഥേയര്‍ എന്ന നിലയില്‍ അവര്‍ക്ക് മികച്ച രീതില്‍ മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുക്കാനായി. അഭയാര്‍ഥി ടീം പ്രവേശിച്ചപ്പോള്‍ ആരവത്തോടെയായിരുന്നു സ്റ്റേഡിയം അവരെ വരവേറ്റത്. മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് കാണികള്‍ അവര്‍ക്ക് നല്‍കിയത്.
ആദ്യം എല്ലാ ടീമുകളേയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിരുത്തി നിര്‍ദേശങ്ങള്‍ നല്‍കിയതിന് ശേഷമാണ് ഓരോ രാജ്യക്കാരെയും അകത്തേക്ക് പ്രവേശിപ്പിച്ചത്. പോരായ്മകള്‍ ഏറെയുണ്ടായിരുന്നെങ്കിലും നാട്ടുകാരുടെയും വളണ്ടിയര്‍മാരുടെയും അകമഴിഞ്ഞ പ്രവര്‍ത്തനം കാരണം ഇതൊന്നും കുറവായി കാണാനായില്ല. മത്സരമുള്ളത് കാരണം പുരുഷ ഹോക്കി ടീമിന് മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അതേ സമയം വനിതാ ഹോക്കി ടീം മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."