തൊവരിമല ഭൂസമരം കരുത്താര്‍ജിക്കുന്നു രാപകല്‍ മഹാധര്‍ണ സമാപിച്ചു
കല്‍പ്പറ്റ: വയനാട് കലക്ടറേറ്റിന് മുന്നിലെ തൊവരിമല ഭൂസമരം കരുത്താര്‍ജിക്കുന്നു.
ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെയുള്ള തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായി കൈയടക്കിവച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം നടത്തുക, മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഭൂസമരസമിതി പ്രക്ഷോഭപരിപാടികള്‍ തുടരുന്നത്.
കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന രാപകല്‍ മഹാധര്‍ണയില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. 28ന് ഗുളിക്കടവ് സമരപോരാളി തോതി മൂപ്പനാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്. ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ 24നാണ് നെന്മേനി പഞ്ചായത്തിലെ ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത തൊവരിമലയില്‍ മിച്ചഭൂമി കൈയേറി സമരം നടത്തിവരികയും പിന്നീട് സര്‍ക്കാര്‍ ബലംപ്രയോഗിച്ച് കുടിയിറക്കുകയും ചെയ്തവര്‍ വയനാട് കലക്ടറേറ്റിന് മുന്നില്‍ രാപകല്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.
തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമിയിലാണ് കുടില്‍കെട്ടി സമരം ആരംഭിച്ചത്. ഏപ്രില്‍ 21ന് കുടില്‍കെട്ടി സമരം ആരംഭിച്ചവരെ 24ന് ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുകയായിരുന്നു. സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തിലാണ് തൊവരിമലയില്‍ സമരം ആരംഭിച്ചത്. 24ന് രാവിലെ ഒന്‍പതോടെ വനം-പൊലിസ് സംഘം തൊവരിമലയിലെ കൈയേറ്റ ഭൂമിയിലെത്തുകയും സമരനേതാക്കളായ കുഞ്ഞിക്കണാരന്‍, അപ്പാട് രാജേഷ്, മോഹനന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെയാണ് ഭൂസമരസമിതി സമരം ശക്തമാക്കി കലക്ടറേറ്റിന് മുന്നിലെത്തിയത്. തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ചെങ്കിലും നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചതോടെ രാപകല്‍ സത്യഗ്രഹ സമരം ആരംഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."