ദുബൈ ഹീറോയുടെ വീട്ടിലെത്തി മലയാളികളുടെ അനുശോചനം
ദുബൈ: തീപിടിച്ച എമിറേറ്റ്‌സ് വിമാനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച എമിറേറ്റ്‌സ് അഗ്‌നിശമന സേനാംഗം ജാസിം ഇസാ അല്‍ ബലൂഷിയുടെ വീട്ടിലെത്തി മലയാളികളുടെ അനുശോചനം. ബലൂഷിയുടെ റാസല്‍ഖൈമയിലുള്ള വീട്ടിലെത്തിയാണ് മലയാളികള്‍ തങ്ങളുടെ ജീവന്‍ രക്ഷിച്ച ബലൂഷിയുടെ ധീരതയോട് ആദരവ് പ്രകടിപ്പിച്ചത്.
പ്രവാസികളായ സനില്‍ കുമാര്‍, അനില്‍ കുമാര്‍, രാജേഷ് അല്ലാപുറത്ത്, സലീം അബ്ദുല്ല എന്നിവരാണ് കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയത്. വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.
നിരവധി പേരെ രക്ഷപ്പെടുത്തിയ ശേഷമാണ് ബലൂഷി മരണത്തിനു കീഴടങ്ങിയത്. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടു നിന്നവരാണ് ഈ യുവാക്കള്‍. ബലൂഷിയുടെ പിതാവ്, സഹോദരന്‍, അമ്മാവന്‍ എന്നിവരാണ് ഇവരെ വീട്ടില്‍ സ്വീകരിച്ചത്. മരിച്ച മകനുവേണ്ടി പ്രാര്‍ഥിക്കണമെന്നായിരുന്നു പിതാവിന്റെ അഭ്യര്‍ഥന.
നേരത്തെ യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബലൂഷിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."