കാവാലം-തട്ടാശേരി പാലം നിര്‍മാണം ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍
കുട്ടനാട്: കാവാലം - തട്ടാശേരി പാലം നിര്‍മാണത്തിന് ലാന്‍ഡ് അക്വസിഷന്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നു.
നെഗോഷ്യേറ്റ് പര്‍ച്ചേസ് ആക്ട് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനായി ജില്ലാ ഭരണകൂടം ഇടപെട്ട് കുട്ടനാട് താലൂക്ക് ഓഫിസില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത ഭൂഉടമകളുടെ യോഗവും തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കം.
യോഗത്തില്‍ നിലവിലെ അലൈന്‍മെന്റിനുള്ള പാലത്തിന് സമ്മതപത്രം നല്‍കില്ലെന്ന് ഒരു വിഭാഗം ഭൂഉടമകള്‍ നിലപാടെടുത്തു. പാലത്തിന്റേയും അപ്രോച്ചിന്റേയും നീളവും വീതിയും കുറയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ദേശീയ ജലപാതയായി വിജ്ഞാപനം ചെയ്ത പമ്പയാറിന് കുറുകെയുള്ള പാലമായതിനാല്‍ നിലവിലെ അലൈന്‍മെന്റില്‍ യാതൊരു മാറ്റവും സാധ്യമല്ലെന്ന് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ. വിഭാഗം) എസ്. മുരളീധരന്‍ പിള്ള അറിയിച്ചു.
പാലം നിര്‍മിക്കുന്ന സ്ഥലം, അലൈന്‍മെന്റ് എന്നിവയില്‍ മാറ്റമൊന്നുമുണ്ടാകില്ല. തങ്ങളുടെ ഭൂമിക്ക് വിലപേശി പണം വാങ്ങാനുള്ള അവസരമാണ് നല്‍കിയത്. പാലം നിര്‍മാണം വൈകുന്നതിനെതിരേ ജനരോഷം ശക്തമായ സാഹചര്യത്തില്‍ ഇനി സാവാകാശം നല്‍കാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു.
അതിനിടെ ഒരു വിഭാഗം ഉടമകള്‍ സമ്മതപത്രം നല്‍കാന്‍ തയാറായിട്ടുണ്ട്. ശേഷിച്ചവര്‍ക്ക് സമ്മതപത്രം നല്‍കാന്‍ ഡിസംബര്‍ ഒന്നുവരെ സമയം അനുവദിച്ചു. പാലത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി നാല്മീറ്റര്‍ വീതം വീതിയില്‍ സര്‍വിസ് റോഡിനാണ് അലൈന്‍മെന്റില്‍ നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ കാവാലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായി പടിഞ്ഞാറ് മൂന്ന് മീറ്ററാക്കി ചുരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പി.ബ്ല്യൂ.ഡിയും സമ്മതം നല്‍കി.
താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. മുരളീധരന്‍പിള്ള, കുട്ടനാട് തഹസില്‍ദാര്‍ ആന്റണി സ്‌കറിയ, എല്‍.എ വിഭാഗം തഹസില്‍ദാര്‍ അനില്‍കുമാര്‍, പി.ഡബ്ല്യു.ഡി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ബീക്ഷ, കാവാലം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ രമേശ്, വൈസ് പ്രസിഡന്റ് ഒ.ജി ഷാജി, കുട്ടനാട് എം.എല്‍.എയുടെ പ്രതിനിധി കുഞ്ഞുമോന്‍, എല്‍.എ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഓഫിസ് സൂപ്രണ്ട് സുഗുണന്‍, കാവാലം പഞ്ചായത്തംഗങ്ങളായ രാജേന്ദ്രന്‍ മന്നത്ത്, സന്ധ്യ സുരേഷ്, ആര്‍.വി തിലകന്‍ പങ്കെടുത്തു.
അതേസമയം നാടിന്റെ സ്വപ്ന പദ്ധതിയായ കാവാലം പാലം നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കാന്‍ മുഴുവന്‍ ഉടമകളും സമ്മതപത്രം നല്‍കണമെന്നും വേഗത്തിലുള്ള ടെണ്ടര്‍ നടപടിക്കായി സഹകരിക്കണമെന്നും കാവാലം പാലം സമ്പാദക സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."