അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപ്: മാര്‍ഗനിര്‍ദേശങ്ങളായി
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ക്യാംപുകളിലെ ജീവിതസൗകര്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തൊഴിലുടമയോ കരാറുകാരോ തൊഴിലാളികളെ കുടുംബസമേതം പാര്‍പ്പിക്കുന്നുവെങ്കില്‍ 10 ചതുരശ്ര മീറ്ററുളള മുറിയും വരാന്തയും ഭക്ഷണം പാചകം ചെയ്യുന്നതിനുളള സ്ഥലവും, ശൗചാലയവും കുളിമുറിയും നല്‍കണം. ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ഈ രീതിയില്‍ താമസസൗകര്യം ഒരുക്കി ഓരോ മൂന്ന് കുടുംബങ്ങള്‍ക്കുമായി ഒരു ശൗചാലയവും ഒരു കുളിമുറിയെങ്കിലും നല്‍കണം.
ശൗചാലയങ്ങളില്‍ വെള്ളവും വെളിച്ചവും സ്വകാര്യതയും ലഭ്യമാക്കണം. കുടുംബസമേതമല്ലാതെ താമസിക്കുന്ന ഓരോ പത്ത് തൊഴിലാളികള്‍ക്കും വൃത്തിയും വായുസഞ്ചാരവും വെളിച്ചവും വൈദ്യുതീകരിച്ചതുമായ കുറഞ്ഞത് 6.5 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുമുളള മുറി സൗകര്യം നല്‍കണം.
പാചകം ചെയ്യാനുള്ള സൗകര്യവും ഒരുക്കണം. പൊതു ശൗചാലയവും കുളിമുറിയും നല്‍കണം. തൊഴിലെടുക്കുന്ന ഓരോ 25 തൊഴിലാളികള്‍ക്കും വെളളവും വെളിച്ചവും ശുചിത്വവുമുളള ഓരോ ശൗചാലയവും ഉണ്ടായിരിക്കണം. പ്രത്യേകം പ്രത്യേകം ഭിത്തി തിരിച്ച് ശൗചാലയങ്ങള്‍ക്ക് അടച്ചുറപ്പുളള വാതില്‍ നിര്‍മിക്കണം. നൂറുവരെ തൊഴിലാളികളുളള തൊഴിലിടങ്ങളില്‍ ഓരോ 25 പേര്‍ക്കും ഒരു ശൗചാലയവും 500 വരെ തൊഴിലാളികളുളള ഇടങ്ങളില്‍ 50 തൊഴിലാളികള്‍ക്ക് എന്നപ്രകാരം ഓരോ ശൗചാലയവും നല്‍കണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ നല്‍കണം. ഇവര്‍ക്ക് മനസിലാകുന്ന ഭാഷകളില്‍ ഫോര്‍ വിമണ്‍ ഒണ്‍ലി, ഫോര്‍ മെന്‍ ഒണ്‍ലി എന്ന് സൂചന നല്‍കണം.
താമസസ്ഥലത്തും ജോലി സ്ഥലങ്ങളിലും കുടിവെളളം ലഭ്യമാക്കണം. നൂറോ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ കാന്റീന്‍ സൗകര്യം ലഭ്യമാക്കണം. ഡൈനിങ് ഹാള്‍, കിച്ചന്‍, സ്റ്റോര്‍ റൂം, പാന്‍ട്രി, വാഷിങ് സൗകര്യം എന്നിവയും ഉണ്ടായിരിക്കണം. ഇരുപതോ അതില്‍ കൂടുതലോ സ്ത്രീകളായ തൊഴിലാളികളെ ജോലിയ്ക്ക് നിയമിച്ചിട്ടുളളഇടങ്ങളില്‍ അവരുടെ കുട്ടികള്‍ക്കായി ക്രഷ് സൗകര്യം ഉറപ്പാക്കണം.
കളിസ്ഥലമായി ഒരു മുറിയും കിടപ്പുമുറിയും പ്രത്യേകം ഉണ്ടായിരിക്കണം. കളിക്കോപ്പുകളും കിടപ്പുമുറിയില്‍ സൗകര്യങ്ങളും നല്‍കണം. താമസസ്ഥലത്തും പരിസരത്തും അപകടകരമായ രീതിയില്‍ നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിടാന്‍ പാടില്ല. നിര്‍ദേശിച്ചിരിക്കുന്ന സൗകര്യങ്ങള്‍ ഉറപ്പുവരുത്താത്ത പക്ഷം ലേബര്‍ കമ്മിഷണര്‍ ചട്ടപ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."