ജില്ലാ ആശുപത്രി നവീകരണം; പുരുഷന്‍മാരുടെ വാര്‍ഡ് പഴയപടി തന്നെ
മാനന്തവാടി: നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടച്ച് പൂട്ടിയ ജില്ലാ ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലെ നവീകരണ പ്രവര്‍ത്തികള്‍ ഇനിയും ആരംഭിച്ചില്ല.
വര്‍ഷങ്ങളായി യാതൊരു വിധ അറ്റകുറ്റപണികളും നടത്താതിരുന്ന പുരുഷന്‍മാരുടെ വാര്‍ഡ് ടൈല്‍ പതിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കായി മൂന്ന് മാസം മുന്‍പാണ് അടച്ച് പൂട്ടിയത്. ഈ കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളുടെ വാര്‍ഡില്‍ നിന്ന് രോഗികളെ സര്‍ജിക്കല്‍ വാര്‍ഡിലേക്ക് മാറ്റി ഇവിടെ പുരുഷന്‍മാരായ രോഗികള്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്ന സര്‍ജിക്കല്‍ വാര്‍ഡില്‍ സ്ത്രീകളായ രോഗികളെ കൂടി പ്രവേശിപ്പിച്ചതോടെ ഒന്നു തിരിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.
ശസ്ത്രക്രിയ കഴിഞ്ഞെത്തുന്ന പുരുഷന്‍മാരുള്‍പ്പെടെയുള്ളവരെയും സ്ത്രീകളായ രോഗികളെയുമെല്ലാം സര്‍ജിക്കല്‍ വാര്‍ഡിലാണ് കിടത്തിയിരിക്കുന്നത്. 100ലേറെപേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന വാര്‍ഡാണ് അറ്റകുറ്റപ്രവര്‍ത്തികളുടെ പേരില്‍ ഉപയോഗശൂന്യമായി കിടക്കുന്നത്. ജില്ലാപഞ്ചായത്ത് നവീകരണ പ്രവര്‍ത്തികള്‍ ടെണ്ടര്‍ നല്‍കി കരാറുകാരനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്.
എന്നാല്‍ കരാറുകാരന്റെ അനാസ്ഥയാണ് പ്രവര്‍ത്തികള്‍ വൈകാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്.
കാലവര്‍ഷം കൂടി ആരംഭിച്ചതോടെ പനി ബാധിതരടക്കം നൂറുകണക്കിന് ആളുകളാണ് നിത്യേന ചികിത്സ തേടി ജില്ലാ ആശുപത്രിയില്‍ എത്തുന്നത്. ഇവരെ കിടത്തി ചികിത്സിക്കാന്‍ ആവശ്യത്തിന് സൗകര്യമില്ലാതെ ആശുപത്രി ജീവനക്കാര്‍ നട്ടം തിരിയുമ്പോഴാണ് നിരവധി രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമായി മാറേണ്ട പുരുഷന്‍മാരുടെ വാര്‍ഡ് അറ്റകുറ്റപ്രവര്‍ത്തികളുടെ പേരില്‍ വെറുതെ കിടക്കുന്നത്.
ജില്ലാ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. കാലവര്‍ഷം ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് വാര്‍ഡ് തുറന്ന് കൊടുക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."