ഈദ് ആഘോഷം പ്രാര്‍ഥനക്കായി ഉപയോഗപ്പെടുത്തുക
ഭക്തിസാന്ദ്രമായ വിശുദ്ധ റമദാന്റെ 30 ദിനരാത്രങ്ങള്‍ക്ക് സമാപനം കുറിച്ച് ചക്രവാളത്തിന്റെ പടിഞ്ഞാറെ മാനത്ത് ശവ്വാലിന്‍ പിറവി ദൃഷ്യമായി. ലോകത്താകമാനം വിശ്വാസി സമൂഹം ഈദുല്‍ ഫിത്വര്‍ എന്ന ചെറിയ പെരുന്നാള്‍ ആഘോഷത്തിലാണ്.
ഫലസ്തീനിലും ഇറാഖിലും സിറിയയിലും കേട്ടുകൊണ്ടിരുന്ന ശുഭകരമല്ലാത്ത വാര്‍ത്തകള്‍ ഇന്ത്യാ മഹാരാജ്യത്തും നമ്മുടെ കൊച്ചു കേരളത്തിന്റെ മുക്കുമൂലകളിലും കേട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്താണ് ത്യാഗത്തിന്റെയും സഹനത്തിന്റെയും പരിസമാപ്തി കുറിച്ച് സമര്‍പണത്തിന്റെയും സമത്വത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഈദ് നമ്മിലേക്ക് കടന്നുവന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം തന്നില്‍ സംഭവിച്ച തെറ്റുകുറ്റങ്ങള്‍ പൊറുപ്പിക്കുന്നതിനും സ്രഷ്ടാവായ ഇലാഹിന്റെ സാമീപ്യം കരഗതമാക്കുന്നതിനും സഹജീവികളോട് കരുണയും ആര്‍ദ്രതയും പ്രകടിപ്പിച്ചും ആരാധനാ നിമഗ്നരായി വിശ്വാസി സമൂഹം കഴിഞ്ഞ 30 ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി.
പകല്‍ നോമ്പെടുത്ത് ലോകത്ത് പട്ടിണികിടക്കുന്നവന്റെ വിശപ്പിന്റെ കാഠിന്യത്തെ കുറിച്ച് ഓര്‍ക്കാനും രാത്രിയില്‍ തറാവീഹ്, വിത്‌റ്, തഹജ്ജുദ് തുടങ്ങിയ സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍വഹിച്ച് മുന്‍ഗാമികളുടെ വഴിയെ സഞ്ചരിക്കാനും വിശ്വാസികള്‍ മത്സരിച്ചു.
വിശുദ്ധ റമദാന്‍ വിടപറയുന്നത് ഒരുപാട് സുകൃതങ്ങള്‍ ഓരോരുത്തരിലും അവശേഷിപ്പിച്ചാണ്. സഹജീവികളുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ അനുകമ്പ കാണിക്കാനുമുണ്ടായ മനസിന്റെ ആര്‍ദ്രത, പാതിരാത്രിയിലും സ്രഷ്ടാവിനോട് പൊട്ടിക്കരഞ്ഞ മനസിന്റെ ലോലുപത, അഞ്ചുനേരവും തറാവീഹിലും കൃത്യമായി ജമാഅത്തുകളില്‍ പങ്കെടുത്ത് പരസ്പരമുണ്ടാക്കിയ സൗഹൃദാന്തരീക്ഷം ഇതൊക്കെ ജീവിതത്തിലുടനീളം കൈമോശം വരാതെ സൂക്ഷിക്കേണ്ടതുണ്ട്.
വിശുദ്ധ റമദാന്‍ മാത്രമേ വിടപറയുന്നുള്ളൂ, പള്ളിയും ജമാഅത്തും സഹജീവികളുമൊക്കെ ഇവിടെതന്നെയുണ്ടാവും. ഈദ് ആഘോഷിക്കാനുള്ളതാണ്. ഇസ്‌ലാമില്‍ ആഘോഷം അനുവദിനീയമാക്കിയത് രണ്ട് ഈദ് ദിനങ്ങളിലാണ്.
പക്ഷെ ആഘോഷം അതിര് ലംഘിക്കരുതെന്ന് മാത്രം. നിസ്‌കാരം നിര്‍വഹിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയും കുടുംബ-അയല്‍പക്കങ്ങളില്‍ സന്ദര്‍ശനം നടത്തിയും അഗതികളുടെയും അശരണരുടെയും കണ്ണീരൊപ്പിയുമാണ് വിശ്വാസി ഈദ് ആഘോഷിക്കേണ്ടത്. ചെറിയ പെരുന്നാള്‍ സുദിനത്തില്‍ ഒരു വിശ്വാസിയും പട്ടിണി കിടക്കരുതെന്ന ഇസ്്‌ലാമിന്റെ സമഭാവനയുടെ ദര്‍ശനമാണ് ഫിത്വര്‍ സകാത്ത് തെളിയിക്കുന്നത്.
തനിക്കും തന്റെ കുടുംബത്തിനും നിര്‍ബന്ധമായ ഫിത്ര്‍ സകാത്ത് കൊടുത്തു വീട്ടാനും വിശ്വാസി ഈ ദിനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഇന്ത്യയിലുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി മനമുരുകി പ്രാര്‍ഥിക്കാനും വിശ്വാസി കടപ്പെട്ടവനാണ്. പ്രാര്‍ഥനയാണല്ലോ നമ്മുടെ ആയുധം. മുഴുവന്‍ സത്യവിശ്വാസികള്‍ക്കും ഈദ് ആശംസകള്‍.....അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
(സമസ്ത കേന്ദ്ര മുശാവറ അംഗം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."