തുടക്കം കെ.എസ്.യുവില്‍, ജ്വലിച്ചുനില്‍ക്കവെ വിടവാങ്ങല്‍
കൊച്ചി: കെ.എസ്.യുവിലൂടെയാണ് എം.ഐ ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫാറൂഖ് കോളജ് യൂനിയന്‍ ചെയര്‍മാന്‍, 1972- 73 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍, 1978ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ.പി.സി.സി ജോയിന്റ് സെക്രട്ടറി, 1985ല്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ റെക്കോര്‍ഡും ഷാനവാസിന്റെ പേരിലാണ്.
യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളില്‍ ഐ ഗ്രൂപ്പില്‍നിന്നു തന്നെ തിരുത്തല്‍ ശക്തികളായി രംഗത്തുവന്ന മൂന്നു നേതാക്കളില്‍ രമേശ് ചെന്നിത്തലക്കും ജി. കാര്‍ത്തികേയനും ഒപ്പം ഷാനവാസും രാഷ്ട്രീയശ്രദ്ധ നേടി.
കോഴിക്കോട് ഫാറൂഖ് കോളജില്‍നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എറണാകുളം ലോ കോളജില്‍നിന്ന് എല്‍.എല്‍.ബിയും നേടിയ ഷാനവാസ് ഇടക്കാലത്ത് എറണാകുളത്ത് അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അഞ്ചു തവണ പരാജയം അറിഞ്ഞശേഷമായിരുന്നു ഷാനവാസിന്റെ തുടര്‍ച്ചയായ വിജയം.
1987ലും 1991 ലും വടക്കേക്കരയില്‍നിന്നും 1996ല്‍ പട്ടാമ്പിയില്‍നിന്നും നിയമസഭയിലേക്കു ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1999 ലും 2004 ലും ചിറയിന്‍കീഴ് മണ്ഡലത്തില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാല്‍, 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നു വിജയിച്ചത്. 2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് സജീവ രാഷ്ട്രീയത്തില്‍നിന്നു മാറിനിന്നെങ്കിലും ചികിത്സകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചു വീണ്ടും പാര്‍ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ അംഗമായിരുന്നു. എം.പി ലാഡ്‌സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."