വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി നിയമപരിരക്ഷ : പതിനൊന്നാം ശമ്പള കമ്മിഷനെയും നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി യൂനിയനുകള്‍ രൂപീകരിക്കുന്നതിനും ന്യായമായ താല്‍പര്യങ്ങളും അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താനും ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.
2019ലെ കേരള വിദ്യാര്‍ഥി യൂനിയനുകളും വിദ്യാര്‍ഥി പരിഹാര അതോറിറ്റിയും ആക്ട് എന്ന പേരിലായിരിക്കും നിയമം അറിയപ്പെടുക.
സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍വരും. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ക്ക് പരിഹാരം കാണാനുള്ള അതോറിറ്റി രൂപീകരണവും ബില്ലില്‍ ഇടംപിടിച്ചിട്ടുണ്ട്.
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് കെ.മോഹന്‍ദാസ് (റിട്ട. ഐ.എ.എസ്) ചെയര്‍മാനായി കമ്മിഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രൊഫ.എം.കെ. സുകുമാരന്‍ നായര്‍ (ഹോണററി ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ബജറ്ററി സ്റ്റഡീസ്, കുസാറ്റ്), അഡ്വ. അശോക് മാമന്‍ ചെറിയാന്‍ എന്നിവര്‍ പതിനൊന്നാം ശമ്പള കമ്മിഷന്‍ അംഗങ്ങളാണ്.
കമ്മിഷന്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിലവിലെ പത്താം ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി 2019 ജൂണ്‍ 30-ന് അവസാനിച്ചിട്ടുണ്ട്. അതിനാല്‍ 2019 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ ശമ്പളം പരിഷ്‌കരിക്കാനാണ് തീരുമാനം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്ന തത്വമനുസരിച്ചാണ് പുതിയ കമ്മിഷനെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."