അപ്രോച്ച് റോഡിനു സ്ഥലമേറ്റെടുക്കല്‍ വൈകുന്നു; പിന്മാറാനൊരുങ്ങി കരാര്‍ കമ്പനി
പരപ്പനങ്ങാടി: ഇരുപത്തിമൂന്ന് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടുങ്ങല്‍-ഒട്ടുംപുറം പാലത്തിന്റെ അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ വൈകുന്നത് കാരണം നിര്‍മാണ കമ്പനി പിന്മാറാനൊരുങ്ങുന്നു. താനൂര്‍ മണ്ഡലത്തിലാണ് ഇനിയും 160 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നത് അനിശ്ചിതമായിനീളുന്നത്. പരപ്പനങ്ങാടി -താനൂര്‍ നഗരസഭകളെ ബന്ധിപ്പിക്കുന്നതാണ് പാലം.
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടിയില്‍ ആവശ്യമായ 155 മീറ്റര്‍ സ്ഥലം ഏറ്റെടുത്തു ഇരുപതു മീറ്റര്‍ വീതിയില്‍ അപ്രോച്ച്‌റോഡ് നിര്‍മാണം ഭാഗികമായി പൂര്‍ത്തിയായിട്ടുണ്ട്. 400 മീറ്റര്‍ സ്ഥലത്തിനു പകരം കേവലം 160 മീറ്റര്‍ മാത്രമാണ് ഇവിടെ ലഭ്യമായത്. 2013 ഒക്ടോബര്‍ 13ന് പണി ആരംഭിച്ച് ഒന്നര വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിനു 210 മീറ്റര്‍ നീളവും പതിനൊന്നര മീറ്റര്‍ വീതിയില്‍ ഇരട്ട പാതയും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. നാവികജലഗതാഗത റൂട്ടായതിനാല്‍ മധ്യഭാഗം ഉയരം ഏഴര മീറ്ററാണ്. റോഡ്ഗതാഗത രംഗത്തെ വമ്പന്‍ പദ്ധതികളിലൊന്നായ തീരദേശ ഇടനാഴിയിലെ ഏറ്റവും വലിയപാലമാണിത്.
ദേശീയപാതയിലെ തിരക്കും അപകടമേഖലയായ വട്ടപ്പാറ, പാണമ്പ്ര തുടങ്ങിയ സ്ഥലങ്ങള്‍ ഒഴിവാക്കി വളവും തിരിവും കയറ്റവും ഇറക്കവും ഇല്ലാതെ തീരദേശസമതല പ്രദേശത്തുകൂടെ സഞ്ചരിക്കാനുതകുന്ന പാതയാണിത്. കൊച്ചി-കോഴിക്കോട് റൂട്ടില്‍ 23 കി.മി. ദൂരം കുറയുമെന്നാണ് കണക്കാക്കുന്നത്. പാലം നിര്‍മാണത്തിന്റെ ഒരോ ഘട്ടങ്ങളിലും ജനപ്രതിനിധികളായ അബ്ദുറബ്ബും അബ്ദുറഹിമാന്‍ രണ്ടത്താണിയും ഇടപെടുകയും തടസങ്ങള്‍ നീക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളും നടത്തിയതിന്റെ ഫലമായാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കാനായത്.
അപ്രോച്ച് റോഡിന് താനൂര്‍ ഭാഗത്തെ ശേഷിച്ച ഇരുപതു പേരുടെ സ്ഥലമാണ് ഏറ്റെടുക്കുവാനുള്ളത്. ഇതില്‍ ഒന്‍പത് പേര്‍ സമ്മതപത്രം നല്‍കിക്കഴിഞ്ഞു. ഈ സ്ഥലം കിട്ടാന്‍ താമസം വന്നതോടെയാണ് വിട്ടുകിട്ടിയ സ്ഥലത്തെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി സെക്യൂറാ ഫൗണ്ടേഷന്‍ കമ്പനി മടങ്ങിപോകുന്നതെന്നാണ് അറിയുന്നത്. പരപ്പനങ്ങാടി ഭാഗത്തെ നിര്‍മാണ സാമഗ്രികളും നിര്‍മാണ വസ്തുക്കളും ഇന്നലെ ലോറിയില്‍ കയറ്റി കൊണ്ട് പോവാന്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."