പാലില്‍ മായംചേര്‍ക്കുന്നതിനെതിരേ സുപ്രിംകോടതി
ന്യൂഡല്‍ഹി: പാലില്‍ മായംചേര്‍ത്തുവില്‍ക്കുന്നതു തടയുന്നതിനുള്ള നിയമം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദേശം. രാസവസ്തുക്കള്‍ പാലില്‍ ചേര്‍ക്കുന്നവര്‍ക്കു ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന വിധത്തില്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം (എഫ്.എസ്.എ) ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങുന്ന മൂന്നംഗ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു. പാലില്‍ മായംചേര്‍ക്കുന്നതു നിലവില്‍ ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്നകുറ്റമായാണ് ഇന്ത്യന്‍ കുറ്റകൃത്യ നിയമ(ഐ.പി.സി)ത്തില്‍ പറയുന്നത്. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതു വര്‍ധിപ്പിക്കാനാണ് ബെഞ്ചിന്റെ നിര്‍ദേശം. പാലില്‍ മായം ചേര്‍ക്കുന്നതും വ്യാജപാലും രാജ്യത്ത് വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളുടെ പ്രധാന ആഹാരമായ പാലില്‍ മായം ചേര്‍ക്കുന്നത് അടുത്ത തലമുറയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗൗരവമുള്ള വിഷയമായതിനാല്‍ ഇതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി.
ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷയുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യമൊട്ടാകെ സമാനമായ ശിക്ഷാരീതി നടപ്പാക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുകയാണെങ്കില്‍ ഇതൊരു ഉത്തരവായി പരിഗണിക്കാവുന്നതാണ്. ഇതിനായി ഭക്ഷ്യ സുരക്ഷാ നിലവാര നിയമത്തില്‍ ഭേദഗതി കൊണ്ടുവരാവുന്നതാണ്. പാല്‍ പവിത്രമായ ഭക്ഷണമാണ്. അതില്‍ മായംചേര്‍ക്കല്‍ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര കുറ്റമാണ്. അതോടൊപ്പം പാലില്‍ മായംചേര്‍ക്കുന്നതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കണം. ഇതിനായി പഠനക്ലാസുകള്‍ നടത്തണം. ജനങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പരാതികള്‍ സ്വീകരിക്കാനും പരിശോധിക്കാനും നടപടിയെടുക്കാനും കേന്ദ്രവും സംസ്ഥാനങ്ങളും സംവിധാനം രൂപീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പരമ്പരാഗതമായി ഇന്ത്യയിലെ നവജാതശിശുക്കളും കുട്ടികളും പാല്‍കുടിക്കുന്നവരാണ്. അതിനാല്‍ തന്നെ പാലില്‍ മായം ചേര്‍ക്കുന്നതു എന്തുവിലകൊടുത്തും അവസാനിപ്പിക്കേണ്ടതുണ്ടെന്നും വിപണിയില്‍ വില്‍ക്കപ്പെടുന്ന 68.4 ശതമാനം പാലിലും മായംചേര്‍ത്തിട്ടുണ്ടെന്ന ഭക്ഷ്യ സുരക്ഷാനിലവാര അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) 2011ലെ റിപ്പോര്‍ട്ട് പരാമര്‍ശിച്ചുകൊണ്ട് കോടതി വിശദീകരിച്ചു. രാജ്യത്തെമ്പാടും മായംചേര്‍ത്ത പാല്‍ വില്‍ക്കുന്നുണ്ടെന്നും ബിഹാര്‍, ഛത്തിസ്ഗഢ്, ഒഡിഷ, പശ്ചിമബംഗാള്‍, മിസോറാം, ജാര്‍ഖണ്ഡ്, ദാമന്‍ ആന്‍ഡ് ദിയു എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയതെന്നും എഫ്.എസ്.എസ്.എ.ഐയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ മായംചേര്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്ത് കൃത്രിമപ്പാലുകള്‍ വിപണിയില്‍ ധാരാളമായി വില്‍ക്കപ്പെടുന്നുണ്ടെന്നും ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."