വയനാടിന് നഷ്ടമായത് ഒരു പതിറ്റാണ്ടുകാലത്തെ എം.പിയെ
കല്‍പ്പറ്റ: വയനാടിന് നഷ്ടമായത് ഒരു പതിറ്റാണ്ടുകാലത്തെ എം.പിയെ.
അപ്രതീക്ഷിതമായെത്തി അവിചാരിതമായി വിടവാങ്ങുമ്പോള്‍ ഷാനവാസിന്റെ ജീവിതം വയനാടിനായി ബാക്കിവെച്ച് പോയ നിരവധി ഓര്‍മകളുണ്ട്. 2009ലാണ് വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി ഷാനവാസ് ചുരം കയറിയെത്തുന്നത്. വയനാട്ടുകാര്‍ക്ക് നേരിട്ടറിയില്ലെങ്കിലും ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടി പരിപാടികളിലും യു.ഡി.എഫിനായി വാദിക്കുന്നത് പലരും കണ്ടിട്ടുണ്ട്. അധികം താമസിക്കാതെ അതിവേഗം വയനാട്ടുകാര്‍ക്കിടയില്‍ പരിചിതനായി മാറാന്‍ കഴിഞ്ഞ ഷാനാവാസ് പതിയെ അവരിലൊരാളായി മാറി. അവരുടെ സ്‌നേഹവായ്പുകളേറ്റുവാങ്ങി. ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ടിറങ്ങിച്ചെന്നുള്ള പ്രവര്‍ത്തന വൈദഗ്ധ്യവും നേരില്‍കണ്ടതോടെ യു.ഡി.എഫിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന വയനാട്ടില്‍ സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നാക്കം നിന്നിരുന്ന വയനാടിനെ പതിയെ ക്ഷേമപദ്ധതികളിലൂടെ മാറ്റിയെടുക്കാനായിരുന്നു അദ്യശ്രമം.
അത് വിജയം കാണുകയും ചെയ്തു. അടിസ്ഥാന സൗകര്യ മേഖല അനായാസം മാറിത്തുടങ്ങി. 1056 കോടി രൂപയുടെ വികസനമാണ് ആദ്യ അഞ്ചു വര്‍ഷം ഷാനവാസ് മണ്ഡലത്തില്‍ നടപ്പിലാക്കിയത്. വികസനപ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ തന്നെയായിരുന്നു രണ്ടാം അങ്കത്തിനുമിറങ്ങിയത്. രണ്ടാം തവണയും ഷാനവാസിനെ തേടി വിജയമെത്തി. ഇന്ത്യയിലൊന്നാകെ കോണ്‍ഗ്രസിന് പ്രതികൂലമായ സാഹചര്യത്തിലും ഷാനവാസ് വിജയിച്ച് കയറി. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ വയനാട്ടില്‍ അദ്ദേഹം നിരവധി വികസനപദ്ധതികളും കൊണ്ടുവന്നു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് 100 കോടി, സ്‌പൈസ് ബോര്‍ഡ് മുഖേന കുരുമുളക് കര്‍ഷകരുടെ ഉന്നമനത്തിനായി 52 കോടി, കാപ്പികര്‍ഷകരുടെ കടാശ്വാസപദ്ധതിക്കായി 44 കോടി, ബി.ആര്‍.ജി.എഫ് പദ്ധതി പ്രകാരം 70 കോടി, മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് നാല് കോടി എന്നിങ്ങനെ നീണ്ടുകിടക്കുകയാണ് ആ പട്ടിക.
എ. രാജ, ദ്രുവ് നാരായണന്‍ എന്നീ എം.പിമാരുമായി ചേര്‍ന്ന് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ റെയില്‍വെ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കാണുകയും റെയില്‍പാതക്കായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ശ്രീചിത്ര മെഡിക്കല്‍ സയന്‍സിന്റെ കേന്ദ്രം വയനാട്ടില്‍ കൊണ്ടുവരുകയെന്നതായിരുന്നു ഷാനവാസിന്റെ മറ്റൊരു ലക്ഷ്യം.
സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ ഗോപാല്‍സുബ്രഹ്മണ്യത്തെ പോലുള്ള പ്രഗത്ഭ അഭിഭാഷകനെ വെക്കാന്‍ തീരുമാനിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."