കേരളം പുതു മുന്നേറ്റത്തിലേക്ക്
ഐക്യകേരളത്തിന് അറുപത്തിമൂന്നു വയസ്സ് തികയുന്നു. തിരു- കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബര്‍ ഒന്നിനാണ്. മലയാളികളുടെ മഹത്തായ ഒരു സ്വപ്നമാണ് അന്ന് സഫലമായത് എന്നു പറയാം. ഒരേ ഭാഷ സംസാരിക്കുന്നവരെങ്കിലും ഒരേ സംസ്‌കാരം പങ്കിടുന്നവരെങ്കിലും ഭരണസംവിധാനങ്ങളാല്‍ വിഘടിതമായി കിടന്നിരുന്ന പ്രവിശ്യകളും ജനങ്ങളും ഒരേപോലെ ആഗ്രഹിച്ചതാണ് കേരളം എന്ന തലക്കെട്ടിനു കീഴില്‍ ഒരുമിക്കണമെന്ന്. ആ ആഗ്രഹത്തിന്റെ നീണ്ട പശ്ചാത്തലമുണ്ടായിരുന്നുവെന്നതു കൊണ്ടുതന്നെ ഔദ്യോഗികമെങ്കിലും വൈകാരികം കൂടിയായി 1956 നവംബര്‍ ഒന്നിനുണ്ടായ യോജിപ്പ്.
മദ്രാസ് റസിഡന്‍സിയുടെ ഭാഗമായിരുന്നു മലബാര്‍. തിരുവിതാംകൂറും കൊച്ചിയുമാകട്ടെ രാജഭരണത്തിനു കീഴിലായിരുന്നു. ഇങ്ങനെ നോക്കിയാല്‍ വൈജാത്യങ്ങള്‍ കുറച്ചൊക്കെയുണ്ടായിരുന്നു. എന്നാല്‍, അവയൊക്കെ കടന്നുനില്‍ക്കുന്ന മലയാളത്തിന്റെ, കേരളീയതയുടെ മൂല്യങ്ങള്‍ ജനമനസ്സുകളെ നേരത്തേതന്നെ ഇണക്കിനിര്‍ത്തിയിരുന്നുതാനും. വൈജാത്യങ്ങളെ നിഷ്പ്രഭമാക്കുന്ന യോജിപ്പുകള്‍ ഉണ്ടായിരുന്നുവെന്നു ചുരുക്കം. അതുകൊണ്ടാണല്ലൊ, സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ 1949ല്‍ തന്നെ, തിരുവിതാംകൂറും കൊച്ചിയും സംയോജിതമായി തിരു-കൊച്ചി രൂപപ്പെട്ടത്. ഐക്യകേരളമുണ്ടായി വരുന്നതിന്റെ ആദ്യപടിയായി അതിനെ കാണാവുന്നതാണ്.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്‍നിര്‍ണയം സാധ്യമാക്കാന്‍ വേണ്ടി ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചവരുണ്ട്. അവര്‍ക്ക് ഭാവിയെക്കുറിച്ച് ഒരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ സാധിച്ചോ? ആ നിലയ്ക്കുള്ള ഒരു ആത്മപരിശോധന കൂടി നടത്തേണ്ട സമയമാണിത്.കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ നമ്മള്‍ ഏറെ മാറ്റി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ മുമ്പോട്ടുപോയി. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരത, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവയൊക്കെ ആ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള യാത്രയിലെ നാഴികക്കല്ലുകളായി നമുക്ക് അടയാളപ്പെടുത്താം. അതിന്റെ തുടര്‍ച്ച തന്നെയാണ് ദലിത് സമൂഹത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ പൂജാരിമാരായി നിയമനം നല്‍കിയതടക്കമുള്ള ഈ ഗവണ്‍മെന്റിന്റെ നവോഥാന നടപടികള്‍.
ഐക്യകേരള സ്വപ്നത്തിന്റെ ഭാഗമായിരുന്ന പ്രധാനപ്പെട്ട ഒരു സങ്കല്‍പം സ്വാശ്രയത്വത്തെ കുറിച്ചുള്ളതായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ സ്വാശ്രയത്വത്തിന്റെ വഴിക്കുള്ള നീക്കങ്ങളെ വലിയ ഒരളവില്‍ തകര്‍ക്കുന്ന നടപടികള്‍ നാം നേരിടുന്ന കാലമാണിത്. ആസിയാന്‍ കരാര്‍ ഉള്‍പ്പെടെയുള്ളവയിലൂടെ ഇതിന്റെ കയ്പ്പ് നാം നേരത്തേ തന്നെ രുചിച്ചു. ഇപ്പോഴിതാ ആര്‍.സി.ഇ.പി കരാറിലേക്കു കടക്കുകയാണ് രാജ്യം. കേരളത്തിന്റെ സമ്പദ്ഘടനയെ പൊതുവിലും കാര്‍ഷിക സമ്പദ്ഘടനയെ പ്രത്യേകിച്ചും തകര്‍ക്കുന്നതാണിത്. സ്വാശ്രയത്വശ്രമങ്ങളെ അട്ടിമറിക്കുന്നതാണിത്. ഇതില്‍ നമുക്ക് വലിയ ഉല്‍ക്കണ്ഠയുണ്ട്. ആ ഉല്‍ക്കണ്ഠ കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. സമാനസ്വഭാവത്തിലുള്ള കരാറുകള്‍മൂലം വന്‍ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന സംസ്ഥാനമാണ് നമ്മുടേത്. ആര്‍.സി.ഇ.പി കൂടി വരുമ്പോള്‍ കാര്‍ഷിക, ക്ഷീര, മത്സ്യ, വ്യാവസായിക ഉല്‍പന്നങ്ങളുടെ ഒക്കെ ഇറക്കുമതി ഇനിയും കൂടുതല്‍ ഉദാരമാകും. ഇത് നമ്മുടെ സമ്പദ്ഘടനയെ വല്ലാതെ ഞെരുക്കും. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച ഉണ്ടാകും. കാര്‍ഷിക ജനജീവിതം ദുരന്തത്തിലേക്കു നീങ്ങും. ഇത് ഗൗരവമുള്ള കാര്യം തന്നെയാണ്.
തുടര്‍ച്ചയായി രണ്ട് വെള്ളപ്പൊക്കങ്ങളാണല്ലോ നമുക്ക് നേരിടേണ്ടിവന്നത്. നാശനഷ്ടത്തിന്റെ ഏഴിലൊന്നുപോലും നമുക്ക് പരിഹാരത്തുകയായി ലഭിച്ചില്ല. പല സ്രോതസ്സുകളില്‍ നിന്നായി സഹായവാഗ്ദാനമുണ്ടായി. അവ സ്വീകരിക്കുന്നതിനും അനുമതിയുണ്ടായില്ല. പ്രകൃതിക്ഷോഭ നഷ്ടപരിഹാരങ്ങളുടെ മാനദണ്ഡം പരിഷ്‌കരിക്കണമെന്ന ആവശ്യത്തോടു പോലും അനുകൂലമായ സമീപനമുണ്ടായില്ല. കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ സമീപനം കേന്ദ്രത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതും ഐക്യകേരള പിറവി ദിനത്തില്‍ നാം ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണ്.
പാലക്കാട് കോച്ച് ഫാക്ടറി, എയിംസ് തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ഏട്ടിലെ പശുവായി നില്‍ക്കുന്നതേയുള്ളു. നമ്മളുടെ സാമൂഹ്യഘടനയുടെ നട്ടെല്ലാണ് സഹകരണപ്രസ്ഥാനം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവു ലഭ്യമാക്കുക, സഹകരണ ആശുപത്രികളെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. കേരളത്തിന്റെ ഇത്തരം ആവശ്യങ്ങള്‍ ന്യായയുക്തമാണ്. അവയെല്ലാം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി നാം നമ്മെത്തന്നെ പുനരര്‍പ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യാനുള്ള അവസരം കൂടിയാണിത്.
ഒരു ജനതയുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഭാഷ വലിയ ഒരു അടിസ്ഥാനമാണ്. ആ അടിത്തറ തകര്‍ന്നാല്‍ നാടില്ല, സമൂഹമില്ല. മലയാളം ശ്രേഷ്ഠഭാഷയായി എന്നു പറഞ്ഞു വിശ്രമിക്കാനാവില്ല. ആ ഭാഷയെ അധ്യയനഭാഷയാക്കാന്‍ കഴിഞ്ഞോ? പ്രയോഗതലത്തില്‍ പൂര്‍ണ അര്‍ഥത്തില്‍ ഭരണഭാഷയാക്കാന്‍ കഴിഞ്ഞോ? കോടതി ഭാഷയാക്കാന്‍ കഴിഞ്ഞോ? ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിത്യജീവിത സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനു മറുപടി പറയാന്‍ കഴിയണം.
കേരളത്തില്‍ ഇന്ന് എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാണ്. കേരളത്തിലെ ഏതാണ്ട് 97 ശതമാനം പേര്‍ മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഭരണനടപടികള്‍ മലയാളത്തിലായിരിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. ജാതി-മത-വര്‍ണ രാഷ്ട്രീയ ചിന്തകള്‍ക്കുപരിയായി സാമൂഹികമായും സാംസ്‌കാരികമായും വൈകാരികമായും കേരളജനതയെ ഇണക്കിനിര്‍ത്തുന്ന പ്രധാന ഘടകം മലയാളഭാഷയാണ്. അതിനാല്‍ പഠനം, ഭരണം തുടങ്ങി കേരളീയരുടെ എല്ലാ സാമൂഹികമണ്ഡലങ്ങളിലും മലയാളഭാഷാ വ്യാപനം സാധ്യമാകേണ്ടതുണ്ട്.
ഭരണരംഗത്ത് മലയാളം ഉപയോഗിക്കേണ്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ നടത്തുന്ന മത്സരപ്പരീക്ഷകള്‍ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷാധിഷ്ഠിതമാണ്. ഈ വൈരുദ്ധ്യം ഭരണഭാഷാവ്യാപനത്തിന് പ്രതികൂലമാകുന്നുണ്ട്. സാധാരണക്കാരായ കേരളജനതയെ സേവിക്കാനാണ് കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ സര്‍ക്കാരുദ്യോഗസ്ഥരെ നിയമിക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വരുന്നവര്‍ മലയാളത്തില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്നവരാകണം. എങ്കിലേ മലയാളം മാത്രം അറിയുന്ന സാധാരണക്കാരായ മനുഷ്യര്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയൂ. അതിനാല്‍ കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ നടത്തുന്ന നിയമനപ്പരീക്ഷകളില്‍ ചോദ്യക്കടലാസ് മലയാളത്തില്‍ക്കൂടി നല്‍കണമെന്ന് സര്‍ക്കാര്‍ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നൂറ് ശതമാനം വൈദ്യുതീകരണം നടപ്പാക്കിയ ആദ്യ സംസ്ഥാനം, ട്രാന്‍സ്ജന്റര്‍ പോളിസി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം, വനിതാക്ഷേമവും ജന്റര്‍ ബജറ്റിങും ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം, സ്വന്തമായി ബാങ്കുള്ള ആദ്യ സംസ്ഥാനം, പേ റോള്‍, പെന്‍ഷന്‍, ഉദ്യോഗസ്ഥവിവരങ്ങള്‍ എന്നിവ അക്കൗണ്ടന്റ് ജനറലിന്റെയും റിസര്‍വ് ബാങ്കിന്റെയും സംവിധാനങ്ങളുമായി പൂര്‍ണമായും സംയോജിപ്പിച്ച് വികസിപ്പിച്ച ആദ്യ സംസ്ഥാനം, വര്‍ഗീയ ലഹളകളില്‍ നിന്ന് മുക്തമായ ഏക സംസ്ഥാനം, പട്ടികജാതി-വര്‍ഗ വിഭാഗത്തിന് ജനസംഖ്യാനുപാതത്തെക്കാള്‍ കൂടുതല്‍ തുക വികസനഫണ്ടായി നീക്കിവയ്ക്കുന്ന ഏക സംസ്ഥാനം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ ഇക്കാലയളവിനുള്ളില്‍ കേരളത്തിനായി. മാത്രമല്ല, ഐക്യരാഷ്ട്രസഭയും നീതി ആയോഗും ചേര്‍ന്നു തയ്യാറാക്കിയ സുസ്ഥിര വികസന ലക്ഷ്യസൂചികയില്‍ 69 പോയിന്റുമായി ഒന്നാമതെത്തിയതും കേരളമാണ്. നേട്ടങ്ങളുടെ ഈ പട്ടിക വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.
നാടിന്റെ സംസ്‌കാരത്തെ നമുക്ക് വീണ്ടെടുത്തു ശക്തിപ്പെടുത്താന്‍ കഴിയണം. മഹാകവി വള്ളത്തോളിന്റെ പ്രശസ്തമായ ആ നാലുവരി ഉദ്ധരിക്കട്ടെ.
'ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാവണമന്തരംഗം.
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍'.
കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ആത്മാഭിമാനമുള്ള ഒരു ജനത എന്ന നിലയ്ക്കു മലയാളക്കരയെ, ഇവിടുത്തെ ആള്‍ക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകണം. ജാതി ജീര്‍ണതകള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായി മലയാളി മനസ്സ് ഒരുമിക്കുന്നതിനുള്ള തുടര്‍ നവോഥാന മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവി എന്ന് ആശംസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."