എരുമപ്പെട്ടി പഞ്ചായത്തില്‍ പശുക്കള്‍ക്ക് കുളമ്പ് രോഗം പടര്‍ന്ന് പിടിക്കുന്നു
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തില്‍ പശുക്കള്‍ക്ക് കുളമ്പ് രോഗം പടര്‍ന്ന് പിടിക്കുന്നു .പഞ്ചായത്തും മൃഗാശുപത്രിയും ചേര്‍ന്ന് കിടാരി പദ്ധതി പ്രകാരം വിതരണം ചെയ്ത പശുകുട്ടികളിലാണ് കൂടുതലായും കുളമ്പുരോഗം കണ്ടെത്തിയിരിക്കുന്നത്.
ഒരു പശു രോഗം പിടിപ്പെട്ട് ചത്തു. കരിയന്നൂര്‍ മേലെപുരയ്ക്കല്‍ അംബികയ്ക്ക് പദ്ധയില്‍ ലഭിച്ച പശുകുട്ടിയാണ് ചത്തത്. കരിയന്നൂര്‍, ചിറ്റണ്ട മേഖലകളിലാണ് പശുക്കളില്‍ കുളമ്പുരോഗം പടര്‍ന്ന് കൊണ്ടിരിക്കുന്നത്.
എരുമപ്പെട്ടി നെല്ലുവായ് മൃഗാശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുവന്ന 28 പശുക്കള്‍ക്ക് കുളമ്പുരോഗം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കരിയന്നൂരില്‍ 20 പശുക്കളിലും ചിണ്ടയില്‍ എട്ട് പശുക്കളിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്ത് വിതരണം ചെയ്ത പശുക്കുട്ടികളില്‍ നിന്നാണ് രോഗം പകരുന്നത്.
കൂടുതല്‍ പശുക്കളില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ പഞ്ചായത്തിന്റേയും വെറ്റിനറി വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ പശുക്കള്‍ക്ക് അടിയന്തര കുത്തിവെയ്പ്പ് ആരംഭിക്കും. ചികിത്സ നടത്തിയാല്‍ രോഗം പൂര്‍ണമായും ഭേദപ്പെടുത്താന്‍ സാധിക്കുമെന്ന് വെറ്റിനറി സര്‍ജന്‍ ഡോ.ജോഷി പറഞ്ഞു.
രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ പഞ്ചായത്തിലേക്ക് പശുക്കളെ കൊണ്ടുവരുന്നതും കൊണ്ട് പോകുന്നതും പൂര്‍ണമായും ഒഴിവാക്കണമെന്നും വെറ്റിനറി വിഭാഗം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി പഞ്ചായത്ത് അടിയന്തരമായി 10000 രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കിടാരി വിതരണപദ്ധതി രോഗവിമുക്തി നേടുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് മീന ശലമോന്‍ അറിയിച്ചു.
അതേസമയം പഞ്ചായത്ത് നല്‍കിയ പശുകുട്ടികള്‍ വഴി കുളമ്പ് രോഗം പടര്‍ന്ന് പിടിക്കുന്നത് ക്ഷീര കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
വായ്പയെടുത്ത് പശുക്കളെ വാങ്ങിച്ച കര്‍ഷര്‍ക്ക് പാല്‍ വിതരണം നടത്താന്‍ കഴിയാത്തത് പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. ജില്ല വെറ്റിനറി വിഭാഗം രോഗം പകരുന്ന മേഖലകളില്‍ സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."