പട്ടാപ്പകല്‍ മോഷണം; കാമറയില്‍ കുടുങ്ങിയയാള്‍ പിടിയില്‍
കാസര്‍കോട്: പട്ടാപ്പകല്‍ നടത്തിയ കവര്‍ച്ചയ്ക്കിടെ നഗരത്തിലെ ജ്വല്ലറിയിലെ സി.സി.ടി.വിയില്‍ കുടുങ്ങിയ പെര്‍ള സ്വദേശി പൊലിസിന്റെ പിടിയിലായി. തൊണ്ടി മുതല്‍ സൂക്ഷിക്കാനായി ഇയാള്‍ ആലംപാടി എരിയപ്പാടിയില്‍ കടമുറി തന്നെ വാടകയ്‌ക്കെടുത്തിരുന്നു. മുറിയില്‍ നിന്നു നിരവധി മോഷണ വസ്തുക്കള്‍ കണ്ടെടുത്തു. വിദ്യാനഗര്‍ പൊലിസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
നഗരത്തില്‍ മൊബൈല്‍ മൊത്ത വ്യാപാരിയായ ബദിയഡുക്ക കങ്കനാറിലെ അബ്ബാസിന്റെ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നു ഓഗസ്റ്റ് മൂന്നിനാണ് 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവര്‍ന്നത്.
പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ ഫാഷന്‍ ഗോള്‍ഡിന്റെ പുറത്തു സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിലാണു മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
മംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും സ്‌കൂട്ടറില്‍ വച്ച് സമീപത്തെ മൊബൈല്‍ റിപ്പയറിങ് കടയില്‍ പോയപ്പോഴാണ് മോഷണം നടന്നത്. അഞ്ചു മിനുട്ടിനകമാണ് ഇയാള്‍ സ്‌കൂട്ടറില്‍ നിന്നു സാധനങ്ങള്‍ കവര്‍ന്നു കടന്നുകളഞ്ഞത്.
കാലിനു മുടന്തുള്ള മധ്യവയസ്‌കനായ ഒരാളാണു മോഷണം നടത്തിയതെന്നു ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. പരിസരം വീക്ഷിച്ച ശേഷം സ്‌കൂട്ടറിനടുത്തെത്തിയ ഇയാള്‍ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിനു താഴെ വച്ചിരുന്ന പൊതിയെടുത്തു നേരെ ബസ് സ്റ്റാന്റ് ഭാഗത്തേക്കു നടന്നുപോകുന്ന ദൃശ്യമാണു സി.സി.ടി.വിയില്‍ പതിഞ്ഞത്.
ഇയാളുടെ മുഖം സി.സി ടിവിയില്‍ പതിഞ്ഞിരുന്നതു കാരണം നാട്ടുകാര്‍ക്ക് മോഷ്ടാവിനെ എളുപ്പം തിരിച്ചറിയാന്‍ സഹായകമായി. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ രഹസ്യമായി ഇയാളെ നിരീക്ഷിച്ചുവരുന്നതിനിടെയാണ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്.
ഇതോടെ നാട്ടുകാര്‍ വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു.
കൊച്ചിയില്‍ സംരംഭകത്വ സദസ് സംഘടിപ്പിച്ചു
വികസന പ്രതീക്ഷയില്‍ ഉത്തര മലബാര്‍
സ്വന്തം ലേഖകന്‍
കൊച്ചി: ഉത്തരമലബാര്‍ വികസനത്തിനായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ജനപ്രതിനിധികളും കൊച്ചിയില്‍ ഒത്തുചേര്‍ന്നു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഉത്തരമലബാര്‍ വികസനത്തിനായി സംരംഭകത്വ സദസ് സംഘടിപ്പിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമലബാറിന്റെ വികസനത്തിനായി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആദ്യമായാണു കൊച്ചിയില്‍ സംരംഭത്വ സദസ് സംഘടിപ്പിച്ചത്. ഉത്തരമലബാര്‍ വികസനത്തിന വേഗം കൂട്ടുന്ന ഒട്ടനവധി വികസന ഉറപ്പുകളും വ്യവസായികള്‍ മുന്നോട്ടുവച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സദസ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാവുന്നതോടെ കണ്ണൂരുകാര്‍ക്കു കൊച്ചിയില്‍ സംരംഭകത്വ സദസു നടത്തേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, കെ.കെ ശൈലജ, എം.പിമാരായ പി.കെ ശ്രീമതി, പി കരുണാകരന്‍, കെ.സി ജോസഫ് എം.എല്‍.എ, പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം.എ യൂസഫലി, വി.പി.എസ് ഹെല്‍ത്ത് കെയര്‍ എം.ഡി ഡോ. ഷംഷീര്‍ വയലില്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍, കിയാല്‍ എം.ഡി വി തുളസീദാസ്, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ എം അനിരുദ്ധന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ദുബൈ വെയ്ക്ക് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, ചേംബര്‍ പ്രസിഡന്റ് സുശീല്‍ ആറോണ്‍, അഡ്വ. ടി.കെ ആഷിഖ്, പി ഷാഹിന്‍ സംസാരിച്ചു.
മലബാറില്‍ മികച്ച വ്യവസായ
നിക്ഷേപം ഉണ്ടായില്ല: മുഖ്യമന്ത്രി
കൊച്ചി: മികച്ച വ്യവസായ നിക്ഷേപങ്ങള്‍ മലബാറില്‍ ഉണ്ടായിട്ടില്ലെന്നും ഇതു ഖേദകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 1996ല്‍ തുടക്കമിട്ട കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ ഇത്രയും കാലം വേണ്ടിയിരുന്നോ എന്നു നമ്മള്‍ ചിന്തിക്കണം. കൊയിലാണ്ടി മുതല്‍ കാഞ്ഞങ്ങാട് വരെയുള്ളവര്‍ക്കും കുടകില്‍ നിന്നുള്ളവര്‍ക്കും ഏറ്റവും എളുപ്പത്തില്‍ ആശ്രയിക്കാന്‍ പറ്റുന്നതു കണ്ണൂര്‍ വിമാനത്താവളത്തെയായിരിക്കും.
വിമാനത്താവളത്തിന്റെ അനുബന്ധ റോഡുകള്‍ക്കു സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. അനുബന്ധ വികസനം ഉറപ്പാക്കാന്‍ വിമാനത്താവളത്തിനടുത്തു സ്ഥലലഭ്യത വേണം. ഇത് ഇപ്പോഴേ കണ്ടെത്തണം. അഴീക്കല്‍ തുറമുഖം നല്ലനിലയില്‍ അതിവേഗം പൂര്‍ത്തിയാക്കും. തലശ്ശേരി-മൈസൂരു റെയില്‍പാതയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബേക്കല്‍ വിനോദസഞ്ചാര കേന്ദ്രം ഇനിയും വികസിക്കും. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചും നല്ലതോതില്‍ വികസിപ്പിക്കും.
ഊട്ടിയെ വെല്ലുന്ന കാലാവസ്ഥയുള്ള പൈതല്‍മലയ്ക്കും നല്ല സാധ്യതയാണ്. പാല്‍ച്ചുരം, കാഞ്ഞിരക്കൊല്ലി, പാലക്കയംതട്ട്, റാണീപുരം, ആറളം, ഏഴിമല എന്നിവയും വികസിപ്പിക്കാനാകും. കാസര്‍കോട് എടയിലക്കാട് കായല്‍ ടൂറിസത്തിന് അനുയോജ്യമായ കേന്ദ്രമാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
സംരംഭകര്‍ സാധ്യതകള്‍ ഉപയോഗിച്ചാല്‍
വടക്കന്‍മേഖല രക്ഷപ്പെടും: മന്ത്രി ചന്ദ്രശേഖരന്‍
സംരംഭകര്‍ സാധ്യതകള്‍ ഉപയോഗിച്ചാല്‍ വടക്കന്‍മേഖല രക്ഷപ്പെടുമെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍. വടക്കോട്ട് കണ്ണൂരിനപ്പുറമുള്ള പ്രദേശവും പിന്നാക്കാവസ്ഥയിലാണ്.
വികസന പദ്ധതികള്‍ക്കു സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ കാസര്‍കോട് ഭൂമി ലഭ്യമാണ്. കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്കു സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചതു സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മേഖലയില്‍ സ്‌പെഷാലിറ്റി
ആശുപത്രികള്‍ വേണം: മന്ത്രി ശൈലജ
ഉത്തരമലബാറിലടക്കം സര്‍ക്കാര്‍ മേഖലയില്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ ഉണ്ടാകണമെന്നു മന്ത്രി കെ.കെ ശൈലജ.
സ്വകാര്യ മേഖലയില്‍ വന്‍കിട സംരംഭങ്ങളുണ്ട്. സംസ്ഥാനത്ത് ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കും. ആയുഷ് മേഖലയില്‍ കേരളത്തിനു വലിയ സാധ്യതയാണുള്ളത്.
ആയുഷ് മേഖലയില്‍ സെന്‍ട്രലൈസ് എക്‌സ്യന്‍സ് കേരളത്തില്‍ സ്ഥാപിക്കാന്‍ പദ്ധതി തയാറായതായും അവര്‍ പറഞ്ഞു.
മംഗളൂരുവിനെ ഒഴിവാക്കിയുള്ള വികസനം
ചര്‍ച്ച ചെയ്യരുത്: പി കരുണാകരന്‍
മംഗളൂരുവിനെ ഒഴിവാക്കി കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യരുതെന്നു പി കരുണാകരന്‍ എം.പി. കണ്ണൂര്‍ വരെയുള്ള അതിവേഗ റെയില്‍വേ ഇടനാഴി കൊണ്ട് ഉത്തരമലബാറിന്റെ വികസന പൂര്‍ണതയെത്തില്ല.
ജനങ്ങളുടെ ആവശ്യത്തിനുതകുന്ന വികസനമാണു വേണ്ടതെന്നും പി കരുണാകരന്‍ ചൂണ്ടിക്കാട്ടി.
നികുതി വെട്ടിച്ചു കടത്തുകയായിരുന്ന
സാധനങ്ങള്‍ പിടിച്ചെടുത്തു
മഞ്ചേശ്വരം: നികുതി വെട്ടിച്ചു കര്‍ണാടകയില്‍ നിന്നു ബസ്സില്‍ കടത്തുകയായിരുന്ന സാധനങ്ങള്‍ വാമഞ്ചൂര്‍ ചെക്കുപോസ്റ്റില്‍ പിടിയില്‍.
മംഗളൂരുവില്‍ നിന്നു കാസര്‍കോടേക്കു വരികയായിരുന്ന സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 30 പാഴ്‌സല്‍ കെട്ടുകളാണു സംശയം തോന്നി എക്‌സൈസ് സംഘം പരിശോധിച്ചത്. വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളാണു കെട്ടുകളിലുണ്ടായിരുന്നത്.
യാത്രക്കാരുടേതല്ലെന്നു പറഞ്ഞതിനെ തുടര്‍ന്നു സാധനങ്ങള്‍ സെയില്‍സ് ടാക്‌സ് അധികൃതര്‍ക്കു കൈമാറി.
എക്‌സൈസ് ഉദ്യേഗസ്ഥരായ എന്‍ ശങ്കര്‍, റന്നിഫെര്‍ണാണ്ടസ്, ഉമ്മര്‍കുട്ടി, സജിത്ത്, ആള്‍വ, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവ പിടിച്ചെടുത്തത്.
പിലാങ്കട്ടമയില്‍
പുലിയിറങ്ങിയതായി അഭ്യൂഹം
ബദിയടുക്ക: പിലാങ്കട്ടയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം പരന്നു. പിലാങ്കട്ടക്കും ഉബ്രംഗളക്കും ഇടയിലാണ് പുലിയെ കണ്ടതായി പറയുന്നത്.
വെള്ളിയാഴ്ച രാത്രി ഇതുവഴി ബൈക്കില്‍ പോവുകയായിരുന്ന ബഷീറാണു പുലിയെ കണ്ടത്. വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. വനം വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. രണ്ടാഴ്ച മുമ്പ് കന്യപ്പാടി, കാനത്തില, പൈക്ക, ചുരിപ്പള്ള എന്നിവിടങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."