നോമ്പും പെരുന്നാളും അനുഭവിച്ച കാലം
എന്റെ കുട്ടിക്കാലം മലബാറില്‍നിന്ന് ഏറെ ദൂരെയായിരുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മലബാര്‍ എന്ന പ്രദേശത്തിന്റെ ശീലങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും ഒരുപാട് ഒരുപാട് ദൂരെ. അച്ഛന്റെ ഇല്ലം കുന്ദംകുളത്തു നിന്നു എട്ടു കിലോമീറ്റര്‍ മാറിയുള്ള ഇയ്യാലിലായിരുന്നു. ഇരിങ്ങാലക്കുടക്കു പോകുന്ന വഴിയിലായിരുന്നു ഈ പ്രദേശം.
അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളെല്ലാം താമസിച്ചിരുന്നത് വല്ലച്ചിറ, ആലുവ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു. പലരും സര്‍ക്കാര്‍ ജോലിക്കാരായിരുന്നു. സ്ഥലംമാറ്റം വരാന്‍ സാധ്യതയുള്ളപ്പോള്‍ എങ്ങോട്ടുപോസ്റ്റ് ചെയ്താലും മലബാറിലേക്കാവരുതേ ദൈവമേയെന്നു ഇവരെല്ലാം പ്രാര്‍ഥിക്കുന്നതിന് നിരവധി തവണ സാക്ഷിയായതും ഇന്നും ഓര്‍മയിലുണ്ട്. മലബാര്‍ ഏറെ അപകടം പിടിച്ച സ്ഥലമാണെന്ന ബോധം എന്റെ ഉള്ളില്‍ രൂഢമൂലമാവാന്‍ ഇതില്‍ക്കൂടുതല്‍ വല്ലതും വേണോ.
റെയില്‍വേയില്‍ ജോലി കിട്ടിയതോടെയാണ് ഞാന്‍ മലബാറില്‍ എത്തുന്നത്. ഇരുപത്, ഇരുപത്തിയൊന്നു വയസേ അന്ന് എനിക്കുള്ളൂ.
കോഴിക്കോട്ട് ജോലിക്കെത്തിയതോടെയാണ് മലബാര്‍ സവിശേഷപ്പെട്ട ഒരു പ്രദേശമാണെന്ന് ബോധ്യമാവുന്നത്. മലബാറുകാരുടെ സ്‌നേഹം ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുവരുന്നതാണ്. ഒരിക്കലും അത് നമ്മില്‍നിന്നും എന്തെങ്കിലും കാര്യം നേടാനുള്ളതാവില്ലെന്ന് ആ ജീവിതം എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തില്‍ കോഴിക്കോട്ടുകാരെപ്പോലെ സ്വാര്‍ഥത തൊട്ടുതീണ്ടാത്ത മനുഷ്യരെ വേറെ എങ്ങും കണ്ടിട്ടില്ല. 1982ലായിരുന്നു ജോലിയില്‍ പ്രവേശിക്കുന്നത്.
മുത്തശ്ശിക്കും അനിയന്മാര്‍ക്കും കഴിയാന്‍ ഒരു വീടായിരുന്നു പുതിയ സ്ഥലത്ത് ആദ്യം വേണ്ടത്. പരപ്പനങ്ങാടി സ്വദേശിയായ കുഞ്ഞിരായിന്‍ ഹാജിയെ കണ്ടാല്‍ എന്തെങ്കിലും പരിഹാരമുണ്ടാവുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. വലിയ അഡ്വാന്‍സ് ഇല്ലാതെ എന്റെ ശമ്പളത്തിന് ഒക്കുന്ന ഒരു ചെറിയ വീട്. ദിവസവും പോയിവരാനാവണം. സ്റ്റേഷന്‍ അടുത്തുള്ളതായാല്‍ കൂടുതല്‍ സൗകര്യം. റെയില്‍വേയില്‍ 19 സ്ഥലത്ത് ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇത്രത്തോളം സുഖപ്രദമായി ജോലി ചെയ്ത മറ്റൊരിടവും എന്റെ സര്‍വിസ് ജീവിതത്തിലില്ല.
ബര്‍മ്മയില്‍ നിന്നു തിരിച്ചുവന്ന വ്യക്തിയായിരുന്നു നല്ല സാമ്പത്തിക ശേഷിയുള്ള ഹാജിയാര്‍. ഹാജിയാരെ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം രണ്ടാം ലോക മഹായുദ്ധ കാലത്തെ ഓര്‍മകള്‍ അയവിറക്കും. കഥകള്‍ നല്ല രസമായിരിക്കും. പത്തു പതിനാറു വയസുള്ള ഹാജിയാരുടെ മകള്‍ ഷെരീഫ എപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരും. ഭംഗിയായി തട്ടമിട്ട്, ബഹുവര്‍ണ വസ്ത്രം ധരിച്ച ഷെരീഫ അതീവ സുന്ദരിയായിരുന്നു. ആ വാടക വീട് ഒഴിഞ്ഞ ശേഷവും അതുവഴി തീവണ്ടിയില്‍ പോകുമ്പോള്‍ ഞാന്‍ ഏറെ ഗൃഹാതുരത്വത്തോടെ ആ വീടിനെ നോക്കുമായിരുന്നു.
ജോലി കിട്ടി പരപ്പനങ്ങാടിയില്‍ എത്തിയതോടെയാണ് ഇസ്‌ലാം എന്ന വിശ്വാസത്തെയും അത് അനുസരിച്ച് ജീവിക്കുന്നവരെയും വളരെ അടുത്തു കാണുന്നത്.
എനിക്കൊപ്പം കുട്ടിഹസ്സന്‍, മുഹമ്മദ് സാഹിബ് തുടങ്ങിയവര്‍ ജോലി ചെയ്തിരുന്നു. അവരെല്ലാം നല്‍കിയിരുന്ന സ്‌നേഹവും ബഹുമാനവുമെല്ലാം അവരുടെ വിശ്വാസത്തിന്റെയും ഭാഗമായിരുന്നു. പരപ്പനങ്ങാടിയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. റമദാനില്‍ നോമ്പെടുക്കുന്ന കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയവരായിരുന്നു അവിടുത്തുകാര്‍. അക്കാലത്തായിരുന്നു ഖുര്‍ആന്‍ പരിഭാഷ ആദ്യമായി വായിക്കുന്നത്.
വ്രതാനുഷ്ഠാനത്തിന്റെ സവിശേഷത, എന്തിനാണ് അനുഷ്ഠിക്കുന്നത്, അതിലടങ്ങിയ ത്യാഗം അതെല്ലാം എനിക്ക് ബോധ്യമായി. മുത്തശ്ശി പുരോഗമനാശയങ്ങളോട് ചേര്‍ന്നുനിന്നിരുന്ന ഒരു യഥാര്‍ഥ ഭക്തയായിരുന്നു. അവര്‍ നോയ്മ്പുകളായ ഒരിക്കലും ഏകാദശിയും നോല്‍ക്കാറുണ്ടായിരുന്നു. അവ അര ദിവസവും ഒരു ദിവസവും മാത്രം നീളുന്നതാണ്. റമദാന്‍ പോലെ കടുത്ത ത്യാഗം ആവശ്യമായിരുന്നില്ല.
പരപ്പനങ്ങാടിയില്‍ അക്കാലത്ത് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. നോമ്പു തുറക്കാന്‍ ഹൈന്ദവ സഹോദരങ്ങളെ ക്ഷണിക്കും. അന്ന് നോമ്പെന്നാല്‍ ജാതീയമായ ഒരു ആഘോഷമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതസൗഹാര്‍ദം നിലനിന്ന സ്ഥലം മലപ്പുറമാണെന്ന് തോന്നിയിട്ടുണ്ട്. കോട്ടക്കല്‍ നിന്നായിരുന്നു വിവാഹം കഴിച്ചത്. അതും ആ ജില്ലയെ കൂടുതല്‍ അറിയാന്‍ സഹായകമായിട്ടുണ്ട്.
റമദാന്‍ കഴിഞ്ഞ് ചെറിയ പെരുന്നാള്‍ ദിനം വന്നെത്തി. കുഞ്ഞിരായിന്‍ ഹാജി ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. കേവലം ഒരു വാടകക്കാരെ ക്ഷണിക്കേണ്ട കാര്യമൊന്നും അദ്ദേഹത്തിനില്ല. മലബാറുകാരുടെ ലാഭേച്ഛയില്ലാത്ത സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു ആ ക്ഷണം. സന്തോഷം തോന്നിയെങ്കിലും ഞങ്ങള്‍ വെജിറ്റേറിയന്‍ ആയതിനാല്‍ ഒരു അങ്കലാപ്പൊക്കെ തോന്നിയിരുന്നു. ശീലിച്ച രുചികളില്‍നിന്ന് മാറാനാവില്ലല്ലോ. അക്കാര്യം സൂചിപ്പിച്ചതിനാല്‍ ഹാജിയാര്‍ ധാരാളം ഫ്രൂട്ട്‌സും ഇത്തപ്പഴവുമെല്ലാം ഞങ്ങളെ സല്‍ക്കരിച്ചു.
ഞങ്ങള്‍ ചെന്നുകയറിയപ്പോള്‍ അവരുടെ മുഖത്തു പ്രതിഫലിച്ച സന്തോഷം അത് മാത്രം മതിയായിരുന്നു മനസും വയറും നിറയാന്‍. മുത്തശ്ശിക്ക് വലിയ ഇഷ്ടമായിരുന്നു അവളെ.
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ മുത്തശ്ശിയോട് ഞാന്‍ ചോദിച്ചു. അവിടെ പോയത് വിഷമായോന്ന്. അവര്‍ നല്ല ആളുകളാണ്. ശ്രീ മഹാഭാഗവതത്തില്‍ പരാമര്‍ശിക്കുന്ന സനകാഥികളാണവര്‍. മുത്തശ്ശിയുടെ ആ വാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍ മുഴങ്ങുന്നു. ഭാഗവതം എപ്പോഴും പാരായണം ചെയ്യുന്ന അവര്‍ക്ക് ആ ഗ്രന്ഥം മനഃ പാഠവുമായിരുന്നു.
തയാറാക്കിയത്: മനു റഹ്്മാന്‍
വര: ബഷീര്‍ കിഴിശ്ശേരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."