സാറാ വധക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെവിടെ?
തിരുന്നാവായ: വിവാദങ്ങളും ദുരൂഹതകളുംകൊണ്ടു ശ്രദ്ധേയമായ സാറാ വധത്തിന് 14 വര്‍ഷം. നിയമത്തിന്റെ പഴുതുപയോഗിച്ചു ജാമ്യത്തിലിറങ്ങി മുങ്ങിയ കേസിലെ പ്രധാന പ്രതിയും സാറയുടെ ഭര്‍ത്താവുമായ തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി പണിക്കോട്ടില്‍ മൊയ്തീന്‍ എന്ന റഫീഖിന്റെ അജ്ഞാതവാസത്തിന് 12 വര്‍ഷമായി. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.
2003 നവംബര്‍ 23ലെ ചെറിയ പെരുന്നാള്‍ ദിനത്തിലാണ് തിരുന്നാവായ കടവത്തെ പരേതരായ കുടിലിങ്ങല്‍ അലവിയുടെയും പാത്തുമ്മയുടെയും ഇളയ മകള്‍ സാറയെ വീടിനടുത്ത വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പാണ് മൊയ്തീനുമായി സാറയുടെ വിവാഹം നടന്നത്. 25 പവന്‍ സ്വര്‍ണവും 50,000 രൂപയും നല്‍കിയയിരുന്നു വിവാഹം.
കൊലയ്ക്കു ശേഷം മുങ്ങിയ മൊയ്തീനെ ഒന്നര വര്‍ഷത്തിനു ശേഷം തിരൂര്‍ എസ്.ഐ ഹരിദാസിന്റെ നേതൃത്വത്തില്‍ മൈസൂരുവില്‍വച്ചാണ് പിടികൂടിയിരുന്നത്. പണത്തിനും സ്വര്‍ണത്തിനുമായാണ് കൊലപാതകം നടത്തിയതെന്നു മൊയ്തീന്‍ അന്നു മൊഴി നല്‍കിയിരുന്നു. പ്രതിയെ കോടതി സബ് ജയിലില്‍ അടക്കുകയും ചെയ്തു. എന്നാല്‍, പ്രതിക്കെതിരായ കുറ്റപത്രം പൊലിസ് യഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. പൊലിസ് പ്രാഥമികാന്വേഷണം മാത്രം നടത്തി തെരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തു. കൊലപാതകം, വിവാഹ തട്ടിപ്പ്, ബാങ്കില്‍ മുക്കുപണ്ടം പണയംവയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മൊയ്തീനെ രക്ഷപ്പെടാന്‍ അനുവദിച്ചതു പൊലിസിന്റെ വീഴ്ചയാണന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.
മകളുടെ ഘാതകനെ ശിക്ഷിക്കുന്നതിനായി കാത്തിരുന്ന സാറയുടെ മാതാവ് പാത്തുമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പു മരണപ്പെട്ടു. സഹോദരിയുടെ കൊലപാതകിയെ പിടികൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി കാത്തിരിക്കുകയാണ് സഹോദരന്‍ ആദമും ബന്ധുക്കളും. പുതിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."