ജനറല്‍ ആശുപത്രിയിലെ കൈക്കൂലി വിവാദം; റിപ്പോര്‍ട്ട് കലക്ടര്‍ ഇന്നു മന്ത്രിക്കു കൈമാറും
ഡി.എം.ഒ തയാറാക്കിയ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന തരത്തിലെന്ന് ആരോപണം
കാഞ്ഞങ്ങാട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് ഡി.എം.ഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.പി ദിനേശ് കുമാര്‍ ജില്ലാ കലക്ടര്‍ക്കു കൈമാറി. പരാതിക്കാരിയായ മധൂര്‍ ചേനക്കാട്ടെ സ്വരസ്വതി, ഇവരുടെ ബന്ധു , ആരോപണത്തിനു വിധേയയായ ഡോക്ടര്‍, ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എന്നിവരില്‍ നിന്നു കാര്യങ്ങള്‍ അന്വേഷിച്ചു ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കലക്ടര്‍ക്കു കൈമാറിയത്. മൊഴികളെടുക്കാന്‍ ഡി.എം.ഒക്ക് പുറമേ ഡെപ്യൂട്ടി ഡി.എം.ഒ വിമല്‍ രാജ് കൂടെയുണ്ടായിരുന്നു. വകുപ്പ് തലത്തിലുള്ള അന്വേഷണമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് കലക്ടര്‍ ഇന്നു മന്ത്രിക്കു കൈമാറും.
ഗര്‍ഭാശയ സംബന്ധമായ രോഗം കലശലായതിനെ തുടര്‍ന്നാണു പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട സരസ്വതി ഈ മാസം ഒന്നിനു ജനറല്‍ ആശുപത്രിയിലെ സ്ത്രീ രോഗ വിദഗ്ധയുടെ പുലിക്കുന്നിലുള്ള ക്ലിനിക്കില്‍ എത്തിയത്. ഇവരെ പരിശോധിച്ച ഡോക്ടര്‍ ശസ്ത്രക്രിയ വേണമെന്നു പറഞ്ഞു ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ഇവരെ സന്ദര്‍ശിച്ച ഡോക്ടര്‍ രണ്ടു ഡോക്ടര്‍മാര്‍ക്കായി ആയിരം രൂപ വീതം ആവശ്യപ്പെടുകയും ഇതു നല്കാന് കഴിയില്ലെന്ന് ഇവര്‍ പറഞ്ഞതോടെ ഇവരെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു വിട്ടുവെന്നുമാണു സരസ്വതിയുടെ പരാതി.
അതേ സമയം, കുറ്റാരോപിതരായ ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന തരത്തിലാണ് ഡി.എം.ഒ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. സരസ്വതിയോടു കൈക്കൂലി ആവശ്യപ്പെട്ട സംഭവം ഡോക്ടര്‍മാര്‍ നിഷേധിച്ചതായാണ് സൂചന. ഒരു പ്രാദേശിക ചാനലില്‍ സരസ്വതിയോട് ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് കാണിച്ചു വന്ന വാര്‍ത്ത അന്വേഷണ സംഘത്തിനു മുന്നില്‍ ആരോപണ വിധേയയായ ഡോക്ടര്‍ തെളിവായി ഹാജരാകിയെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.
അതേസമയം, അനസ്തേഷ്യാ ഡോക്ടര്‍ക്കു ആയിരം രൂപ നല്‍കണമെന്ന് ഗൈനക്കോളജിസ്റ്റ് പറഞ്ഞതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."