പള്ളിക്കല്‍ബസാര്‍ പള്ളിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വീണ്ടും കാന്തപുരം വിഭാഗത്തിന്റെ ശ്രമം
പള്ളിക്കല്‍: പള്ളിക്കല്‍ബസാര്‍ മഹല്ല് ജുമാമസ്ജിദില്‍ സംഘര്‍ഷമുണ്ടാക്കി പള്ളി പൂട്ടിക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമം വീണ്ടും. ഇന്നലെ അസര്‍ നിസ്‌കാരം തടസപ്പെടുത്താന്‍ ശ്രമിച്ച കാന്തപുരം വിഭാഗം പൊലിസെത്തിയതോടെ പിന്‍വലിയുകയായിരുന്നു. തുടര്‍ന്നു പൊലിസ് മടങ്ങിയതോടെ ഇഷാഅ് സമയത്തും പള്ളിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി. തുടര്‍ന്നു കൂടുതല്‍ പൊലിസ് സംഘം സ്ഥലത്തെത്തി. മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി സി.ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പരിസരത്തെ ഏഴോളം സ്റ്റേഷനുകളില്‍നിന്നുള്ള വന്‍ പൊലിസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുകയാണ്. ഇന്നു പെരുന്നാള്‍ നിസ്‌കാരത്തിനു പൂര്‍ണ സംരക്ഷണം നല്‍കുമെന്നു പൊലിസ് അറിയിച്ചു.
സമസ്തയുടെ കീഴില്‍ പരിപാലനം നടത്തിവരുന്ന പള്ളി നിരവധി തവണ പ്രശ്‌നങ്ങളുണ്ടാക്കി പിടിച്ചെടുക്കാന്‍ കാന്തപുരം വിഭാഗം ശ്രമം നടത്തിയിരുന്നു. വ്യാജ രേഖയുണ്ടാക്കി പള്ളി പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരേ കോടതി ഉത്തരവ് പ്രകാരം വഖ്ഫ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ മഹല്ലില്‍ ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് സമസ്ത വിഭാഗം പള്ളിയുടെ ഭരണം ഏറ്റെടുക്കുന്നത്.
തെരഞ്ഞെടുപ്പിനെതിരേ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കാന്തപുരം വിഭാഗം പരാതി നല്‍കിയെങ്കിലും എല്ലാ കോടതികളും കേസ് തള്ളുകയും തെരഞ്ഞെടുപ്പ് ശരിവയ്ക്കുകയുമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നു മാസങ്ങളോളം പള്ളി പൂട്ടിയിടുകയും വിവിധ ഘട്ടങ്ങളില്‍ നടന്ന സംഘര്‍ത്തില്‍ നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭരണ സ്വാധീനമുപയോഗിച്ചു പൊലിസിന്റെ ഒത്താശയോടെയായിരുന്നു ആക്രമണങ്ങള്‍. റമദാനില്‍ പള്ളി പൂട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റമദാനിലെ ആദ്യ ദിവസംതന്നെ പള്ളിയില്‍ ബാങ്ക് വിളിച്ച് ഔദ്യോഗിക ജമാഅത്ത് തുടങ്ങും മുന്‍പേ കാന്തപുരം വിഭാഗം മിഹ്‌റാബില്‍ കയറി ജമാഅത്തായി നിസ്‌കരിച്ചതു വാക്കേറ്റത്തിനിടയാക്കിയിരുന്നു.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഔദ്യോഗിക ജമാഅത്ത് തുടങ്ങുംമുന്‍പേ ജമാഅത്തിന് തടസമുണ്ടാകുംവിധം അകത്തെ പള്ളിയില്‍നിന്ന് ഇവര്‍ ജമാഅത്തായി നിസ്‌കരിക്കുന്നതു പതിവാക്കുകയായിരുന്നു. തറാവീഹ് നിസ്‌കാരം ഔദ്യോഗിക നിസ്‌കാരം നടക്കുന്ന അതേ സമയംതന്നെ പള്ളിയുടെ മുകള്‍നിലയിലും ഇവര്‍ നടത്തിയിരുന്നു. പെരുന്നാള്‍ നിസ്‌കാരവും പള്ളിയില്‍ രണ്ടായി നിസ്‌കരിക്കാനുള്ള നീക്കത്തിനു തിരിച്ചടിയായതു കഴിഞ്ഞ ദിവസം വന്ന കോടതി ഉത്തരവാണ്. ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പള്ളി പരിപാലന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ആരാധനയ്ക്കു തടസമുണ്ടാക്കുന്ന നീക്കം നടത്തി പള്ളിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍നിന്നു കമ്മിറ്റിക്കും വിശ്വാസികള്‍ക്കും സംരക്ഷണം നല്‍കാനായിരുന്നു പുതിയ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."