'ലോകത്തിന് മുന്നില്‍ കുടുംബശ്രീ കേരളത്തിന്റെ മാതൃക'
മലമ്പുഴ: വനിതകളുടെ സ്വയംപര്യാപ്തമായ ജീവിതത്തിന് സഹായകമായ കുടുംബശ്രീ ലോകത്തിനാകെ മാതൃകയാണെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന് പറഞ്ഞു.
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികജാതി പട്ടികവര്‍ഗ അയല്‍ക്കൂട്ട വിഭാഗങ്ങള്‍ക്കായി തുടി 2018 ഗോത്ര മഹോത്സവവും സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ അഭിമുഖ്യത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി നടത്തുന്ന വായ്പാ ശില്പശാലയും മികച്ച കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യമങ്ങള്‍ക്കുമുള്ള ആദരം എന്നീ പരിപാടികള്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലമ്പുഴ മണ്ഡലത്തില്‍ നടപ്പാക്കുന്ന മലമ്പുഴ റിങ് റോഡ്, 75 കോടിയുടെ കുടിവെള്ള പദ്ധതി, ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി, അകത്തേത്തറ നടക്കാവ് മേല്‍പ്പാല നിര്‍മാണം, മലമ്പുഴ ജയില്‍ റോഡ് തുടങ്ങിയ വികസനപദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
ഉജ്ജ്വല നേട്ടങ്ങള്‍ കൈവരിച്ച ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. മുളകൊണ്ട് നിര്‍മിച്ച കൂട നിറയെ പഴങ്ങളും പച്ചക്കറികളും നല്‍കിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പട്ടികജാതിപട്ടികവര്‍ഗ വികസന കോര്പ്പറേഷന് കുടുംബശ്രീയുമായി ചേര്‍ന്നു നടപ്പാക്കുന്ന സംരംഭങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന് അധ്യക്ഷയായി.
കെ.വി വിജയദാസ് എം.എല്‍.എ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, എസ്.സി എസ്.ടി കോര്പ്പറേഷന് മാനേജിങ് ഡയരക്ടര്‍ ഡോ. എം.എ നാസര്‍, ജില്ലാപഞ്ചായത്ത് മെംബര്‍ കെ. രാജന്, മലമ്പുഴ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ നിര്‍വഹണ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനും പ്രദര്‍ശന വിപണന മേളയില്‍ പങ്കുചേരാനും രണ്ടായിരത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഗോത്ര കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."