സ്വകാര്യ കണ്ടല്‍ വനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
കണ്ണൂര്‍: സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുള്ള കണ്ടല്‍ വനങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി സ്വകാര്യ കണ്ടല്‍ വനങ്ങള്‍ ഏറെയുള്ള ജില്ലകളില്‍ ഇവയുടെ മാപ്പ് തയാറാക്കാനുള്ള സര്‍വേ ആരംഭിച്ചു.
കണ്ടല്‍ വനസംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമിയിലെയും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെയും കണ്ടല്‍ വനങ്ങള്‍ റിസര്‍വ് ചെയ്ത് സംരക്ഷിക്കാന്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അഞ്ചു ജില്ലകളിലെ സ്വകാര്യ കണ്ടല്‍ വനങ്ങളുടെ മാപ്പ് തയാറാക്കുന്നതിന് സര്‍വേ ആരംഭിച്ചത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് റവന്യൂ ഡിവിഷനുകളിലെ സ്വകാര്യ കണ്ടല്‍ വനങ്ങളാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക. ഇത്രയും ഡിവിഷനുകളിലെ സ്വകാര്യ കണ്ടല്‍ വനങ്ങളുടെ മാപ്പ് തയാറാക്കിയ ശേഷമാകും ഏറ്റെടുക്കുമ്പോള്‍ സ്വകാര്യ ഭൂമിക്ക് നല്‍കേണ്ടി വരുന്ന തുക സംബന്ധിച്ച് തീരുമാനം വരിക. ജില്ലകളിലെ സ്വകാര്യ കണ്ടല്‍ വനങ്ങളുടെ സര്‍വേ റവന്യൂ വകുപ്പുമായി ചേര്‍ന്ന് വനംവകുപ്പാണ് നടത്തുന്നത്. ഏതാനും മാസം മുമ്പ് വരെ കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കുന്ന സ്വകാര്യ വ്യക്തികള്‍ക്ക് ഏക്കറിന് 4,000 രൂപ ഒരു വര്‍ഷത്തേക്ക് വനംവകുപ്പ് സംരക്ഷണ ചെലവ് നല്‍കിയിരുന്നു. അത് ഇപ്പോള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും ഇത്തരത്തില്‍ ചെലവഴിക്കുന്ന തുക മാത്രമേ കണ്ടല്‍ വനഭൂമി ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വേണ്ടി വരികയുള്ളൂവെന്ന കണ്ടെത്തലാണ് പുതിയ നീക്കത്തിന് പിന്നില്‍. നിലവില്‍ സര്‍ക്കാര്‍-സ്വകാര്യ ഭൂമികളില്‍ ഏത്ര കണ്ടല്‍ വനഭൂമിയുണ്ടെന്ന് സംബന്ധിച്ച് കൃത്യമായ കണക്കില്ല. ഇപ്പോള്‍ നടക്കുന്ന സര്‍വേയിലൂടെ കൃത്യമായ കണക്കും രേഖപ്പെടുത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."