മഹാക്കു പിന്നാലെ വരാനുണ്ട് ബുള്‍ബുളും പവനും അംഫാനും
കോഴിക്കോട്: കത്രീന, ഓഖി തുടങ്ങിയ പേരുകള്‍ എല്ലാവരുടെയും ഓര്‍മയിലുണ്ടാകും. 2005ല്‍ അമേരിക്കന്‍ തീരത്ത് ആഞ്ഞടിച്ച ശക്തിയേറിയ ചുഴലിക്കാറ്റാണ് കത്രീന. രണ്ടായിരത്തിനടുത്ത് ആളുകളുടെ ജീവനും കോടികളുടെ നാശനഷ്ടവുമുണ്ടാക്കിയ ചുഴലിക്കാറ്റ്. 2017ല്‍ ഇന്ത്യ, ശ്രീലങ്ക, മാല്‍ദ്വീപുകളെ വിറപ്പിച്ചതാണ് ഓഖി ചുഴലിക്കാറ്റ്. ഇപ്പോള്‍ ഒരാഴ്ചയ്ക്കിടെ അറബിക്കടലില്‍ രൂപംകൊണ്ട രണ്ടാമത്തെ ചുഴലിക്കാറ്റായ മഹാ ഭീതി പരത്തുന്നു. ക്യാര്‍ ചുഴലി ദുര്‍ബലമാകുന്നതിന് മുന്‍പുതന്നെ മറ്റൊന്ന് രൂപപ്പെടുകയായിരുന്നു. ക്യാര്‍ ഒമാന്‍ തീരത്തേക്ക് സഞ്ചരിച്ച് ദുര്‍ബലമായിക്കൊണ്ടിരിക്കെ ലക്ഷദ്വീപിനടുത്തായാണ് മഹാ രൂപപ്പെട്ടത്.
ചുഴലിക്കാറ്റുകളെ വേര്‍തിരിച്ചറിയാനും അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മാധ്യമങ്ങള്‍ക്ക് ഉപയോഗിക്കാനും പഠനങ്ങള്‍ക്കുമായാണ് ഇവയ്ക്കു പേരുവിളിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ സമുദ്രത്തിലും ഉണ്ടാവുന്ന ചുഴലികള്‍ക്ക് പേരിടുന്നത് ഈ സമുദ്രങ്ങള്‍ക്കരികിലുള്ള എട്ടു രാജ്യങ്ങള്‍ ചേര്‍ന്നാണ്. ഒരോരുത്തര്‍ക്കും എട്ടു പേരുകള്‍ നിര്‍ദേശിക്കാം. അങ്ങിനെയുള്ള 64 പേരുകള്‍ ആഗോള കാലാവസ്ഥാ വിഭാഗത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും. ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ നല്‍കിയവയില്‍ നിന്നാണ് ഓരോ ചുഴലിയുടെയും പേര് തീരുമാനിക്കുന്നത്.
2004 ഒക്ടോബര്‍ മുതലാണ് ഈ സമ്പ്രദായം തുടങ്ങിയത്. അഗ്നി, ആകാശ്, ബിജലി, ജെയ്, ലെഹാര്‍, മേഘ, സാഗര്‍, വായു എന്നിങ്ങനെയായിരുന്നു ഇന്ത്യ നല്‍കിയ പേരുകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റാണ് ഈ വര്‍ഷം ആദ്യമുണ്ടായത്. ഈ സീസണിലെ അഞ്ചാമത്തെതും അറബിക്കടലിലെ നാലമത്തേയും ചുഴലിക്കാറ്റാണ് ഇപ്പോഴത്തെ മഹാ. വായു, ഹിക്ക, ക്യാര്‍ ചുഴലിക്കാറ്റുകളാണ് അറബിക്കടലില്‍ ഈ സീസണിലുണ്ടായ മറ്റ് ചുഴലികള്‍. ഒമാനാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയത്. ഒമാന്‍ തീരത്തേക്ക് തന്നെയാണ് അതു നീങ്ങാന്‍ സാധ്യതയും. ലക്ഷദ്വീപ് കടലില്‍ രൂപപ്പെട്ട മഹാ അവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതിലേക്കും കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തുടര്‍ച്ചയായ മഴയിലേക്കും നീങ്ങിയിരിക്കുകയാണ്.
പാകിസ്താന്റെ ബുള്‍ബുളാണ് ഇനി അടുത്തുവരാനിരിക്കുന്നത്. അതിനു ശേഷം ശ്രീലങ്കയുടെ പവനും തായ്‌ലാന്റെ അംഫാനും വരാനുണ്ട്. കേരളത്തില്‍ ഇന്നലെ പരക്കെ മഴയുണ്ടാക്കിയ മഹാ ചുഴലി കേരള തീരത്തുനിന്ന് അകലുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണ്ണൂരില്‍ നിന്ന് 252 കി.മീഉം കോഴിക്കോട് നിന്ന് 315 കി.മീഉം ദൂരത്തായിരുന്ന മഹാ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. നേരത്തെ ക്യാര്‍ സഞ്ചരിച്ച വഴിയില്‍ ഒമാന്‍ തീരത്തേക്ക് ചുഴലി പോകുമെന്നാണ് അനുമാനം. മഹാ അകന്നാലും കേരളത്തില്‍ മഴ പ്രതീക്ഷിക്കാം. കാറ്റിന്റെ സഞ്ചാര പാത അനുസരിച്ച് മഴ സാധ്യതയിലും മാറ്റം വരാം. വടക്കന്‍ കേരളത്തില്‍ കടല്‍ക്ഷോഭവും കാറ്റും മഴയും തുടര്‍ന്നേക്കും. പശ്ചിമഘട്ട മേഖലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ലക്ഷദ്വീപില്‍ കനത്ത കാറ്റും മഴയും ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."