രോഗികളെ ദുരിതത്തിലാക്കി ഒടുവള്ളി ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരുടെ കൂട്ട അവധി
ആലക്കോട്: ഒടുവള്ളി സി.എച്ച്.സിയിലെ ജീവനക്കാര്‍ ഞായറാഴ്ച കൂട്ടത്തോടെ അവധിയെടുത്തത് രോഗികളെ ദുരിതത്തിലാക്കി. മലയോര മേഖലയില്‍ പനിമരണം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ജീവനക്കാരുടെ അവധി. ഉച്ചയ്ക്ക് 1.30വരെയുള്ള ഒ.പി സെക്ഷന്‍ കഴിഞ്ഞതോടെ മുറികള്‍ പൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടതോടെ രോഗികള്‍ ദുരിതത്തിലായി.
ഞായറാഴ്ച അവധി ദിവസമാണെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും സേവനം ലഭിക്കുമെന്ന എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെ വാക്ക് വിശ്വസിച്ചാണ് പല രോഗികളും ഇവിടെയെത്തിയത്. ഇരുപതിലധികം രോഗികളെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവര്‍ക്കെല്ലാം കൂടി ഒരു നഴ്‌സ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു എന്നതാണ് അല്‍പ്പമെങ്കിലും ആശ്വാസം. ഡോക്ടറെ കാണാനെത്തിയ രോഗികളില്‍ ചിലര്‍ നേഴ്‌സിനോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പനി പിടിപെട്ട് ഡോക്ടറെ കാണാനെത്തിയ പഞ്ചായത്ത് മെമ്പറും അടഞ്ഞുകിടക്കുന്ന ഒ.പി വാര്‍ഡ് കണ്ട് അമ്പരന്നു.
തുടര്‍ന്ന് ഡോക്ടറെ ഫോണില്‍ ബന്ധപെട്ട് വിഷയം അവതരിപ്പിച്ചതോടെയാണ് മൂന്ന് മണിയോടെ ഒരു ഡ്യൂട്ടി ഡോക്ടര്‍ സ്ഥലത്തെത്തിയത്. ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ പറയുമ്പോഴും ജീവനക്കാരെ നിയമിക്കേണ്ട ചുമതല ആര്‍ക്കാണ് എന്നറിയാതെ നട്ടം തിരിയുകയാണ് പൊതുജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."