സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി
പിണറായി: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക വകുപ്പ് ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പിണറായി പുത്തന്‍കണ്ടത്തില്‍ അങ്കണവാടി പരിശീലന കേന്ദ്രം മന്ദിരോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. കാലതാമസമില്ലാതെ യാഥാര്‍ഥ്യമാകും. ഇത് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനമായിരുന്നു. കുട്ടികളുടെ സംരക്ഷണവും ദത്ത്‌നല്‍കലും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചുമതലയാണ്. സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇപ്പോള്‍ നല്ല നിലയില്‍ പോകുന്നുണ്ട്്.
കുട്ടികളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശിശുക്ഷേമ സമിതിക്ക് തന്നെയായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്. വിശാലമായ ജനാധിപത്യ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ് ശിശുക്ഷേമ സമിതി. നിലവിലുള്ള ദത്തെടുക്കല്‍ നടപടിക്രമം ലഘൂകരിക്കേണ്ടതുണ്ടോയെന്നത് പരിശോധിക്കുന്നത് നല്ലതാണ്. കുട്ടികളെ നല്ലരീതിയില്‍ സംരക്ഷിക്കാന്‍ കഴിവും താല്‍പര്യവുമുള്ളവര്‍ നടപടിക്രമങ്ങളിലെ സങ്കീര്‍ണത കാരണം പിന്മാറുന്ന സ്ഥിതി ഇന്നുണ്ട്. ശിശുക്കളുടെ സുരക്ഷയും ഭാവിയും കര്‍ശനമായി സംരക്ഷിക്കപ്പെടണം. എന്നാല്‍ ദത്തെടുക്കലിലെ നടപടികളുടെ സങ്കീര്‍ണത കുറയ്ക്കണം. നാല് ജില്ലകളില്‍ക്കൂടി കാലതാമസമില്ലാതെ അങ്കണവാടി പരിശീലന കേന്ദ്രം ആരംഭിക്കും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടികള്‍ സ്വീകരിക്കും.
കുട്ടികളുടെ അവകാശവും സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.വി സുമേഷ്, മുന്‍ എം.എല്‍.എമാരായ കെ.കെ നാരായണന്‍, എം. പ്രകാശന്‍, ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി പി.എസ് ഭാരതി, എം.കെ പശുപതി, ജില്ലാ പഞ്ചായത്തംഗം പി. ഗൗരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍, പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി.കെ സീതമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."