ഇസ്ഹാഖ് വധം: നാല് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
തിരൂര്‍: ലീഗ് പ്രവര്ത്തകന് താനൂര്‍ അഞ്ചുടി കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖി(35)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ചീമ്പാളിന്റെ പുരക്കല്‍ ഷഹദാദ് (22), ഏനിന്റെ പുരക്കല്‍ മുഹമ്മദ് സഫീര്‍ (22), ചേക്കാമാടത്ത് മുഹമ്മദ് ഷഹബാസ് (23), പൗറകത്ത് സുഹൈല്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
നവംബര്‍ 24ന് വ്യാഴാഴ്ച രാത്രി പള്ളിയിലേക്ക് വീട്ടില്‍ നിന്നിറങ്ങിയ ഇസ്ഹാഖിനെ വീടിനടുത്ത് തമ്പടിച്ച പ്രതികള്‍ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൃത്യം നടത്തിയ ശേഷം കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ മറ്റൊരു ഒളിത്താവളത്തിലേക്ക് മാറുന്നതിനായി പണം സംഘടിപ്പിക്കാന്‍ എത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്. തിരൂര്‍ ഡിവൈ.എസ്.പി സുരേഷ് ബാബു, താനൂര്‍ സി.ഐ ജെസ്റ്റിന് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ കുപ്പന്റെ പുരക്കല്‍ മുഈസ് (25), കുപ്പന്റെ പുരക്കല്‍ താഹ മോന് (22), വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ് (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ നാലുപേരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നും കേസില്‍ ഇനി പിടിയിലാവാനുള്ള രണ്ടണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലിസ് പറഞ്ഞു. അറസ്റ്റിലായവരെ ഇന്ന് മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."