മന്ത്രി ജലീലിന്റെ മാര്‍ക്ക്ദാനം: പ്രതിപക്ഷം സഭവിട്ടിറങ്ങി
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ മാര്‍ക്ക്ദാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങി. പ്രതിപക്ഷത്തുനിന്ന് വി.ഡി സതീശനാണ് മന്ത്രിയുടെ മാര്‍ക്ക്ദാനം സംബന്ധിച്ച വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ മന്ത്രി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയും തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.
മന്ത്രി ജലീല്‍ കാഴ്ചയില്‍ കുലീനനും പാണ്ഡിത്യത്തില്‍ കൈയുംകാലും വച്ചതുമാണെന്ന് തോന്നുമെങ്കിലും തരംകിട്ടിയാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നയാളാണെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എന്തെങ്കില്‍ പറഞ്ഞാല്‍ ലീഗിന്റെ തലയില്‍ കയറുകയാണ് മന്ത്രി ജലീല്‍ ചെയ്യുന്നത്. ലീഗ് വിരോധം പറഞ്ഞ് രക്ഷപ്പെടുകയാണ്. ജലീല്‍ യു.ഡി.എഫില്‍നിന്ന് പോയത് നന്നായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജലീല്‍ മന്ത്രിയായതുമുതല്‍ സര്‍വകലാശാലകളില്‍ കൈകടത്തുകയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് വി.ഡി സതീശന്‍ പറഞ്ഞു. പരീക്ഷാ നടപടികളില്‍ ഇടപെടാന്‍ മന്ത്രി ശ്രമിച്ചു.
അതിനായി പരീക്ഷാ കണ്‍ട്രോളര്‍മാരുടെ കാലാവധി നാല് വര്‍ഷമാക്കി കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അദാലത്തുകളില്‍ മന്ത്രി ഇടപെട്ടു. സര്‍വകലാശാലകളില്‍ നടന്ന ഫയല്‍ അദാലത്തുകളില്‍ മന്ത്രിയുടെ പേഴ്‌സണള്‍ സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്തു. വി.സി തള്ളിയ കേസിലോ സര്‍വകലാശാല ആക്ടിലോ ന്യായവും അന്യായവും തീരുമാനിക്കാന്‍ മന്ത്രിക്ക് അധികാരമുണ്ടോ എന്ന് വി.ഡി സതീശന്‍ ചോദിച്ചു. ജലീലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്നു പറഞ്ഞ മന്ത്രി ജലീല്‍ ആരോപണം തെളിയിക്കാന്‍ കോടതിയില്‍ പോകാന്‍ പ്രതിപക്ഷത്തോട് നിര്‍ദേശിക്കുകയും തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നു വെല്ലുവിളിക്കുകയും ചെയ്തു.
തന്റെ മുന്നിലെത്തിയ കാര്യങ്ങളില്‍ മനുഷ്യത്വപരമായ നിലപാട് എടുത്തെന്നേയുള്ളൂ. അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന വലിയ മാറ്റങ്ങളെ അട്ടിമറിക്കാനും അധിക്ഷേപിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."