കര്‍മചൈതന്യം പകരുന്ന ഈദുല്‍ഫിത്വര്‍
പരിശുദ്ധ റമദാനിന്റെ പരിസമാപ്തി വിളംബരം ചെയ്തുകൊണ്ട് ഈദുല്‍ഫിത്വ്ര്‍ വന്നണഞ്ഞു. കഠിന പ്രയത്‌നത്തിലൂടെ നേടിയെടുത്ത പരിശുദ്ധിയുമായി ഭാവിജീവിതത്തെ നേരിടാന്‍ തയാറെടുക്കുകയാണ് സത്യവിശ്വാസികള്‍. റമദാനിലെ വ്രതാനുഷ്ഠാനവും മറ്റ് ആരാധനകളും മനുഷ്യന്റെ ആത്മാവിനെ ഉത്തേജിപ്പിക്കുകയായിരുന്നു. ശരീരത്തിന്റെ താല്‍പര്യങ്ങളേയും ദുശിച്ച ആഗ്രഹങ്ങളേയും ഒഴിവാക്കി സംശുദ്ധമായ ജീവിതക്രമീകരണത്തിനുള്ള തയാറെടുപ്പായിരുന്നു വിശ്വാസിക്ക് ഒരു മാസക്കാലം. ആ ചൈതന്യം ജീവിതാന്ത്യം വരെ കാത്തുസൂക്ഷിക്കുക എന്നതാണ് ഇനി വിശ്വാസിയുടെ ചുമതല.
വ്രതാനുഷ്ഠാനത്തില്‍നിന്നുള്ള വിരാമത്തോടെ വന്നണയുന്ന ഈദുല്‍ ഫിത്വ്‌റിനെ ആനന്ദവേളയായി പ്രഖ്യാപിച്ച് നബി(സ) പറഞ്ഞു: ''മുസ്‌ലിമിന് രണ്ട് ആനന്ദ വേളകളുണ്ട്. രണ്ടും അവന് സന്തോഷിക്കാനും ആഹ്ലാദിക്കാനുമുള്ളതാണ്. നോമ്പ് മുറിക്കുമ്പോള്‍ അത് മുറിക്കുന്ന സന്തോഷം അവന്‍ അനുഭവിക്കുന്നു. പരലോകത്ത് തന്റെ നാഥനെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ തന്റെ നോമ്പ് ഹേതുവായും അവന്‍ പുളകം കൊള്ളുന്നു.''
മനസില്‍ അടക്കിവച്ചിരിക്കുന്ന പകയും വിദ്വേഷവും പ്രതികാരവുമെല്ലാം റമദാനിനു ശേഷം വീണ്ടും വീണ്ടും ഉണര്‍ത്തി പൈശാചികമായ അക്രമോത്സുകതയുമായി പഴയ സ്വഭാവങ്ങളിലേക്ക് തിരിച്ചുപോകാനാണ് നമ്മുടെ തീരുമാനമെങ്കില്‍ എന്തു മാറ്റമാണ് നമ്മുടെ ജീവിതത്തില്‍ നോമ്പുണ്ടാക്കിയത്? നാം അടക്കിവച്ച വികാരങ്ങളെയും വിചാരങ്ങളെയും തുറന്നുവിട്ടു ജീവിക്കുക എന്ന ഉദ്ദേശ്യമാണ് നമ്മുടെ ഉള്ളിലെങ്കില്‍ വ്രതവിശുദ്ധിയുടെ ഒരു മാസക്കാലം നമുക്ക് എന്താണ് നേടാനായത്? നാം നേടിയെടുത്ത സഹനവും ക്ഷമയും വിശ്വാസദൃഢതയും സംരക്ഷിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ ഒരുമാസത്തെ പരിശീലനം നമ്മില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കിയത് ? താല്‍ക്കാലികമായ ഒരു ഇടവേളക്കുശേഷം വീണ്ടും നാം തിന്മയിലേക്ക് തന്നെ തിരിഞ്ഞുനടക്കുകയാണെങ്കില്‍ പിന്നെ ഒരു മാസക്കാലം ഉത്തമ ജീവിതം നയിച്ചത് എന്തിനായിരുന്നു? സൂറ: അന്നഹ്‌ലില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പോലെ നിങ്ങള്‍ ആകരുത് (92). കര്‍മഫലം നശിപ്പിക്കുന്നവര്‍ക്കൊക്കെ ഇതൊരു മുന്നറിയിപ്പാണ്. കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ ഉന്നതമൂല്യങ്ങള്‍ നിമിഷനേരം കൊണ്ട് നശിപ്പിക്കുന്നവന്‍ ബുദ്ധിമാനാണോ?
റമദാനില്‍ ആരാധനകളില്‍ സജീവമായിരുന്നു നാം. എന്നാല്‍, റമദാനിനുശേഷം നിസ്‌കാരത്തിന്റെ വിഷയത്തില്‍പോലും പലരും അലംഭാവം കാണിക്കുന്നു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുത്ത ധാര്‍മികമായ കരുത്തും മാനസികമായ സഹനശക്തിയും വരുംമാസങ്ങളില്‍ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ പ്രാപ്തമാക്കുന്നവയാകണം. അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യംവച്ച് നിരവധി കാര്യങ്ങള്‍ക്കായി നാം ചെലവഴിച്ചു. അത് റമദാനിനു ശേഷവും തുടരാന്‍ നമുക്ക് സാധിക്കണം. സുന്നത്ത് നിസ്‌കാരങ്ങള്‍ പതിവാക്കിവന്നത് അവസാനിപ്പിക്കാതെ തുടരാനും സല്‍കര്‍മങ്ങളില്‍ കൂടുതല്‍ വ്യാപൃതരാകാനും നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നാം നേടിയ വിശുദ്ധിയെന്നത് വെറും കാപട്യമായി മാറും.
നോമ്പിലൂടെ പിശാചിന്റെ പ്രലോഭനങ്ങളെ അതിജയിക്കാന്‍ പരിശീലിച്ച വിശ്വാസികള്‍ക്ക് തുടര്‍ന്നുള്ള മാസങ്ങളിലും അത് നിലനിര്‍ത്താന്‍ സാധിക്കേണ്ടതുണ്ട്. മനുഷ്യനെ പിഴപ്പിക്കല്‍ പ്രധാന അജന്‍ഡയായി സ്വീകരിച്ച പിശാചിന്റെ കുതന്ത്രങ്ങളെ അതിജയിക്കലാണ് നമ്മുടെ ജീവിതലക്ഷ്യം തന്നെ. അത് ഓര്‍ത്തു കൊണ്ടാകണം നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളും.
പെരുന്നാള്‍ ദിനം ആഹ്ലാദത്തിന്റേതും സമാധാനത്തിന്റേതുമാണ്. എന്നാല്‍, മഹത്തായ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയാണിതെന്ന കാര്യം വിസ്മരിച്ചുകൊണ്ടാകരുത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഇസ്‌ലാമില്‍ രണ്ട് പെരുന്നാളുകളാണ് ഉള്ളത്. ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും. രണ്ടും മഹത്തായ രണ്ട് ആരാധനാകര്‍മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറിയ പെരുന്നാള്‍ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയില്‍ കൊണ്ടാടുമ്പോള്‍ ഹജ്ജ് കര്‍മത്തിന്റെ അനുഷ്ഠാന പരിസരത്തിലാണ് ബലിപെരുന്നാളിന്റെ ആഘോഷം. ഈ രണ്ട് പെരുന്നാളുകളും രണ്ട് സുപ്രധാന ആരാധനകളുടെ തുടര്‍ച്ചയായി വന്നതില്‍നിന്ന് തന്നെ അവയോട് ബന്ധപ്പെട്ട ആഘോഷം എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്. റമദാന്‍ നോമ്പിലൂടെയും ഹജ്ജിലൂടെയും ആത്മാവിനെ സംശുദ്ധീകരിച്ചവരാണ് പെരുന്നാളുകള്‍ ആഘോഷിക്കുന്നത്. ഹജ്ജിന് സാധ്യമല്ലാത്തവര്‍ ഹജ്ജിന്റെ കര്‍മങ്ങളോടുള്ള ആദരം തന്റെ മനസില്‍ നിലയുറപ്പിച്ച് കൊണ്ടാണ് ഈദിനെ വരവേല്‍ക്കുന്നത്. സമ്പൂര്‍ണ മുസ്‌ലിമായ വിശ്വാസിയില്‍നിന്നു ആഘോഷത്തിന്റെയോ മറ്റോ പേരില്‍ അരുതായ്മകള്‍ ഉണ്ടാകില്ലല്ലോ. ഇസ്‌ലാമിക പരിധിക്കകത്തു നിന്നുകൊണ്ടുള്ള ഒരു ആഘോഷത്തിന് മാത്രമേ വിശ്വാസിക്ക് അധികാരമുള്ളൂ. ആഭാസകരമാക്കി ആഘോഷങ്ങളെ മാറ്റരുത്. ഒരു മാസത്തെ കഠിന പ്രയത്‌നത്തിലൂടെ നേടിയെടുത്ത ചൈതന്യം ഒരു ദിവസം കൊണ്ടു തന്നെ നശിപ്പിക്കുന്ന നിലപാട് അത്യന്തം ഖേദകരം തന്നെ.
ശവ്വാലിലെ ആറ് നോമ്പ്
നോമ്പും റമദാനിനോട് കൂടി അവസാനിക്കുന്നില്ല. സുന്നത്ത് നോമ്പുകള്‍ പതിവാക്കല്‍ അല്ലാഹുവിലേക്ക് അടുക്കാന്‍ ഏറ്റവും ഉത്തമമാണ്. ഫര്‍ള് ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മങ്ങളാണ്. ഫര്‍ളുകളില്‍ ഒരിക്കലും വിട്ടുവീഴ്ച ഇല്ല.
എന്നാല്‍, അതുകൊണ്ട് മാത്രം അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയില്ല. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം: അല്ലാഹു പറയുന്നതായി നബി (സ) പറഞ്ഞു: 'എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു' ഫര്‍ള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്റെ അടിമ എന്നിലേക്ക് അടുത്താല്‍ അവനെ ഞാന്‍ സ്‌നേഹിക്കും, അവനെ ഞാന്‍ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും, അവന്‍ കാണുന്ന കണ്ണ് ഞാനാകും, അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും, അവന്‍ നടക്കുന്ന കാല്‍ ഞാനാകും, അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും' അടുക്കാനുള്ള മാധ്യമം സുന്നത്തുകളാണ്. സുന്നത്ത് നോമ്പുകളും സുന്നത്ത് നിസ്‌കാരങ്ങളും സുന്നത്തായ സ്വദഖകളും നാം വര്‍ധിപ്പിക്കണം.
റമദാനിലെ നിര്‍ബന്ധ നോമ്പിന് ശേഷം ശവ്വാലില്‍ ആറ് നോമ്പനുഷ്ഠിക്കുന്നത് തിരുസുന്നത്തില്‍ പെട്ടതാണ്. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു : ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും തുടര്‍ന്ന് ശവ്വാല്‍ മാസത്തിലെ ആറ് നോമ്പ് അതിന്റെ തുടര്‍ച്ചയായി നോല്‍ക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചത് പോലെയാണ്. ഈ ഹദീസ് ശവ്വാലിലെ നോമ്പിന്റെ മഹത്വം മനസിലാക്കാന്‍ പര്യാപ്തമാണ്.
സുന്നത്ത് നോമ്പുകളില്‍ കൂടുതല്‍ പ്രാധാന്യമുള്ളവയില്‍ പെട്ടതാണ് ശവ്വാലിലെ ആറ് നോമ്പ്. ഇത് ശവ്വാലിന്റെ തുടക്കത്തില്‍ തന്നെ ഇടമുറിയാതെ തുടര്‍ച്ചയായി നോല്‍ക്കണമെന്നില്ല. ഇടവിട്ട ദിവസങ്ങളില്‍ നോറ്റാലും മതി. ശവ്വാല്‍ മാസം അവസാനത്തോടു കൂടി പൂര്‍ത്തീകരിച്ചാലും മതി. എന്നാല്‍, ശ്രേഷ്ഠമായിട്ടുള്ളത് പെരുന്നാള്‍ ദിവസം കഴിഞ്ഞുള്ള ആറ് ദിനങ്ങള്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതാണ്.
മാനവ ഐക്യത്തിന് പ്രാര്‍ഥിക്കുക
പെരുന്നാള്‍ നല്‍കുന്ന സന്ദേശം സഹിഷ്ണുതയുടെയും സമാധാനത്തിന്റെയുമാണ്. മാനവസമൂഹത്തില്‍ മൊത്തം ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ഈ ദിനത്തില്‍ പ്രാര്‍ഥിക്കണം. ലോക രാഷ്ട്രങ്ങളെല്ലാം സ്വാര്‍ഥ താല്‍പര്യങ്ങള്‍ മാറ്റിവച്ച് പരസ്പരം ഐക്യപ്പെടുമ്പോള്‍ മാത്രമേ രാജ്യത്ത് സമാധാനം ഉണ്ടാകൂ. കച്ചവട താല്‍പര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ലോകത്ത് സമാധാനം തകര്‍ക്കുന്നത്. വൈയക്തികവും കുടുംബപരവും സാമൂഹികവും ആയ എല്ലാ ബന്ധങ്ങളും ഊട്ടിയുറപ്പിക്കാന്‍ ഈദുല്‍ ഫിത്വ്ര്‍ നമുക്ക് പ്രചോദനം ആകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."