നടുക്കുന്ന ഇന്ത്യ
നൂറ്റാണ്ടുകളിലൂടെ ഇന്ത്യ ആര്‍ജിച്ച സംസ്‌കൃതിയും സനാതന മൂല്യങ്ങളും ശാശ്വത ചൈതന്യവും അഭിനവ നാസികളായ സംഘ്പരിവാര്‍ അക്രമികളുടെ തേരോട്ടത്താല്‍ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന അപൂര്‍വ സുന്ദര യാഥാര്‍ഥ്യത്തെ പിച്ചിച്ചീന്താനുള്ള പണിപ്പുരകളിലാണവര്‍. വര്‍ഗീയതയുടെ വേതാളനൃത്തമാണ് കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹി-മധുര എക്‌സ്പ്രസ് ട്രെയിനില്‍ അരങ്ങേറിയത്. പെരുന്നാള്‍ ഉടുപ്പുകള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹരിയാനയിലെ ഖാണ്ഡോ ഗ്രാമ സ്വദേശി ഹാഫിള് ജുനൈദ് എന്ന പതിനാറ് വയസ് മാത്രം പ്രായമുള്ള ബാലനെ ഏതാനും കശ്മലന്‍മാര്‍ കത്തിക്കിരയാക്കുകയായിരുന്നു. ഒരു പതിനാറുകാരനെ കൊല്ലാന്‍ മാത്രം മുസ്‌ലിം വിദ്വേഷത്തിന്റെ വിഷം തളം കെട്ടിക്കിടക്കും വിധമുള്ള മാനസികാവസ്ഥയിലെത്തിയിരിക്കുകയാണ് രാജ്യത്തെ നീച ശക്തികള്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം മുസ്‌ലിംകള്‍ക്ക് നേരെയുള്ള പകയും വിദ്വേഷവും വംശീയാധിക്ഷേപവും ആളിക്കത്തിക്കുകയാണ് ഭരണകൂടം. ഒരു ശത്രുവിനെ സൃഷ്ടിക്കുക എന്നതില്‍ അവര്‍ വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളുടെ പരാജയം കൂടിയാവുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍നിന്ന് പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങി ജുനൈദ്, മുഹമ്മദ് മുഹ്‌സിന്‍, മുഹമ്മദ് മുഈന്‍, ഹാശിം എന്നീ പതിനെട്ടും പത്തൊമ്പതും വയസുള്ള സഹോദരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് തിരിച്ചത്. തുഗ്ലക്കാബാദില്‍ നിന്ന് ട്രെയിന്‍ കയറിയപ്പോള്‍ തന്നെ ജുനൈദിന്റെയും സഹോദരങ്ങളുടെയും വേഷവിധാനങ്ങള്‍ കണ്ട് കലിപൂണ്ട സംഘ്പരിവാര്‍ അക്രമികള്‍ സഹോദരങ്ങളെ തെറിവിളിക്കുകയായിരുന്നു. മതപരമായ അധിക്ഷേപവും തുടര്‍ന്നുകൊണ്ടിരുന്നു. ഹിന്ദുത്വ ശക്തികളുടെ പ്രചാരണങ്ങള്‍ കൊണ്ട് എത്രമാത്രം മലീമസമായിരിക്കുന്നു നിരക്ഷരരായ സംഘ്പരിവാര്‍ ഉള്ളം എന്ന് വിളിച്ചുപറയുന്നതായി പ്രസ്തുത സംഭവം. ട്രെയിനില്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആജ്ഞാപിച്ച സംഘ്പരിവാരത്തിന്റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ജുനൈദിനെയും സഹോദരങ്ങളെയും ബീഫ് തീനികളെന്നും ബാഗുകളില്‍ ബീഫുണ്ടെന്നും ആക്രോശിച്ച് സഹയാത്രികരെ കൂടി പ്രകോപിപ്പിക്കുകയായിരുന്നു. ആരോരും സഹായിക്കാനില്ലാതെ കുട്ടികള്‍ ഈ ക്രൂരരുടെ ആക്രമണങ്ങള്‍ക്കു വിധേയരായി. ഒരു മനുഷ്യന്‍ പോലും അതിനെതിരേ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്ത്യയുടെ മനസ് ഭരണകൂടം എത്ര സമര്‍ഥമായിട്ടാണ് മാറ്റിയെടുത്തതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
പരിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയതിന്റെ ആഹ്ലാദം ഉമ്മയുമായി പങ്കുവച്ച് ഉമ്മ നല്‍കിയ സമ്മാനത്തുകയുമായി പെരുന്നാള്‍ ഉടുപ്പുകളും മധുരപലഹാരങ്ങളും വാങ്ങുവാനും ഡല്‍ഹി ജുമാമസിജിദ് കണ്‍കുളിരെ കാണാനും പോയ ജുനൈദിന്റെ മയ്യിത്താണ് നൊന്തുപെറ്റ ആ ഉമ്മയുടെ മുമ്പിലേക്ക് മടങ്ങിവന്നത്. സംഘ്പരിവാര്‍ കാപാലികതയുടെ മറ്റൊരു ഇര കൂടിയാവുകയായിരുന്നു ജുനൈദ് എന്ന മദ്‌റസാ വിദ്യാര്‍ഥി. മുസ്‌ലിം വേഷവും മുസ്‌ലിം ചിഹ്നങ്ങളും ഇന്ത്യന്‍ നാസികളായ സംഘ്പരിവാരത്തെ കലി കയറ്റും വിധം അക്രമോത്സുകരാക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഖ്യ ശില്‍പ്പികളായ ആര്‍.എസ്.എസിന്റെയും അവരുടെ മാനസ പുത്രന്മാരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാക്ഷി മഹാരാജിന്റെയും സാത്വി പ്രാചിയടക്കമുള്ളവരുടെ നിരന്തരമായ മുസ്‌ലിം വിദ്വോഷ പ്രചാരണങ്ങളുടെ ഫലം തന്നെയാണ്. ഒരു കുടുംബത്തിന്റെ ഇളം തലമുറക്കാരനായ ബാലന്‍ വര്‍ഗീയ കൊലയാളികളാല്‍ കൊല്ലപ്പെട്ടിട്ടുപോലും ഹരിയാന സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. ഭരണകൂട ഭീകരത അതിന്റെ മൂര്‍ധന്യതയില്‍ എത്തിനില്‍ക്കുന്നു എന്നല്ലേ ഇതില്‍നിന്നും മനസിലാക്കേണ്ടത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അവസാനത്തെ ഇഫ്താര്‍ പോലും ബഹിഷ്‌കരിക്കാന്‍ ഡല്‍ഹിയിലെ സംഘ്പരിവാര്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ധൈര്യമുണ്ടാകുമ്പോള്‍ എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ഉത്സുകരാകുന്ന ബിജെപി ഭരണകൂടങ്ങള്‍ ജുനൈദിനെ പോലുള്ളവരുടെ വീട്ടിലെത്തുക. ജുനൈദിനെയും സഹോദരങ്ങളെയും രാജ്യദ്രോഹികളെന്നും ബീഫ് തീനികളെന്നും ആര്‍ത്തുവിളിക്കാനും അവരുടെ തലമറച്ചിരുന്ന തൊപ്പികള്‍ തറയിലെറിയാനും താടി പിടിച്ച് വലിക്കാനും ഈ ഭീകരര്‍ക്ക് ചങ്കൂറ്റം വന്നത് രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റുകളാണെന്ന ഹുങ്കില്‍ നിന്നാണ്. ജുനൈദിന്റെ ചോരയൊലിക്കുന്ന മയ്യിത്ത് മടിയില്‍ കിടത്തി ബല്ലഗഡ് റെയില്‍വേ സ്‌റ്റേഷനില്‍ ആരോരും സഹായത്തിനില്ലാതെ കാത്തിരിക്കുകയായിരുന്ന സഹോദരന്‍ ഹാശിമിന്റെ ചിത്രം ഇന്ത്യയില്‍ സുരക്ഷിതത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിംകളുടെ പ്രതീകം കൂടിയാണ്. മക്കളെ അന്വേഷിച്ചുവന്ന പിതാവ് ജലാലുദ്ദീന്റെ മനസില്‍ നിന്നും മരണം വരെ ആ ചിത്രം മാഞ്ഞുപോകില്ല. വെറും പതിനാറ് വയസ് മാത്രം പ്രായമുള്ള മകനെ ഇത്ര നിഷ്ഠുരമായി കൊല ചെയ്യാന്‍ അവന്‍ എന്ത് പാപമാണ് ചെയ്തതെന്ന ആ പിതാവിന്റെ ചോദ്യത്തിന് ഉത്തരം കിട്ടില്ല. അവര്‍ എന്തുകൊണ്ടാണ് ഞങ്ങളെ ഇത്രമാത്രം വെറുക്കുന്നതെന്ന ജലാലുദ്ദീന്റെ ചോദ്യത്തിനും മറുപടിയുണ്ടാവില്ല. ഇതിനു മറുപടി പറയേണ്ട ബാധ്യത രാജ്യത്തെ മതേതര, ജനാധിപത്യ കക്ഷികള്‍ക്കാണ്. ആരോടും പ്രതിബദ്ധതയില്ലാതെ രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളോട് യാതൊരു കടപ്പാടുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന മാമാങ്കം കളിക്കുന്ന കോമാളികളുടെ കൈകളിലാണിപ്പോള്‍ ഇന്ത്യയുടെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാവി. ജനതാ പരിവാര്‍ എന്ന മഹാസഖ്യത്തിലൂടെ ബിജെപിക്ക് ബദലായി ഉയരുകയും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുകയും ചെയ്ത നായകന്‍ നിതീഷ്‌കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി. ആ നിതീഷ്‌കുമാറാണിപ്പോള്‍ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വേണ്ടി മംഗളപത്രം രചിക്കുന്നത്. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അതി ഭീകരമായ ഈ അവസ്ഥയെ അഭിസംബോധന ചെയ്യാന്‍ പോലും രാജ്യത്തെ മതേതര ജനാധിപത്യ ശക്തികള്‍ക്ക് കഴിയുന്നില്ല.
ഏത് അമ്പലത്തിലും വായിക്കുന്ന നാദസ്വര സംഗീതോപകരണത്തിന് രൂപകല്‍പ്പന നടത്തിയത് ചിന്നമൗലാനാ സാഹിബ് ആയിരുന്നു വെന്നും 1901ല്‍ ജര്‍മനിയില്‍ നടന്ന ഇന്ത്യാ ഫെസ്റ്റിവലിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി ഇന്ത്യാ ഗവണ്‍മെന്റ് അയച്ചത് ഈ ചിന്ന മൗലാനാ സാഹിബിനെയായിരുന്നുവെന്നും മുസ്‌ലിം വിദ്വേഷം സിരകളില്‍ കൊണ്ട് നടക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ ഓര്‍ക്കുന്നത് നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."