ലോകകപ്പിനൊരുങ്ങാന്‍, ഇന്ത്യ - ബംഗ്ലാദേശ് ആദ്യ ടി20 ഞായറാഴ്ച
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആസ്‌ത്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യ തുടങ്ങി. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍നിന്ന് പുറത്തായ ഉടനെ ഇനി കണ്ണുകള്‍ ആസ്‌ത്രേലിയയിലാണെന്ന് ഇന്ത്യന്‍ ടീം പറഞ്ഞിരുന്നു. ഇതിന് വേണ്ടി മികച്ച രീതിയിലുള്ള ഒരുക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഞായറാഴ്ച ബംഗ്ലാദേശിനെതിരേയുള്ള ടി20 പരമ്പര ഇതിന്റെ മുന്നൊരുക്കമാണ്.
ലോകകപ്പിന് മുമ്പ് ടി20യില്‍ മത്സരിക്കുന്നതിന് വേണ്ടി സ്ഥിരതയാര്‍ന്നൊരു ഇലവനെ ഉണ്ടാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ബംഗ്ലാദേശിനെതിരേ ഇന്ത്യ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. മധ്യനിരയില്‍ ഇന്ത്യക്ക് കരുത്താകാന്‍ കഴിയുന്ന താരത്തെ കണ്ടെത്തലാണ് പ്രധാന ലക്ഷ്യം. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ മധ്യനിരയില്‍ പിടിച്ചുനിന്ന് കളിക്കുന്നൊരു താരത്തിന്റെ അഭാവം ഇന്ത്യക്ക് നന്നായി ഉണ്ടായിരുന്നു.
ബാറ്റ്‌സ്മാന്‍മാരായ ശിഖര്‍ ധവാന്‍, ഋഷഭ് പന്ത് എന്നിവര്‍ ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ടി20യില്‍ അമ്പേ പരാജയമായിരുന്നു. ഇരുവരും റണ്‍സ് കൂട്ടിച്ചേര്‍ക്കുമെങ്കിലും നിര്‍ണായക ഘട്ടത്തില്‍ പിടിച്ച് നില്‍ക്കാനുള്ള കരുത്ത് രണ്ടുപേര്‍ക്കുമില്ലാത്തതായിരുന്നു ഇന്ത്യയുടെ തലവേദന.
മധ്യനിര ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുലും മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. റണ്‍സ് വാരിക്കൂട്ടുമെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ അനാവശ്യമായി വിക്കറ്റ് തുലക്കുന്ന പ്രശ്‌നമാണ് തലവേദന. ബംഗ്ലാദേശിനെതിരേയുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ശിവം ദുബെ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണില്‍ മലയാളികള്‍ക്കും സെലക്ടര്‍മാക്കും പ്രതീക്ഷയുണ്ട്. മധ്യനിരയിലെ പ്രശ്‌നത്തിന് സഞ്ജിവിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൗളിങ്ങില്‍ രാഹുല്‍ ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരിലും ടീം പ്രതീക്ഷ വയ്ക്കുന്നുണ്ട്. ടി20 ലോകകപ്പിന് മുന്നോടിയായി ഇതിലേതെങ്കിലും ഒരു താരത്തെ ടീമിലെ സ്ഥിരാംഗമാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സെലക്ടര്‍മാര്‍. അതേസമയം ബംഗ്ലാദേശ് ടീം കനത്ത പ്രതിസന്ധിയിലാണ്. നായക സ്ഥാനത്തുണ്ടായിരുന്ന ഷാക്കിബുല്‍ ഹസന് വിലക്ക് വന്നതോടെ ബംഗ്ല കടുവകളുടെ കരുത്ത് മുഴുവന്‍ ചോര്‍ന്നു.
എന്നാലും അവരെ ചെറുതാക്കി എഴുതിത്തള്ളാന്‍ കഴിയില്ല. സൗമ്യ സര്‍ക്കാര്‍, മുസദ്ദിഖ് ഹുസൈന്‍, മുസ്തഫിസുറഹ്മാന്‍ തുടങ്ങി പരിചയ സമ്പന്നരുണ്ടെന്നത് ബംഗ്ലകളുടെ ആത്മധൈര്യം കൂട്ടുന്നുണ്ട്. എന്തായാലും ഇന്ത്യക്ക് അനായാസം ജയിക്കാമെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ. ടി20 മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യ ബംഗ്ലാദേശുമായി രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."