ഏഴിമല നാവിക അക്കാദമി; പുതിയ മാലിന്യസംസ്കരണ പ്ലാന്റ് ഉടന്‍ പൂര്‍ത്തിയാക്കും
പയ്യന്നൂര്‍: രാമന്തളി ജനവാസ കേന്ദ്രത്തിലെ കിണറുകള്‍ മലീമസമാക്കിയ നാവിക അക്കാദമി മാലിന്യ സംസ്കരണ പ്ലാന്റ് പൂര്‍ണമായും നിര്ജീവമാക്കുന്നതിന്റെ ഭാഗമായി പുതുതായി നിര്‍മിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് നേവല്‍ ഡെപ്യൂട്ടി കമാണ്ടന്റ് റിയല്‍ അഡ്മിറല്‍ പുനീത് ഛന്ദ അറിയിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ വൈകുന്നതില്‍ രാമന്തളി മാലിന്യവിരുദ്ധ സമരം നയിച്ച ജനാരോഗ്യ സംരക്ഷണ സമിതി കഴിഞ്ഞദിവസം നേവല്‍ അധികൃതരെ പ്രതിഷേധം അറിയിച്ചിന്നു. ഇതേതുടര്‍ന്ന് അക്കാദമിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്ലാന്റ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി കമാണ്ടന്റ് അറിയിച്ചത്. ജനുവരി ആദ്യവാരത്തോടെ പ്രവൃത്തി ആരംഭിക്കും.
ജനാരോഗ്യ സംരക്ഷണ സമിതിയുമായി നേവല്‍ അധികൃതര്‍ ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകളുടെ ഭാഗമായി പുതിയ പ്ലാന്റിനുള്ള ടെന്‍ഡര്‍ നടപടി ക്ഷണിച്ചിരുന്നു.
എന്നാല്‍ അഴിമതി ആരോപണ വിധേയനായ കൊച്ചിയിലെ എം.ഇ.എസ് ചീഫ് എന്‍ജിനീയര്‍ ഉത്തരവ് നല്കിയ ടെന്‍ഡറുകള്‍ റദ്ദ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റിന്റെ ടെന്‍ഡറും റദ്ദ് ചെയ്യപ്പെട്ടു.
ഇതാണ് കഴിഞ്ഞ ആറുമാസം പ്രവൃത്തികള്‍ നിലച്ചു പോകാന്‍ കാരാണമായത്. പിന്നീട് വീണ്ടും പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയായിരുന്നു. അതിന്റെ നടപടികള്‍ ഡിസംബര്‍ പത്തോടെ പൂര്‍ത്തിയാകും. ശേഷം ജനുവരി ആദ്യത്തോടെ പ്ലാന്റിന്റെ പ്രവൃത്തി തുടങ്ങുമെന്നും നേവല്‍ അധികൃതര്‍ ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."