ദര്‍ബാര്‍ ഹാളിനകത്തും പുറത്തും മഴക്കാഴ്ചകള്‍...
കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാളിനകത്തും പുറത്തുമിപ്പോള്‍ മഴയാണ്. പുറത്ത് കാലവര്‍ഷം പെയ്തിറങ്ങുമ്പോള്‍ അത് വകവയ്ക്കാതെ അകത്ത് ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്ന മഴക്കാഴ്ചകളുടെ ഫോട്ടോപ്രദര്‍ശനം കാണാന്‍ സന്ദര്‍ശക പ്രവാഹമാണ്. കാര്‍ഷിക വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ നേടിയ ലക്ഷ്മി ഉണ്ണിത്താന്റെ 'റിഫ്ളക്ഷന്‍' എന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്. താന്‍ ഒന്‍പത് വര്‍ഷംകൊണ്ട് എടുത്ത ഒരു ലക്ഷത്തോളം ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത എണ്‍പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അന്യംനിന്നുപോകുന്ന കാഴ്ചകള്‍ പുതിയ തലമുറയ്ക്കുവേണ്ടിയൊരുക്കുക എന്നതുകൂടിയാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരുവനന്തപുരം സ്വദേശിനിയായ ഡോ.ലക്ഷ്മി ഉണ്ണിത്താന് പറയുന്നു.
ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരിയായ ലക്ഷ്മി കേരളത്തിലെത്തുന്നത് മിക്കവാറും മഴക്കാലത്താണ്. അത്തരം മഴക്കാലങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഏറെയും. ബ്ലോഗുകളില്‍ താന്‍ എഴുതുന്ന ലേഖനങ്ങള്‍ക്ക് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനായിട്ടാണ് 2009ല്‍ ലക്ഷ്മി ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി തുടങ്ങുന്നത്. എന്നാല്‍ സുഹൃത്തുക്കളുടെ പ്രേരണയെ തുടര്‍ന്ന് ഫേസ് ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും നല്കി. ഇതോടെയാണ് തന്റെ ചിത്രങ്ങള്‍ കൂടുതല്‍ പേര് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫോട്ടോഗ്രാഫറായ ഷാനവാസ് എന്ന സുഹൃത്താണ് തനിക്ക് ചിത്രപ്രദര്‍ശനം ഒരുക്കാന്‍ കൂടുതല്‍ പ്രേരണ നല്‍കിയതെന്ന് ലക്ഷ്മി പറയുന്നു.
ഓരോ ചിത്രങ്ങളും സന്ദര്‍ശകര്‍ക്ക് നിറക്കാഴ്ചയാണ് സമ്മാനിക്കുന്നത്. കേരളത്തിനുപുറമെ രാജസ്ഥാന്, ഹിമാചല്‍പ്രദേശ് തുടങ്ങിയ ഇടങ്ങളിലെ വേറിട്ട കാഴ്ചകളും ഈ എണ്‍പത് ചിത്രങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. പ്രദര്ശനത്തിനുവച്ചിരിക്കുന്ന ചിത്രങ്ങള്‍ വില്‍ക്കാനൊന്നും ലക്ഷ്മി തയാറല്ല. എന്നാല്‍ തന്റെ ചിത്രം സ്വന്തമാക്കണമെന്ന് ഏറെ ആഗ്രഹിക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ നല്‍കാനും ലക്ഷ്മി തയാറാണ്. പ്രദര്‍ശനം 30ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."