സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്- ബിനീഷിനെ പിന്തുണച്ച് ബല്‍റാം
പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജ് യൂനിയന്‍ പരിപാടിക്കിടെ അപമാനിതനായ നടന്‍ ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. കോളജ് യൂനിയന്‍ ഭാരവാഹികളെ നിശിതമായി വിമര്‍ശിക്കുന്നതാണ് ബല്‍റാമിന്റെ പോസ്റ്റ്. സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് തന്നെ ഏറെ നിരാശപ്പെടുത്തിയതെന്ന് പറയുന്ന ബല്‍റാം ഏത് തരം വിദ്യാര്‍ത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നതെന്നും ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ചില നിവര്‍ന്നു നില്‍ക്കലുകളേപ്പോലെത്തന്നെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. തന്റെ സമുദായത്തില്‍ നിന്ന് പത്ത് ബിഎക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യന്‍കാളിയുടെ പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വര്‍ഷം തോറും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 70 എംബിബിഎസ് ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ്. എന്നാല്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതല്‍ജന്മങ്ങള്‍ ഇപ്പോഴും അപരിഷ്‌കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാര്‍ത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."