തെരുവത്ത് കടവിലും പരിസര പ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
നടുവണ്ണൂര്‍: സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടര്‍ക്കഥയായി തെരുവത്ത് കടവും പരിസര പ്രദേശവും. കഴിഞ്ഞ ഒരു ആഴ്ചക്കാലയളവില്‍ തെരുവത്ത് കടവ് പുഴയ്ക്ക് സമീപത്തെ സ്രാമ്പി പള്ളിക്ക് മുന്നില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടി മോഷണം പോയതിനോടൊപ്പം തെരുവത്ത് കടവിലെ ലീഗ് ഓഫീസിലെ ഫാനും ബള്‍ബുകളും മോഷ്ടാക്കള്‍ കൊണ്ട് പോവുകയും ഫര്‍ണിച്ചറുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തതോടെ ജനങ്ങള്‍ ഭീതിയിലാണിപ്പോള്‍. ചിറക്കല്‍ റഹീമിന്റെ അടച്ചിട്ട വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് ചാക്ക് അടക്കയും വീട്ടുപകരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയി. ഇയാളുടെ വീട്ടിലെ അലമാരകള്‍ മുഴുവനും കുത്തിത്തുറന്ന നിലയിലായിരുന്നു.
തെരുവത്ത് കടവില്‍ ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള ഡോ. രജന രവീന്ദ്രന്‍ കുനിയിലും മോഷണം നടന്നു. വീട്ടിലെ കിണറിന്റെ ഗ്രില്ലാണ് മോഷണം പോയത്. ഒറവില്‍ റോഡിലുള്ള കൊല്ലകൂട്ടില്‍ നിന്നും മൂന്ന് കൊടുവാളുകള്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും കാണാനില്ല. കൊല്ല കൂട്ടിന് മുന്‍വശത്തുള്ള സി.പി.എം ഓഫിസിന്റെ ടൈല്‍സ് കുത്തിപ്പൊട്ടിച്ച നിലയില്‍ കാണപ്പെട്ടു. രണ്ട് മാസം മുമ്പ് കക്കൂസ് മാലിന്യം കടയുടെ ഷട്ടറില്‍ എറിഞ്ഞു പിടിപ്പിക്കുകയും പ്രവാസികളുടെ വീട്ടില്‍ മോഷണശ്രമം നടത്തുകയും ചെയ്തിരുന്നു. നാട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. പൊലിസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."