വിവാദ പരാമര്‍ശം: പിള്ളയ്ക്ക് ചെയര്മാന് പദവി നല്‍കില്ല
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക സമുദായ വികസന കോര്പറേഷന് ചെയര്മാന് പദവി നല്‍കേണ്ടതില്ലെന്ന് ഇടതുമുന്നണിയില്‍ ധാരണ. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ പിള്ള ഈയിടെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണിത്. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫ് പക്ഷത്തെത്തിയ പിള്ളയുടെ പാര്‍ട്ടിക്ക് ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം നല്‍കില്ലെന്ന് മുന്നണി നേതൃത്വം നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ഇതനുസരിച്ച് പാര്‍ട്ടിയുടെ ഏക എം.എല്‍.എ കെ.ബി ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം നല്‍കിയതുമില്ല. പകരം പിള്ളയ്ക്ക് മുന്നോക്ക കോര്പറേഷന് അധ്യക്ഷ പദവി നല്കാന് ധാരണയായിരുന്നു. പദവി ഏറ്റെടുക്കാന്‍ പിള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബോര്‍ഡ് കോര്പറേഷന് അധ്യക്ഷരെ തീരുമാനിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടന്ന ഘട്ടത്തില്‍ പിള്ള നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ആ ധാരണ തകിടംമറിക്കുകയായിരുന്നു.
എന്‍.എസ്.എസിന്റെ ഒരു യോഗത്തില്‍ പിള്ള നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. പ്രസംഗത്തിന്റെ ശബ്ദരേഖ ദൃശ്യമാധ്യങ്ങള്‍ വഴിയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പുറത്തുവന്നിരുന്നു. പിള്ള ഇത് നിഷേധിക്കുകയും ഖേദം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്തെങ്കിലും പൊതുസമൂഹത്തില്‍ അതു സൃഷ്ടിച്ച പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."