മത്സ്യബന്ധനത്തിനുപോയവര്‍ ഏറെ പേരും തിരിച്ചെത്തി, കാണാതായവര്‍ക്കായി കാത്തിരിപ്പ് തുടരുന്നു
കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിനുപോയി കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ഒരു ബോട്ട് കരക്കെത്തിച്ചു. സി.കെ സുല്‍ത്താന എന്ന ബോട്ടാണ് കാസര്‍കോട്ടെ നീലേശ്വരത്തു നിന്നു കണ്ടെത്തി കരക്കെത്തിച്ചത്. ശക്തമായ തിരമാലയും കാറ്റും ആഞ്ഞടിക്കുന്നതിനാല്‍ അഴിത്തലയിലേക്ക് ബോട്ടുകള്‍ക്ക് കടക്കുവാന്‍ സാധിച്ചിരുന്നില്ല. സി.കെ സുല്‍ത്താന ബോട്ടില്‍ ഏഴ്പേരും രക്ഷകനില്‍ ഒന്‍പത് പേരുമാണുണ്ടായിരുന്നത്. ചേറ്റുവയില്‍ നിന്നുപോയ തമ്പുരാന്‍ എന്ന ബോട്ടും തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാളെ കാണാതായിട്ടുണ്ട്. സാമുവേല്‍ എന്ന വള്ളം തകര്‍ന്ന് ആന്റണി എന്ന മത്സ്യത്തൊഴിലാളിയെയാണ് കാണാതായത്.
മത്സ്യബന്ധനത്തിനു പോയ ആറുപേരെ കാണാതായതില്‍ അഞ്ചുപേരെയും കണ്ടെത്തിയിട്ടുണ്ട്. ആയിക്കര ഹാര്‍ബറില്‍ നിന്നുപോയ ആറുപേരില്‍ അഞ്ചുപേരാണ് തിരിച്ചെത്തിയത്. വടകരയില്‍ നിന്നു കാണാതായ ആറു ബോട്ടുകളില്‍ അഞ്ചെണ്ണവും ഇന്നലെ തിരിച്ചെത്തിയിരുന്നു.
കേരള തീരത്തു മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മി വേഗതയിലും ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും പ്രസ്തുത സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."