വൈദികന്റെ മരണം: മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ചേക്കും
കുട്ടനാട് (ആലപ്പുഴ): സ്‌കോട്ട്‌ലന്‍ഡില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് സൂചന. സ്‌കോട്ട്‌ലന്‍ഡ് പൊലിസ് വിവരങ്ങള്‍ പുറത്തുവിടാത്തത് ബന്ധുക്കളിലും നാട്ടുകാരിലും ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മൃതദേഹം നാട്ടിലെത്തിച്ചേക്കും.
കൊടിക്കുന്നില്‍ സുരേഷ് എം.പിയും വൈദികന്റെ മൃതദേഹം നാട്ടിലെത്തുക്കുന്നതിനായി ഇടപെടുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ താമസസ്ഥലത്തുനിന്ന് കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഉപരിപഠനത്തിനായി സ്‌കോട്ട്‌ലന്‍ഡിലെത്തിയ അദ്ദേഹം എഡിന്‍ബറോ രൂപതയിലെ ക്രിസ്‌റ്റോഫിന്‍ ഇടവകയുടെ ചുമതലകൂടി വഹിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ചവരെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്ന വൈദികനെപ്പറ്റി ബുധനാഴ്ച മുതലാണ് വിവരം ഇല്ലാതായത്. അടുത്തമാസം നാട്ടില്‍ വരാനിരിക്കെയാണ് സംഭവം.
പുരോഹിതന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍നിന്ന് രണ്ടു വൈദികര്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."