ഇനി ശീതകാല പച്ചക്കറി കൃഷിയിലേക്ക് നീങ്ങാം...
തളിപ്പറമ്പ്: ശീതകാല പച്ചക്കറി കൃഷിയില്‍ പുതിയ പരീക്ഷണവുമായി തളിപ്പറമ്പ് ബ്ലോക്ക് കാര്‍ഷിക സേവനകേന്ദ്രം. കേന്ദ്രത്തിന്റെ ബക്കളത്തെ നഴ്‌സറിയില്‍ ഒരുലക്ഷത്തോളം പച്ചക്കറിത്തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി കര്‍ഷകര്‍ക്ക് കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവയുടെ വിത്തുതൈകള്‍ ലഭ്യമാക്കി വിഷരഹിത ശീതകാല പച്ചക്കറി കൃഷി ശീലിപ്പിച്ച തളിപ്പറമ്പ് ബ്ലോക്ക് കാര്‍ഷിക സേവനകേന്ദ്രം ഇത്തവണ പുതിയ പരീക്ഷണവുമായാണ് കര്‍ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഈവര്‍ഷം ഉള്ളിയും കാരറ്റുമാണ് വിപണനത്തിനു തയാറാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത കൃഷി വിജയകരമായതിനെ തുടര്‍ന്നാണ് ഈ വര്‍ഷം മുതല്‍ ഇവ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു തുടങ്ങുന്നത്. രണ്ടു ലക്ഷം തൈകള്‍ ഉല്‍പാദിപ്പിക്കാനാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടത്. ഇതില്‍ കൃഷിഭവന്‍ മുഖേനയും നേരിട്ടുമായി ഒരു ലക്ഷത്തോളം തൈകള്‍ വിതരണം ചെയ്തു. ഒരുലക്ഷം തൈകള്‍കൂടി ഒരാഴ്ചക്കുളളില്‍ വിതരണത്തിനു തയാറാക്കും.
ഒരു തൈക്ക് മൂന്നു രൂപ എന്ന നിരക്കിലാണ് വിതരണം ചെയ്യുന്നതെന്ന് കാര്‍ഷിക സേവനകേന്ദ്രം ഫെസിലിറ്റേറ്റര്‍ എം. ബാലകൃഷ്ണന്‍ പറഞ്ഞു. സ്വന്തമായി കൃഷി സ്ഥലമില്ലാത്തവര്‍ക്ക് ശീതകാല പച്ചക്കറികള്‍ കൃഷിചെയ്യുന്നതിന് ഒന്നിന് 80 രൂപ നിരക്കില്‍ ഗ്രോബാഗുകളും കാര്‍ഷിക സേവനകേന്ദ്രം തയാറാക്കി വിതരണം ചെയ്യുന്നുണ്ട്. മൂന്നു സീസണില്‍ ഇവ ഉപയോഗപ്പെടുത്താനാകും. ചെലവു കുറഞ്ഞ രീതിയില്‍ വിഷരഹിത പച്ചക്കറി ഉല്‍പാദനം നടത്തുന്നതിനെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിവകുപ്പ പദ്ധതി തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."